കറാച്ചി/നോയിഡ : പ്രായപൂർത്തിയാകാത്ത തന്‍റെ മക്കളെ തിരിച്ചെത്തിക്കാൻ അഭിഭാഷകനെ നിയമിച്ച് കാമുകനോടൊപ്പം കഴിയാൻ പാകിസ്ഥാനിൽ നിന്നും അനധികൃതമായി ഇന്ത്യയിലെത്തിയ യുവതിയുടെ മുൻ ഭർത്താവ്. കറാച്ചിൽ ഒരു വലത് ആക്‌ടിവിസ്റ്റ് ആണ് ഇക്കാര്യം അറിയിച്ചത്. 2023 ലാണ് പാകിസ്ഥാൻ വംശജയായ സീമ ഹൈദർ തന്‍റെ നാല് കുട്ടികളോടൊപ്പം ഇന്ത്യയിൽ എത്തിയത്.
സിന്ധ് പ്രവിശ്യയിലെ ജേക്കബ്ബാദ് സ്വദേശിയായ സീമ ഹൈദർ കറാച്ചിയിൽ നിന്ന് നേപ്പാൾ വഴി കഴിഞ്ഞ വർഷം മേയിലാണ് ഇന്ത്യയിൽ എത്തിയത്. ജൂലൈയിൽ ഉത്തർപ്രദേശ് നോയിഡ സീദേശിയായ സച്ചിൻ മീണയോടൊപ്പം താമസിക്കുകയായിരുന്ന യുവതിയെ കുറിച്ചുള്ള വിവരങ്ങൾ അധികൃതർക്ക് ലഭിച്ചിരുന്നു. തുടർന്നാണ് രാജ്യന്തര വാർത്തകളിൽ സീമ ഹൈദർ ഇടംപിടിച്ചത്. നിലവിലെ ഭർത്താവായ മീണയും താനും ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുകയാണെന്ന് സീമ പറഞ്ഞു.
അതേസമയം പാകിസ്ഥാൻ പൗരനായ യുവതിയുടെ ആദ്യ ഭർത്താവ് ഗുലാം ഹൈദർ തന്‍റെ കുട്ടികളുടെ സംരക്ഷണത്തിനും തിരികെയെത്തിക്കുന്നതിനുമായി തന്നെ സമീപിച്ചിരുന്നതായി പാകിസ്ഥാൻ അഭിഭാഷകനായ അൻസാർ ബർണി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ഇന്ത്യൻ അഭിഭാഷകനായ അലി മോമിനെ നിയമിക്കുകയും ഇന്ത്യൻ കോടതിയിൽ നിയമ നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനിലേക്ക് മടങ്ങാൻ തയ്യാറല്ലെന്നും താനും മക്കളും ഹിന്ദു മതം സ്വീകരിച്ചുവെന്നും സീമ ഹൈദർ പറഞ്ഞു. ബിബിസിയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ അന്താരാഷ്ട്ര നിയമ പ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടികളെ മതപരിവർത്തനം നടത്തുന്നത് കുറ്റകരമാണെന്ന് അഭിഭാഷകൻ പറഞ്ഞു. അതിനാൽ തന്നെ യുവതിയ്‌ക്കെതിരെ ശക്തമായ കേസ് നിലനിൽക്കും. യുവതി എവിടെ സ്ഥിരതാമസമാക്കിയാലും അവരുടെ കുട്ടികൾ പാക്കിസ്ഥാൻ പൗരന്മാരാണ്. കൂടാതെ പ്രായപൂർത്തിയാകാത്തതിനാൽ തന്നെ പിതാവിന് അവരുടെ മേൽ എല്ലാ വിധ അവകാശങ്ങളും ഉണ്ടെന്നും ബർണി വ്യക്തമാക്കി.
സംഭവത്തിൽ സീമ ഹൈദറിന്‍റെയും സച്ചിൻ മീണയുടെയും അഭിഭാഷകനായ എ പി സിങ് പ്രതികരിച്ചു. നിലവിലെ പ്രശ്‌നത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും ഔദ്യോഗികമായി വിവരം ലഭിക്കുമ്പോൾ ഇതുസംബന്ധിച്ച് പ്രതികരണം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഉത്തർപ്രദേശ് പൊലീസ് തീവ്രവാദ വിരുദ്ധ സ്ക്വാഡിൻ്റെ അന്വേഷണം നേരിടുകയാണ് സീമ ഹൈദറും സച്ചിൻ മീണയും. കഴിഞ്ഞ വർഷം മേയിൽ റബുപുര പ്രദേശത്ത് ഏഴ് വയസിൽ താഴെയുള്ള തന്‍റെ നാല് മക്കളുമൊന്നിച്ച് രഹസ്യമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു സീമ. ജൂലൈ 4 നാണ് സീമയേയും മീണയേയും പൊലീസ് അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ ഇരുവർക്കും ജൂലൈ 7 ന് പ്രാദേശിക കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.