ന്യൂഡൽഹി: യമുനയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശത്തിന് സമീപമുള്ള ഗീതാ കോളനിയിലെ പഴയ ശിവക്ഷേത്രം പൊളിക്കുന്നത് തടയാന്‍ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഡൽഹി ഡെവലപ്‌മെൻ്റ് അതോറിറ്റിയാണ് ക്ഷേത്രം പൊളിക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരെ പ്രാചീന ശിവ് മന്ദിർ അവാം അഖാഡ സമിതിയാണ് ഹര്‍ജി നല്‍കിയത്.
ജസ്‌റ്റിസുമാരായ സഞ്ജയ് കുമാർ, അഗസ്‌റ്റിൻ ജോർജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വാദത്തിനിടെ പൊളിക്കല്‍ ശരിവച്ച ഡൽഹി ഹൈക്കോടതി ഉത്തരവിൽ അപാകതയൊന്നും ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രാചീന ക്ഷേത്രമാണെന്ന വാദത്തെയും കോടതി ചോദ്യം ചെയ്‌തു. പുരാതന ക്ഷേത്രങ്ങൾ നിർമ്മിച്ചത് പാറകൾ കൊണ്ടാണ്, അല്ലാതെ സിമന്‍റും പെയിന്‍റും ഉപയോഗിച്ചല്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.
300 മുതൽ 400 വരെ ഭക്തർ പതിവായി എത്തുന്ന ക്ഷേത്രം ആത്മീയ പ്രവർത്തനങ്ങളുടെ കേന്ദ്രമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഹർജിക്കാരൻ അവകാശപ്പെട്ടു. ക്ഷേത്രത്തിന്‍റെ സ്വത്തുക്കളുടെ സുതാര്യത, ഉത്തരവാദിത്തം, ഉത്തരവാദിത്ത പരിപാലനം എന്നിവ ഉയർത്തിപ്പിടിക്കുന്നതിനാണ് സൊസൈറ്റി 2018 ൽ രജിസ്‌റ്റർ ചെയ്‌തതെന്ന് ഹർജിയിൽ അവകാശപ്പെട്ടു. നേരത്തെ ക്ഷേത്രം പൊളിക്കുന്ന ഡിഡിഎയുടെ നടപടിക്കെതിരെ പ്രചീൻ ശിവ് മന്ദിർ അവാം അഖാഡ സമിതി സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.
Also Read: ബിജെപിക്ക് 400 സീറ്റുകൾ ലഭിച്ചാൽ വാരണാസിയിലും മഥുരയിലും ക്ഷേത്രങ്ങൾ: ഹിമന്ത ബിശ്വ ശർമ്മ