ന്യൂഡൽഹി: ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് ശിശു സംരക്ഷണ അവധി നിഷേധിക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് സുപ്രീം കോടതി. ചൈൽഡ് കെയർ ലീവ് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹിമാചൽ പ്രദേശ് ഹൈക്കോടതി തള്ളിയതിനെ ചോദ്യം ചെയ്‌ത് സംസ്ഥാന സർവകലാശാലയിലെ പ്രൊഫസര്‍ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
സ്‌ത്രീകൾക്ക് ചൈൽഡ് കെയർ ലീവ് (സിസിഎൽ) നൽകുന്നത് ഭരണഘടനാ ലക്ഷ്യമാണെന്നും വൈകല്യമുള്ള കുട്ടികളുടെ അമ്മമാർക്ക് അവധി നിഷേധിക്കുന്നത് തൊഴിൽ മേഖലയില്‍ തുല്യ സ്‌ത്രീ പങ്കാളിത്തം ഉറപ്പാക്കാനുള്ള ഭരണഘടനാ കടമയുടെ ലംഘനമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്‌റ്റിസ് ജെ ബി പർദിവാലയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഹിമാചൽ പ്രദേശ് സര്‍ക്കാര്‍ ഏതെങ്കിലും തരത്തിലുള്ള ശിശു സംരക്ഷണം നൽകുന്നുണ്ടോ എന്നും ഒരു കുട്ടിക്ക് അസുഖം വന്നാൽ അമ്മ രാജിവെക്കേണ്ടതുണ്ടോ എന്നും ഹിമാചൽ പ്രദേശ് സർക്കാരിനെ പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷകനോട് ചീഫ് ജസ്‌റ്റിസ് ചോദിച്ചു. സംസ്ഥാനം നിര്‍ബന്ധമായും ശിശു സംരക്ഷണ അവധി നൽകണമെന്നും ചീഫ് ജസ്‌റ്റിസ് നിര്‍ദേശിച്ചു. വിഷയത്തിൽ നിർദേശങ്ങൾ തേടാൻ സമയം നൽകണമെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകൻ കോടതിയോട് അഭ്യർത്ഥിച്ചു.
സർക്കാർ കോളേജിലെ ജിയോഗ്രഫി വിഭാഗത്തിൽ അസിസ്‌റ്റന്‍റ് പ്രൊഫസറായ ഹരജിക്കാരി, ശാലിനി ധർമ്മാനിയുടെ 14 വയസുള്ള മകൻ ഓസ്‌റ്റിയോജെനിസിസ് ഇംപെർഫെക്റ്റ എന്ന അപൂർവ ജനിതക വൈകല്യമുള്ള ആളാണെന്നും ജനനം മുതൽ നിരവധി ശസ്‌ത്രക്രിയകള്‍ക്ക് വിധേയനായിട്ടുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഹരജിക്കാരിയുടെ മകന്‍റെ അതിജീവനത്തിനും സാധാരണ ജീവിതത്തിനും നിരന്തര ചികിത്സയും ശസ്‌ത്രക്രിയകളും ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മകന്‍റെ ചികിത്സ കാരണം, ഹരജിക്കാരിയുടെ എല്ലാ അനുവദനീയ അവധികളും തീർന്നുവെന്നും 1972 ലെ സെൻട്രൽ സിവിൽ സർവീസ് (ലീവ്) റൂൾ 43-സി ശിശു സംരക്ഷണ അവധി അനുവദിക്കാൻ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും ചീഫ് ജസ്‌റ്റിസ് ചൂണ്ടിക്കാട്ടി.
ജോലിയിൽ സ്‌ത്രീകളുടെ പങ്കാളിത്തം എന്നത് കേവല അവകാശമല്ലെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 15 പ്രകാരം ഭരണഘടനാപരമായ അവകാശമാണെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു. തൊഴിൽ മേഖലയുടെ ഭാഗമായ സ്‌ത്രീകളുടെ കാര്യത്തിൽ ഉണ്ടാകുന്ന പ്രത്യേക ആശങ്കകൾ സംസ്ഥാനത്തിന് അവഗണിക്കാനാവില്ലെന്നു ചീഫ് ജസ്‌റ്റിസ് കൂട്ടിച്ചേർത്തു.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ വളർത്തുന്ന അമ്മമാർക്കുള്ള അവധി നിയമങ്ങൾ പുനഃപരിശോധിക്കാൻ ഹിമാചൽ പ്രദേശ് സർക്കാരിനോട് ബെഞ്ച് നിർദ്ദേശിച്ചു. കൂടാതെ വിഷയത്തില്‍ എല്ലാ വശങ്ങളും പരിശോധിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറി അധ്യക്ഷനായ ഒരു കമ്മിറ്റി രൂപീകരിക്കാനും ബെഞ്ച് നിർദ്ദേശിച്ചു.
കമ്മിറ്റിയിൽ ആർപിഡബ്ല്യുഡി നിയമപ്രകാരം നിയോഗിക്കപ്പെട്ട സംസ്ഥാന കമ്മീഷണർ, വനിതാ ശിശു വകുപ്പ് സെക്രട്ടറി, സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരാണ് ഉണ്ടാകുക. നയപരമായ തീരുമാനം ഉടന്‍ രൂപീകരിക്കുന്നതിന് കമ്മിറ്റിയുടെ റിപ്പോർട്ട് യോഗ്യതയുള്ള അധികാരികൾക്ക് മുമ്പാകെ സമർപ്പിക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.
വിഷയത്തിൽ കേന്ദ്ര സർക്കാരിനെ കക്ഷിയാക്കി പ്രതികരണം തേടിയ സുപ്രീം കോടതി, അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയോട് വിഷയത്തിൽ ഇടപെടാന്‍ ആവശ്യപ്പെട്ടു. സമിതിയുടെ റിപ്പോർട്ട് ജൂലൈ മാസത്തിനുള്ളില്‍ തയ്യാറാക്കണമെന്നും 2024 ഓഗസ്‌റ്റില്‍ കൂടുതൽ വാദം കേൾക്കുന്നതിനായി വിഷയം ലിസ്‌റ്റ് ചെയ്യണമെന്നും സുപ്രീം കോടതി നിർദേശിച്ചു.