മുംബൈ : ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്രയില്‍ എന്‍ഡിഎ സഖ്യകക്ഷികള്‍ തമ്മില്‍ തര്‍ക്കം. മഹാരാഷ്‌ട്രയില്‍ ഘടക കക്ഷി പ്രമുഖര്‍ക്ക് സീറ്റ് ഉറപ്പാക്കുന്നതിനൊപ്പം സ്വന്തം നേതാക്കളെ കൂടി പരിഗണിക്കേണ്ട സാഹചര്യമാണ് ബിജെപി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സംസ്ഥാനത്ത് 48 സീറ്റുകളില്‍ 41 ഇടങ്ങളിലും കഴിഞ്ഞ തവണ എന്‍ഡിഎ വിജയം കൊയ്‌തിരുന്നു.
മത്സരിച്ച 25 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 23 സീറ്റുകളില്‍ മത്സരിച്ച ശിവസേനയാകട്ടെ 18 ഇടങ്ങളിലും വിജയിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ശിവസേനയിലുണ്ടായ പിളര്‍പ്പ് എന്‍ഡിഎയ്‌ക്ക് ഇത്തവണ വന്‍ തിരിച്ചടിയാകുകയാണ്. പിളര്‍പ്പിനൊപ്പം മുതിര്‍ന്ന നിരവധി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയതും എന്‍ഡിഎയില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്.
സഖ്യകക്ഷികള്‍ മാത്രമല്ല നേതാക്കളും സീറ്റ് വിഭജന കാര്യത്തില്‍ അസംതൃപ്‌തരാണ്. വര്‍ഷങ്ങളായി എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിച്ച മഹാരാഷ്‌ട്രയില്‍ ഇത്തവണ മത്സരം കടുക്കാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തിലെ തിരിച്ചറിവാണ് എന്‍ഡിഎയ്‌ക്ക് വെല്ലുവിളിയാകുന്നത്. മറാത്ത്‌വാഡ്, വിദര്‍ബ, വടക്കന്‍ മഹാരാഷ്‌ട്ര എന്നിവിടങ്ങളിലാണ് സീറ്റ് വിഭജന കാര്യത്തില്‍ തര്‍ക്കം രൂക്ഷമാകുന്നത്.
മുന്‍ വര്‍ഷങ്ങളിലും സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള ചെറിയ പ്രശ്‌നങ്ങള്‍ക്ക് മഹാരാഷ്‌ട്ര സാക്ഷ്യം വഹിച്ചിരുന്നു. പ്രശ്‌നം ചര്‍ച്ച ചെയ്‌ത് പരിഹരിക്കാന്‍ കേന്ദ്രമന്ത്രി അമിത് ഷാ തന്നെ മുംബൈയിലെത്തി. ചൊവ്വാഴ്‌ച (മാര്‍ച്ച് 5) വിഷയത്തില്‍ നേതാക്കളുമായി അമിത് ഷാ ചര്‍ച്ച നടത്തിയെങ്കിലും അത് ഫലം കണ്ടില്ലെന്നതാണ് വാസ്‌തവം. രാത്രി 10.30 ഓടെയാണ് നേതാക്കളുമായി മന്ത്രി ചര്‍ച്ച നടത്തിയത്.
ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ സാന്നിധ്യത്തിൽ അദ്ദേഹം അരമണിക്കൂറോളം ശരത് പവാറിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. ഇതേ തുടർന്ന് മുഖ്യമന്ത്രി ഷിൻഡെയുമായും അമിത് ഷാ സംസാരിച്ചു. സംസ്ഥാനത്തെ 48 ലോക്‌സഭ സീറ്റുകളിൽ 30 സീറ്റുകളിലും സ്ഥാനാർഥികളെ നിർത്താൻ ബിജെപി ആഗ്രഹിക്കുന്നു. ദേശീയ തലത്തിൽ 370 സീറ്റുകളിലും എന്‍ഡിഎയെ വിജയിപ്പിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.
ശിവസേന ഷിന്‍ഡെ വിഭാഗത്തിന് 12 സീറ്റും എന്‍സിപിക്ക് 5 സീറ്റും വിട്ടുനല്‍കാന്‍ ബിജെപി തയ്യാറാണെന്നും വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ബിജെപിയുടെ ഈ തീരുമാനം കൈക്കൊള്ളാന്‍ സഖ്യകക്ഷികള്‍ തയ്യാറായില്ല. 12 സീറ്റുകള്‍ക്ക് പകരം 23 സീറ്റുകള്‍ വേണമെന്ന് ഷിന്‍ഡെ വിഭാഗം ആവശ്യപ്പെടുകയാണ്. സീറ്റ് വിഭജന തര്‍ക്കം പരിഹരിക്കാന്‍ അമിത് ഷാ എത്തിയെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.