പൂനെ: തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റപ്പോൾ രാജ്യത്തെ നയിക്കാനുള്ള ജനവിധി അദ്ദേഹത്തിനുണ്ടോയെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം കുറവായതിനാൽ കേന്ദ്രത്തിൽ പുതിയ സഖ്യ സർക്കാർ രൂപീകരിക്കാൻ സഖ്യകക്ഷികളുടെ പിന്തുണ സ്വീകരിക്കേണ്ടി വന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു. എൻസിപിയുടെ 25-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് മഹാരാഷ്‌ട്രയിലെ അഹമ്മദ്‌നഗറിൽ സംഘടിപ്പിച്ച പാർട്ടി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാർട്ടി എംപിമാരെ മുതിർന്ന പവാര്‍ ആദരിച്ചു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് അദ്ദേഹത്തിന് രാജ്യത്തിൻ്റെ ജനവിധി ഉണ്ടായിരുന്നോ എന്നും രാജ്യത്തെ ജനങ്ങൾ അദ്ദേഹത്തിന് സമ്മതം നൽകിയിരുന്നോ എന്നും പവാര്‍ ചോദിച്ചു. ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷമില്ല. ബിജെപിക്ക് ടിഡിപിയുടെയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെയും സഹായം തേടേണ്ടിവന്നുവെന്നും അതുകൊണ്ട് മാത്രമാണ് മോദിക്ക് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞതെന്നും പവാർ പറഞ്ഞു.
'തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദി സർക്കാരിനെ 'ഇന്ത്യൻ സർക്കാർ' എന്ന് വിശേഷിപ്പിച്ചിരുന്നില്ല. പകരം 'മോദി സർക്കാർ, മോദിയുടെ ഗ്യാരണ്ടി' എന്നാണ് വിളിച്ചത്. ഇനി ആ 'മോദി ഗ്യാരണ്ടി' ഇല്ല. കാരണം പുതിയ എൻഡിഎ സർക്കാർ മുമ്പത്തേതിൽ നിന്നും വ്യത്യസ്‌തമാണ്. ഇന്ന് ഇത് മോദി സർക്കാരല്ല. ഇപ്പോൾ മോദിക്ക് എൻഡിഎ സർക്കാരെന്ന് പറയേണ്ടിവരുന്നു'.
പ്രധാനമന്ത്രി പദവി രാജ്യത്തിൻ്റേതാണ്, ഒരു പ്രത്യേക പാർട്ടിയുടെതല്ല. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ജാതികളെയും മതങ്ങളെയും കുറിച്ച് പ്രധാനമന്ത്രി പദവിയിലുള്ളവർ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മോദി ഇത് ചെയ്യാൻ മറന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് സർക്കാരിൽ വിശ്വാസമില്ലാതാക്കിയത് മോദിയാണ്.
തെരഞ്ഞെടുപ്പിൽ രാമക്ഷേത്ര നിർമ്മാണത്തിന് പ്രസക്തിയുണ്ടായില്ലെന്നും അയോധ്യയിൽ തന്നെ ബിജെപി സ്ഥാനാർഥി പരാജയപ്പെട്ടുവെന്നും പവാർ കൂട്ടിച്ചേര്‍ത്തു. മോദി ചെയ്‌ത തെറ്റ് അയോധ്യയിലെ ജനങ്ങൾ ശ്രദ്ധിക്കുകയും, അത് ബിജെപി സ്ഥാനാർഥിയുടെ പരാജയത്തിലേക്ക് നയിക്കുകയുമാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ സുജയ് വിഖെ പാട്ടീലിനെ തോൽപ്പിച്ച പുതുതായി തെരഞ്ഞെടുക്കപ്പെട്ട അഹമ്മദ്‌നഗർ എം പി നിലേഷ് ലങ്കെയെയും പവാർ പ്രശംസിച്ചു.
ജനപിന്തുണയോടെ എൻസിപി പ്രവർത്തിക്കുമെന്നും മഹാരാഷ്‌ട്രയിൽ മാത്രമല്ല, അടുത്ത മൂന്ന് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയിലും ജാർഖണ്ഡിലും സർക്കാരുകൾ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘടനയെ ശക്തിപ്പെടുത്താനും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും അദ്ദേഹം പാർട്ടി ഭാരവാഹികളോട് ആവശ്യപ്പെട്ടു.