ന്യൂഡൽഹി : ബിആർഎസ് നേതാവ് കെ കവിതയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. മദ്യനയ അഴിമതിക്കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലുമാണ് കവിതയ്ക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ അന്വേഷണം നിഷ്‌പക്ഷമായിരിക്കണമെന്നും അന്വേഷണ ഏജൻസി അനീതി കാണിക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
കേസില്‍ അടുത്ത കാലത്ത് വിചാരണ ആരംഭിക്കാനുള്ള സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ അഞ്ച് മാസമായി കവിത കസ്റ്റഡിയില്‍ കഴിയുകയാണ്. മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം അനുവദിച്ചതും ജാമ്യാപേക്ഷ പരിഗണിക്കവേ സുപ്രീംകോടതി നിരീക്ഷിച്ചു.
കേസിൽ അന്വേഷണം പൂർത്തിയായെന്നും ഇനിയും കസ്റ്റഡി ആവശ്യമില്ലെന്നും ജസ്റ്റിസുമാരായ ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. കവിതയ്ക്ക് ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. സിബിഐ, ഇഡി കേസുകളിൽ കവിതയെ ഉടൻ ജാമ്യത്തിൽ വിട്ടയക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
മദ്യനയ അഴിമതിക്കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്‌ത് കവിത നൽകിയ ഹർജികളിൽ ഓഗസ്റ്റ് 12ന് സുപ്രീംകോടതി സിബിഐയോടും ഇഡിയോടും പ്രതികരണം തേടിയിരുന്നു. മദ്യനയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും ആരോപിച്ച് കേന്ദ്ര ഏജൻസികൾ കവിതക്കെതിരെ പ്രത്യേകം കേസുകൾ ഫയൽ ചെയ്‌തിരുന്നു.
മാർച്ച് 15നാണ് ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ വസതിയിൽ നിന്ന് കവിതയെ ഇഡി അറസ്റ്റ് ചെയ്യുന്നത്. അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഏപ്രിൽ 11ന് തിഹാർ ജയിലിൽ നിന്ന് സിബിഐ അവരെ അറസ്റ്റ് ചെയ്‌തു.
Also Read : ഡൽഹി മദ്യനയ കേസ്; മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി