ന്യൂഡൽഹി : പാൻ - ഇന്ത്യ മെഡിക്കൽ പരീക്ഷയുടെ രഹസ്യസ്വഭാവ ലംഘനം നടന്നു എന്നതിന് തെളിവില്ലാത്ത സാഹചര്യത്തിൽ, ഇതിനകം ഫലം പ്രഖ്യാപിച്ച മുഴുവൻ നീറ്റ് - യുജി 2024 പരീക്ഷകൾ റദ്ദാക്കുന്നത് യുക്തിസഹമല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. എല്ലാ മത്സര പരീക്ഷകളും ന്യായമായും സുതാര്യമായും നടത്താൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.
'ഒരു പാൻ-ഇന്ത്യ പരീക്ഷയിൽ വലിയ തോതിലുള്ള രഹസ്യാത്മക ലംഘനത്തിന് തെളിവുകള്‍ ലഭ്യമല്ലാത്തതിനാല്‍, മുഴുവൻ പരീക്ഷയും ഇതിനകം പ്രഖ്യാപിച്ച ഫലങ്ങളും റദ്ദാക്കുന്നത് യുക്തിസഹമല്ല' -സത്യവാങ്മൂലത്തിൽ പറയുന്നു.
ന്യായമായ രീതിയിൽ പരീക്ഷ എഴുതിയ വിദ്യാർഥികളുടെ താൽപര്യം സംരക്ഷിക്കാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. 2024 ൽ നീറ്റ് പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് സത്യസന്ധരായ ഉദ്യോഗാർഥികളുടെ പരീക്ഷ പൂർണമായും ഒഴിവാക്കുന്നത് ഗുരുതരമായി അപകടത്തിലേക്ക് നയിക്കും എന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
നാഷണൽ ടെസ്‌റ്റിങ് ഏജൻസിയുടെ (എൻടിഎ) പരീക്ഷകൾ സുതാര്യവും നീതിയുക്തവുമായ നടത്തുന്നതിന് ഫലപ്രദമായ നടപടികൾ നിർദേശിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം വിദഗ്‌ധരുടെ ഒരു ഉന്നതതല സമിതിക്ക് രൂപം നൽകിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. സമിതി ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും ഇതിനകം നാല് മീറ്റിങ്ങുകൾ നടന്നിട്ടുണ്ടെന്നും ബന്ധപ്പെട്ടവരുമായി പ്രത്യേകിച്ച് വിദ്യാർഥികളുമായി കൂടിയാലോചന ആരംഭിച്ചതായും ജൂലൈ 7 വരെ ഓൺലൈനിൽ നിർദേശങ്ങളും ആശയങ്ങളും തേടിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
പരീക്ഷ പ്രക്രിയയുടെ സംവിധാനത്തിലെ പരിഷ്‌കാരങ്ങൾ, ഡാറ്റ സുരക്ഷ പ്രോട്ടോക്കോളുകൾ മെച്ചപ്പെടുത്തൽ, എൻടിഎയുടെ ഘടനയും പ്രവർത്തനവും എന്നിവയിൽ സമിതി ശുപാർശകൾ നൽകുമെന്ന് സർക്കാർ അറിയിച്ചു. ഐഎസ്ആർഒ മുൻ ചെയർമാനും ഐഐടി കാൺപൂർ ബോജി ചെയർമാനുമായ ഡോ കെ രാധാകൃഷ്‌ണൻ അധ്യക്ഷനായ സമിതി രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.
ജൂലൈ എട്ടിന് ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്‌റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ 26 ഹർജികൾ പരിഗണിക്കും. നീറ്റ് പരീക്ഷയിലെ അപാകതകൾക്കെതിരെ നിരവധി ഹർജിക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
രാജ്യത്തുടനീളമുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ എംബിബിഎസ്, ബിഡിഎസ്, ആയുഷ്, മറ്റ് അനുബന്ധ കോഴ്‌സുകൾ എന്നിവയിലേക്കുള്ള പ്രവേശനത്തിനായാണ് നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) നാഷണൽ എലിജിബിലിറ്റി - കം - എൻട്രൻസ് ടെസ്‌റ്റ് - അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ്-യുജി) നടത്തുന്നത്.
നീറ്റ് - യുജി 2024 പരീക്ഷ മെയ് 5 ന് 4,750 കേന്ദ്രങ്ങളിലായി നടന്നു. ഏകദേശം 2.4 ദശലക്ഷം ഉദ്യോഗാർഥികൾ അതിൽ പങ്കെടുത്തു. ഉത്തരക്കടലാസ് മൂല്യനിർണയം നേരത്തെ പൂർത്തിയാക്കിയതിനാൽ ജൂൺ നാലിന് ഫലം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ചോദ്യപേപ്പര്‍ ചോർച്ച ഉൾപ്പെടെയുള്ള ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ പല നഗരങ്ങളിലും പ്രതിഷേധത്തിന് ഇടയാക്കി.
Also Read: മാറ്റിവച്ചിരുന്ന നീറ്റ് പിജി പരീക്ഷ ഓഗസ്റ്റില്‍; പുതുക്കിയ തീയതി പ്രഖ്യാപിച്ചു