ന്യൂഡൽഹി : പാകിസ്ഥാനില്‍ നിന്നും ആണ്‍സുഹൃത്തിനൊപ്പം കഴിയാന്‍ ഇന്ത്യയിലെത്തിയ സീമ ഹൈദര്‍ വീണ്ടും വാര്‍ത്തയാകുന്നു. സീമയ്‌ക്കെതിരെ അവരുടെ മുൻ ഭർത്താവ് പരാതി നൽകിയിരിക്കുകയാണിപ്പോള്‍. അവരുടെ മുന്‍ ഭർത്താവ് ഗുലാം ഹൈദർ വ്യാഴാഴ്‌ച (28-03-2024) സൂരജ്‌പൂർ കോടതിയിലാണ് ഹർജി നൽകിയത്.
വ്യാജരേഖ ചമച്ചാണ് സീമയും സച്ചിനും വിവാഹിതരായതെന്നാണ് ഗുലാം ഹൈദറിന്‍റെ ആരോപണം. വ്യാജരേഖ ചമച്ച് ജാമ്യം നേടിയെന്നാണ് സീമയ്‌ക്കെതിരെയുള്ള പരാതി. ഇതിന് പിന്നാലെ ജവാർ പൊലീസിന് കോടതി നോട്ടിസ് അയച്ചു. ഏപ്രിൽ 18 ന് ജവാർ പൊലീസ് മറുപടി നൽകണമെന്നാണ് നോട്ടിസിലുള്ളത്.
പാകിസ്ഥാൻകാരിയായ സീമ ഹൈദറും തന്‍റെ മൂന്ന് കുട്ടികളും പാകിസ്ഥാനിൽ നിന്ന് നേപ്പാളിലേക്ക് കടക്കുകയും അവിടെ നിന്ന് നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടന്നാണ് ഗ്രേറ്റർ നോയിഡയിലെ റബുപുരയിലെത്തിയതെന്നും ഗുലാം ഹൈദർ പറഞ്ഞു. സംഭവം പുറത്തറിഞ്ഞയുടൻ പൊലീസ് നടപടിയെടുക്കുകയും സീമ ഹൈദർ, സച്ചിൻ മീണ, സച്ചിന്‍റെ പിതാവ് നേത്രപാൽ എന്നിവരെ അറസ്‌റ്റ് ചെയ്യുകയും ജയിലിലേക്ക് അയക്കുകയും ചെയ്‌തു.
അറസ്‌റ്റ് നടന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം മൂവർക്കും ജാമ്യം ലഭിച്ചു. ഇപ്പോൾ അവർ റബുപുരയിലാണ് താമസിക്കുന്നത്. നേപ്പാളിലെ പശുപതി ക്ഷേത്രത്തിൽ വച്ചാണ് താൻ സച്ചിനെ വിവാഹം കഴിച്ചതെന്ന് സീമ ഹൈദർ അവകാശപ്പെടുന്നു. എന്നാൽ വിവാഹ രേഖകൾ വ്യാജമാണെന്ന് കാണിച്ചാണ് സീമയുടെ മുൻ ഭർത്താവ് ഗുലാം ഹൈദർ ഇപ്പോൾ വക്കീൽ വഴി നോട്ടിസ് അയച്ചത്.
സീമ ഹൈദറിന്‍റെ മുൻ ഭർത്താവ് ഗുലാം ഹൈദർ പാനിപ്പത്ത് സ്വദേശിയായ അഭിഭാഷകൻ മോമിൻ മാലിക് മുഖേനയാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. സീനിയർ ജഡ്‌ജി ഡ്യൂട്ടി മജിസ്‌ട്രേറ്റ് പ്രദീപ് കുശ്‌വാഹയാണ് ഹർജി പരിഗണിച്ചത്. നേരത്തെ അഭിഭാഷകനായ മോമിൻ ജെവാർ പൊലീസിന് രേഖാമൂലം പരാതി നൽകിയിരുന്നു.
സീമ ഹൈദറിന്‍റെ എല്ലാ രേഖകളിലും ഗുലാം ഹൈദറിന്‍റെ പേര് ഭർത്താവായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അഭിഭാഷകൻ മൊമിൻ മാലിക് കോടതിയിൽ വാദിച്ചു. സീമ ഹൈദർ കോടതിയിൽ നിന്ന് ജാമ്യം നേടിയപ്പോഴും ഭർത്താവ് ഗുലാം ഹൈദറിന്‍റെ പേര് രേഖകളിൽ പരാമർശിച്ചിരുന്നു. വാദം കേട്ട ശേഷം കോടതി ജവാർ പൊലീസിനോട് മറുപടി തേടിയിട്ടുണ്ട്.
സീമ ഹൈദറിനും സച്ചിനുമെതിരെ ഗുലാം ഹൈദർ മാനനഷ്‌ടത്തിനും നോട്ടിസ് അയച്ചു. അതിൽ ഇരുവർക്കുമെതിരെ 3 കോടി രൂപയുടെ മാനനഷ്‌ട ക്ലെയിം ഉന്നയിച്ചിട്ടുണ്ട്. ഇതിന് പുറമെ സീമ ഹൈദറിന്‍റെ അഭിഭാഷകൻ എ പി സിങ്ങിനെതിരെ അഞ്ച് കോടി രൂപയുടെ മാനനഷ്‌ടക്കേസും നൽകിയിട്ടുണ്ട്.