ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പുൽവാമയിൽ സുരക്ഷ സേന ആറ് കിലോയോളം വരുന്ന സ്‌ഫോടകവസ്‌തുക്കളും പ്ലാസ്‌റ്റിക് കണ്ടെയ്‌നറിൽ പൊതിഞ്ഞ ഐഇഡികളും കണ്ടെടുത്തു. കൊല്ലപ്പെട്ട ലഷ്‌കർ ഇ ടി കമാൻഡർമാരായ റിയാസ് ദാറിന്‍റെയും കൂട്ടാളി റയീസ് ദാറിന്‍റെയും ഓവർ ഗ്രൗണ്ട് വർക്കേഴ്‌സിൽ നിന്നാണ് (OGW) ഇവ കണ്ടെടുത്തത്. പുൽവാമ പൊലീസും സൈന്യവും സിആർപിഎഫും സംയുക്തമായി നടത്തിയ തെരച്ചിലിന് ശേഷമാണ് സ്‌ഫോടകവസ്‌തുക്കളും ഐഇഡിയും പിടിച്ചെടുത്തതെന്ന് പൊലീസ് പത്രക്കുറിപ്പിൽ അറിയിച്ചു.
തെരച്ചിലിനിടെ, സെതർ ഗുണ്ട് നിവാസിയായ റിയാസ് അഹമ്മദ് ദാർ, നിഹാമ ഗ്രാമത്തിലെ ലാർവ് നിവാസിയായ റയീസ് അഹമ്മദ് ദാർ എന്നീ രണ്ട് ഭീകരർ സുരക്ഷ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് സേന ഓപ്പറേഷൻ ആരംഭിച്ചത്. ജൂൺ 2 രാത്രിയിൽ നടന്ന പ്രസ്‌തുത ഓപ്പറേഷനിലാണ്, എ വിഭാഗത്തിൽപ്പെട്ട ലഷ്‌കർ ഇ ടി കമാൻഡർ റിയാസ് ദാർ, റയീസ് ദാർ എന്നിവരെ സുരക്ഷ സേന ആക്രമിച്ചത്.
നിഹാമയിലെ താമസക്കാരായ ബിലാൽ അഹമ്മദ് ലോൺ, സജ്ജാദ് ഗാനി, ഷാക്കിർ ബഷീർ എന്നീ ഒജിഡബ്ല്യുമാരാണ് തീവ്രവാദികൾക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്‌ത് നല്‍കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മൂന്ന് പേരെയും അറസ്‌റ്റ് ചെയ്‌തു.
കൊല്ലപ്പെട്ട രണ്ട് ഭീകരർ ഐഇഡികൾ തയ്യാറാക്കിയിരുന്നതായും ഷാക്കിർ ബഷീറിൻ്റെ കൈവശം തോട്ടങ്ങളിൽ അവ ഒളിപ്പിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. സ്ഫോടക വസ്‌തുക്കൾക്കൊപ്പം പ്ലാസ്‌റ്റിക് കണ്ടെയ്‌നറിൽ പായ്ക്ക് ചെയ്‌ത ഐഇഡികളും ആറ് കിലോയോളം ഭാരമുള്ള ആക്‌ടീവ് സർക്യൂട്ട് ട്രിഗർ മെക്കാനിസവും പിന്നീട് പുൽവാമ പൊലീസും സൈന്യവും ചേർന്ന് നശിപ്പിച്ചതായി പത്രക്കുറിപ്പിൽ പറയുന്നു.
അന്വേഷണത്തിൽ, എകെ 47 തോക്കുകൾ, പിസ്‌റ്റളുകൾ മുതലായവ ഉൾപ്പെടെ വൻതോതിൽ ആയുധങ്ങളും കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട്, ഐപിസി സെക്ഷൻ 307, 7/27 ആയുധ നിയമം, 16, 18, 19, 20, 38 യുഎപിഎ എന്നിവ പ്രകാരം പൊലീസ് സ്‌റ്റേഷൻ കാകപോറയിൽ കേസെടുത്തതായി പുൽവാമ പൊലീസ് പത്രക്കുറിപ്പിൽ അറിയിച്ചു.