ശ്രീനഗർ: നിയമസഭ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിന് സജ്ജമായി ജമ്മു കശ്‌മീര്‍. ശ്രീനഗറിലെ പോളിങ് ഉദ്യോഗസ്ഥരെ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുമായി (ഇവിഎംഎസ്) അതത് പോളിങ് സ്‌റ്റേഷനുകളിലേക്ക് അയച്ചു. നാളെയാണ് കശ്‌മീരില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്.
പോളിങ് പാർട്ടികളുടെ ക്ഷേമത്തിന് ഊന്നൽ നൽകിയിട്ടുണ്ടെന്നും നിരവധി സൗകര്യങ്ങൾ ഇതിനായി ഒരുക്കിയിട്ടുണ്ടെന്നും സാദിബാൽ മണ്ഡലം റിട്ടേണിങ് ഓഫിസർ ഖാലിദ് ഹുസൈൻ മാലിക് മാധ്യമങ്ങളോട് പറഞ്ഞു. ശ്രീനഗറിലെ ഏറ്റവും വലിയ അസംബ്ലി മണ്ഡലമായ സാദിബാൽ മണ്ഡലത്തിൽ ഏകദേശം 143 പോളിങ് ബൂത്തുകളാണ് ഉള്ളത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും അടക്കം എല്ലാവരും തെരഞ്ഞെടുപ്പിന് സജ്ജരാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്ന് (സെപ്‌റ്റംബര്‍ 24) പോളിങ് സ്റ്റേഷനുകളിലേക്ക് എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് താമസവും ഭക്ഷണവും അടക്കം എല്ലാം സജ്ജീകരിച്ചതായും റിട്ടേണിങ് ഓഫിസർ വ്യക്തമാക്കി. വോട്ടെടുപ്പ് ഒരുക്കങ്ങൾ നടക്കുന്നതിനാൽ ജില്ലയിൽ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. പലയിടത്തും സുരക്ഷ ഉദ്യോഗസ്ഥര്‍ വാഹന പരിശോധന അടക്കം നടത്തുന്നുണ്ട്.
ജമ്മു കശ്‌മീരിലെ ആറ് ജില്ലകളിലെ 26 നിയമസഭ സീറ്റുകളിലേക്കാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ജമ്മു കശ്‌മീരിലെ മുൻ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമർ അബ്‌ദുള്ള മത്സരിക്കുന്ന ബുദ്ഗാം, ഗന്ദേർബൽ മണ്ഡലങ്ങളും രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടും. നൗഷേര അസംബ്ലി സീറ്റിൽ നിന്ന് മത്സരിക്കുന്ന ജമ്മു കശ്‌മീർ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്‌നയും സെൻട്രൽ-ഷാൽതെങ് സീറ്റിൽ നിന്ന് മത്സരിക്കുന്ന ജമ്മു കശ്‌മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് താരിഖ് ഹമീദ് കർറയുമാണ് മത്സരരംഗത്തുള്ള മറ്റ് പ്രമുഖ സ്ഥാനാർഥികൾ.
സെപ്‌റ്റംബര്‍ 18നായിരുന്നു ജമ്മുവിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 61.13 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഒക്‌ടോബർ 1നാണ് മൂന്നാംഘട്ട വോട്ടെടുപ്പ്. ഒക്‌ടോബർ എട്ടിന് വോട്ടെണ്ണും.
Also Read: കശ്‌മീര്‍ നിയമസഭ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ, രജൗരിയില്‍ കനത്ത സുരക്ഷ