പട്‌ന: സർക്കാർ സ്‌കൂൾ അധ്യാപകർക്കും ജീവനക്കാർക്കും ജീൻസും ടീ ഷർട്ടും ധരിക്കുന്നതിന് വിലക്കേർപ്പെടുത്തി ബിഹാർ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്. അധ്യാപകരോടും അനധ്യാപക ജീവനക്കാരോടും സ്‌കൂൾ സമയങ്ങളിൽ ഔപചാരിക വസ്ത്രം ധരിക്കണമെന്നാവശ്യപ്പെട്ടാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ ഡ്രസ് കോഡ് സംബന്ധിച്ച് വിദ്യാഭ്യാസ ഡയറക്‌ടർ (അഡ്‌മിനിസ്‌ട്രേഷൻ) സുബോധ് കുമാർ ചൗധരി, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് നോട്ടിസ് നൽകി.
സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പാലിക്കേണ്ട ചട്ടങ്ങളെ സംബന്ധിച്ച് നേരത്തെ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നെങ്കിലും അവ കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് നോട്ടിസിൽ പറയുന്നു. അധ്യാപകരും അനധ്യാപക ജീവനക്കാരും സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തുന്നത് സ്ഥാപനത്തിന്‍റെ സംസ്‌കാരത്തിന് യോജിക്കാത്ത വസ്ത്രധാരണത്തിലാണെന്നും നോട്ടിസിൽ ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അധ്യാപികമാർ ജീൻസ് ഉൾപ്പെടെയുള്ള കാഷ്വൽ വസ്ത്രങ്ങൾ ധരിച്ചെത്തി റീൽസ് ചെയ്‌ത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നത് കണ്ടെത്തിയതിന് പുറകെയാണ് നടപടി. കൂടാതെ പല സമയത്തും ഡിജെ, ഡിസ്കോ തുടങ്ങിയ പരിപാടികള്‍ സ്‌കൂളുകളിൽ നടക്കുന്നതായി സമൂഹ മാധ്യമങ്ങളിലൂടെ കണ്ടെത്തിയതായും നോട്ടിസിൽ പറയുന്നുണ്ട്. ഇത്തരം പെരുമാറ്റങ്ങൾ പഠനാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നതായും വിദ്യാഭ്യാസ അധികൃതർ നിരീക്ഷിച്ചു. ഈ ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നൽകിയ വകുപ്പ്, നിയമ ലംഘനം നടന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
Also Read:പ്ലേ സ്‌കൂൾ വിദ്യാര്‍ഥിക്ക് നേരെ ക്രൂരമർദനം; അധ്യാപിക അറസ്‌റ്റിൽ