ന്യൂഡല്‍ഹി: ചലച്ചിത്ര മേഖലയില്‍ നിന്ന് രാഷ്‌ട്രീയത്തിലേക്ക് എത്തിയ ദിവ്യ സ്‌പന്ദന ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്കിനെതിരെ നല്‍കിയ അപകീര്‍ത്തി കേസ് നിലനില്‍ക്കുന്നതാണെന്ന് സുപ്രീം കോടതി. ഏഷ്യാനെറ്റ് ന്യൂസിനും മാധ്യമപ്രവര്‍ത്തകന്‍ വിശ്വേശ്വര്‍ ഭട്ടിനുമെതിരെയാണ് താരം കേസ് കൊടുത്തിരുന്നത്.
കന്നഡ താരത്തിന് ക്രിക്കറ്റ് വാതുവയ്‌പുമായി ബന്ധമുണ്ടെന്ന് തരത്തില്‍ വാര്‍ത്ത നല്‍കിയതിനായിരുന്നു താരം കേസ് കൊടുത്തത്. തന്‍റെ പേരും ഫോട്ടോയും ദൃശ്യങ്ങളുമടക്കം നല്‍കിയാണ് വാര്‍ത്ത കൊടുത്തതെന്നും താരം പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാലയും മനോജ് മിശ്രയുമടങ്ങുന്ന ബെഞ്ചാണ് കേസ് തള്ളേണ്ടതില്ലെന്ന് വ്യക്തമാക്കിയത്. നേരത്തെ കര്‍ണാടക ഹൈക്കോടതിയും ഇതേ ഉത്തരവ് തന്നെ പുറപ്പെടുവിച്ചിരുന്നു. താരത്തെ നിരന്തരം വാര്‍ത്തയില്‍ പരാമര്‍ശിച്ച സാഹചര്യത്തില്‍ കേസ് തള്ളാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌താണ് ഏഷ്യാനെറ്റ് സുപ്രീം കോടതിയിലെത്തിയത്. താരത്തിന് ക്രിക്കറ്റ് വാതുവയ്‌പുമായി ബന്ധമുണ്ടെന്നതിന് യാതൊരു തെളിവും കോടതിക്ക് മുന്നില്‍ ഇല്ലെന്നും ബെഞ്ച് വ്യക്തമാക്കി. പിന്നെന്തിന്‍റെ അടിസ്ഥാനത്തിലാണ് അപകീര്‍ത്തി കേസ് തള്ളുകയെന്നും കോടതി ആരാഞ്ഞു.
Also Read: കന്നഡ നടി രമ്യ അന്തരിച്ചെന്ന് വ്യാജവാർത്ത; ട്വീറ്റുമായി താരം