ഷാദ്‌നഗർ (തെലങ്കാന) : രംഗറെഡ്ഡി ജില്ലയിലെ ഷാദ്‌നഗറിൽ സൗത്ത് ഗ്ലാസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ കംപ്രസർ പൊട്ടിത്തെറിച്ച് അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഉത്തർപ്രദേശ് സ്വദേശികളായ നികിത് (22), രാം സേതു (24), ബിഹാർ സ്വദേശികളായ ചിത്തരഞ്ജൻ (25), രാംപ്രകാശ് (45), ഒഡിഷ സ്വദേശി രാധികാന്ത് (25) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ വിദഗ്‌ധ ചികിത്സയ്ക്കായി ഒസ്‌മാനിയ, ഗാന്ധി ആശുപത്രികളിലേക്ക് മാറ്റി.
സ്ഥലത്തെത്തിയ ലോക്കൽ പൊലീസും ഫയർഫോഴ്‌സും ചേര്‍ന്ന് തീയണച്ചു. ഷംഷാബാദ് ഡിസിപി രാജേഷ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കംപ്രസർ പൊട്ടിത്തെറിച്ചതാണ് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെങ്കിലും സംഭവത്തിലേക്ക് നയിച്ച സാഹചര്യം കണ്ടെത്താനായിട്ടില്ല. ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
കമ്പനിയില്‍ മതിയായ മുൻകരുതലുകള്‍ ഉണ്ടായിരുന്നോ എന്നതിലും പരിശോധന നടക്കുന്നുണ്ട്. അതേസമയം, മരിച്ചവരുടെ ബന്ധുക്കൾക്ക് 25 ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നൽകണമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കലക്‌ടർക്ക് നിർദേശം നൽകിയിരുന്നു.
റവന്യൂ, പൊലീസ്, ഫയർഫോഴ്‌സ്, തൊഴിൽ, വ്യവസായ, മെഡിക്കൽ ടീമുകൾ തുടങ്ങിയവർ സംഭവ സ്ഥലത്ത് തുടരാനും രക്ഷാപ്രവർത്തനം ഊർജിതമാക്കാനും അദ്ദേഹം നിർദേശിച്ചു. ബിആർഎസ് പ്രസിഡന്‍റ് കെസിആർ, മുതിർന്ന നേതാക്കളായ കെടിആർ, ഹരീഷ് റാവു എന്നിവർ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. വ്യവസായ മേഖലകളിൽ സംസ്ഥാന സർക്കാർ സുരക്ഷ ഓഡിറ്റ് നടത്തണമെന്നും ഇത്തരം അപകടങ്ങൾ തടയാൻ ദുരന്തനിവാരണ പദ്ധതികൾ അവലോകനം ചെയ്യണമെന്നും കെടിആർ ട്വീറ്റ് ചെയ്‌തു.
Also Read : നാഗ്‌പൂരിലെ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി; അഞ്ച് മരണം - 5 worker killed in blast