ന്യൂഡൽഹി : മുഹറം ഘോഷയാത്രകൾക്ക് മുന്നോടിയായി ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്. ദേശീയ തലസ്ഥാനത്തുടനീളമുള്ള ഘോഷയാത്രകളുടെ സുരക്ഷയും സുഗമമായ നടത്തിപ്പും ഉറപ്പാക്കുന്നതിന് വിപുലമായ ക്രമീകരണങ്ങൾ നിലവിലുണ്ടെന്ന് അധികൃതർ അറിയിച്ചു.
ജുമാ മസ്‌ജിദ് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചതായി പുറത്തുവരുന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജുമാ മസ്‌ജിദ്, ചൗരി ബസാർ, ഓഖ്‌ല, കമ്ര ബംഗാഷ്, മെഹ്‌റൗലി, ഓൾഡ് പൊലീസ് ചൗക്കി, നിസാമുദ്ദീൻ എന്നീ പ്രദേശങ്ങളിലാണ് മുഹറം ഘോഷയാത്രകൾ പ്രധാനമായും നടക്കുന്നത്. ബുധനാഴ്‌ച (ജൂലൈ 17) ഉച്ച മുതൽ രാത്രി വരെ ചില റൂട്ടുകളിൽ സിറ്റി ബസുകളുടെ ഗതാഗതം നിയന്ത്രിക്കുമെന്ന് അധികൃതർ പറഞ്ഞു.
അതുപോലെ, ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ, മുഹറം ആഘോഷങ്ങൾക്കായി അധികൃതർ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 'സുരക്ഷ നടപടികളുടെ ഭാഗമായി പ്രദേശിക ആംഡ് കോൺസ്‌റ്റാബുലറി (പിഎസി), റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ആർഎഎഫ്) എന്നിവയുടെ പന്ത്രണ്ട് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഡ്രോണുകൾ വഴിയും ഞങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്, കിംവദന്തികൾ പരക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങളുടെ മീഡിയ സെൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പുലർത്തുന്നു,' -ലഖ്‌നൗ ജോയിന്‍റ് സിപി (ലോ ആന്‍റ് ഓഡർ) കിരിത് റാത്തോഡ് മാധ്യമങ്ങളോട് പറഞ്ഞു.
ചൊവ്വാഴ്‌ച (ജൂലൈ 16), ഇമാം ഹുസൈന്‍റെ രക്തസാക്ഷിത്വത്തെ അടയാളപ്പെടുത്തുന്ന ആശൂറയുടെ തലേദിവസം മുഹറത്തോടനുബന്ധിച്ച് ശ്രീനഗറിലെ ലോകപ്രശസ്‌തമായ ദാൽ തടാകത്തിൽ അപൂർവ പരമ്പരാഗത മുഹറം ഘോഷയാത്ര നടന്നു. അതുപോലെ, മഹാരാഷ്‌ട്രയിൽ, മുംബൈയിലെ ഡോംഗ്രി പ്രദേശത്ത് നടന്ന മുഹറം താസിയ ഘോഷയാത്രയിലും നിരവധി ആളുകൾ പങ്കെടുത്തിരുന്നു.
ഈ വർഷം ആദ്യം, മുഹറം ഘോഷയാത്രകൾക്ക് മതിയായ സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് ഓൾ ഇന്ത്യ ഷിയ പേഴ്‌സണൽ ലോ ബോർഡ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചിരുന്നു. അനിയന്ത്രിത ഘടകങ്ങൾക്ക് ക്രമസമാധാനം തകർക്കാൻ കഴിയാത്തവിധം സംസ്ഥാന സർക്കാരുകൾ നിശ്ചയിച്ച റൂട്ടുകളിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ബോർഡ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
Also Read: ജമ്മു കശ്‌മീരിലെ മുഹറം ഘോഷയാത്രയില്‍ പലസ്‌തീന്‍ പതാക; അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ മുദ്രാവാക്യം