ന്യൂഡല്‍ഹി : കൊല്‍ക്കത്തയില്‍ വനിത ഡോക്‌ടറുടെ ബലാംത്സംഗ കൊലപാതകത്തില്‍ സ്വമേധയായെടുത്ത കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസന്വേഷണത്തിന്‍റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ സിബിഐയോടും, ആശുപത്രി തല്ലിതകര്‍ത്ത സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ബംഗാള്‍ സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചിരുന്നു.
സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ഡോക്‌ടര്‍മാരുടെ സുരക്ഷക്കായി കോടതി ദേശീയ തലത്തില്‍ കര്‍മ്മ സമിതി രൂപീകരിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
അതേസമയം സംഭവത്തിൽ രാജ്യമാതെ പ്രതിഷേധം കത്തുകയാണ്. കൊൽക്കത്തയിൽ അർധരാത്രിയും വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. സംഭവത്തിൽ സമരം തുടരുമെന്ന് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ (എഫ്എഐഎംഎ) അറിയിച്ചു.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ഡോക്‌ടർമാരും തമ്മിൽ ഇന്നലെ (ഓഗസ്റ്റ് 19) നടത്തിയ ചർച്ച വീണ്ടും ധാരണയിലെത്താതെ അവസാനിച്ചതോടെയാണ് സമരം തുടരുമെന്ന് എഫ്എഐഎംഎ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും എഫ്എഐഎംഎ അസോസിയേഷൻ വ്യക്തമാക്കി.
ഓഗസ്റ്റ് ഒന്‍പതിനാണ് പിജി ട്രെയിനി ഡോക്‌ടറുടെ മൃതദേഹം ആർ.ജി കാർ ആശുപത്രിയിലെ സെമിനാർ ഹാളിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട ഡോക്‌ടറുടെ ശരീരത്തിൽ 14 മുറിവുകളാണ് ഉണ്ടായിരുന്നത്. പോസ്‌റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് തല, കവിളുകൾ, ചുണ്ട്, മൂക്ക്, താടി, കഴുത്ത്, ഇടത് കൈ, തോള്‍, കാൽ മുട്ട്, കണങ്കാൽ, സ്വകാര്യ ഭാഗങ്ങൾ എന്നിവിടങ്ങളിലായാണ് ഈ 14 മുറിവുകൾ കണ്ടെത്തി.
പെൺകുട്ടി ശ്വാസംമുട്ടിയാണ് മരിച്ചതെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ശ്വാസകോശത്തിൽ രക്തസ്രാവം ഉണ്ടായതായും ശരീരത്തിലെ മറ്റ് ഭാഗങ്ങളിൽ രക്തം കട്ടയായതായും പോസ്‌റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നതായി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ക്രൂരമായ ബലാത്സംഗവും കൊലപാതകവുമാണ് നടന്നതെന്നും ഒരു വ്യക്തി മാത്രമല്ല ഒന്നിലധികം പേർ കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നും മെഡിക്കൽ വിദഗ്‌ധർ പറയുന്നു. എന്നാൽ, ആശുപത്രിയിലെ സിവിക് വളണ്ടിയർ സഞ്ജയ് റോയ് എന്നയാളെ മാത്രമേ ഇതുവരെ കസ്‌റ്റഡിയിലെടുത്തിട്ടുള്ളൂ. ഇയാളെ കൊൽക്കത്ത പൊലീസ് അറസ്‌റ്റ് ചെയ്യുകയും പിന്നീട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷന് കൈമാറുകയും ചെയ്‌തു. അതേസമയം, അന്വേഷണം കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരം സിബിഐ ഏറ്റെടുത്തു.
ഒന്നിലധികം വ്യക്തികളെ പ്രത്യേകിച്ച് ആർജി കാർ മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ ചോദ്യം ചെയ്‌ത് കൊണ്ട് കുറ്റകൃത്യത്തിലെ മറ്റ് പങ്കാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിബിഐ ഉദ്യോഗസ്ഥർ. കൊൽക്കത്തയിലെ സിബിഐ ഓഫിസിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 12 മുതൽ 13 മണിക്കൂർ വരെ സന്ദീപ് ഘോഷിനെ ചോദ്യം ചെയ്‌തിരുന്നു.