ന്യൂഡൽഹി: ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പില്‍ ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടെന്ന് സുപ്രീം കോടതി. ബിജെപിയുടെ മനോജ് കുമാർ സോങ്കർ വിജയിച്ച തെരഞ്ഞെടുപ്പില്‍ റിട്ടേണിംഗ് ഓഫീസർ ബാലറ്റ് പേപ്പറില്‍ തിരിമറി നടത്തിയെന്നത് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു(SC Cancels Chandigarh Mayor Election).
ഇത് ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നതിന് തുല്യമാണെന്നും തങ്ങൾക്ക് ആശങ്കയുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. തിരിമറി നടത്തിയ പ്രിസൈഡിങ് ഓഫിസർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രിസൈഡിംഗ് ഓഫീസറുടെ പെരുമാറ്റം ക്യാമറയിൽ കണ്ട് കോടതി അമ്പരന്നെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു. എന്തിനാണ് ഇയാൾ ക്യാമറയിലേക്ക് നോക്കി പിടികിട്ടാപുള്ളിയെപ്പോലെ ഓടുന്നതെന്നും അദ്ദേഹം ചോദിച്ചു (Chandigarh Mayor Election).
മേയർ തെരഞ്ഞെടുപ്പിൻ്റെ മുഴുവൻ രേഖകളും പിടിച്ചെടുക്കണമെന്നും അവ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലെ രജിസ്ട്രാറുടെ കൈവശം സൂക്ഷിക്കണമെന്നും, ബാലറ്റുകളും വീഡിയോ ദൃശ്യങ്ങളും സംരക്ഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നിലവിൽ രേഖകൾ കൈവശമുള്ള ചണ്ഡീഗഡ് യുടി ഡെപ്യൂട്ടി കമ്മീഷണർ അവ ഉടന്‍ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറണമെന്നും കോടതി ഉത്തരവിട്ടു (Ballot Papers Defaced).
ആം ആദ്‌മി പാർട്ടിയുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. തെരഞ്ഞെടുപ്പ് ഫലം സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി മേയർ തെരഞ്ഞെടുപ്പിൽ തോറ്റ ആം ആദ്‌മി പാർട്ടിയുടെ കൗൺസിലർ കുൽദീപ് കുമാർ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഇതിന് വിസമ്മതിച്ചതോടെയാണ് ഹർജി സുപ്രീം കോടതിയിലെത്തിയത്. ചീഫ് ജസ്‌റ്റിസിനൊപ്പം ജസ്‌റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
Also Read: ഇന്ത്യയിൽ ജനാധിപത്യമില്ല, ഏകാധിപതികൾ മാത്രം: രാഹുൽ ഗാന്ധി
ബിജെപിയുടെ ബാലറ്റിൽ കൃത്രിമം കാട്ടിയെന്നും എട്ട് വോട്ടുകൾ തള്ളിയതിൽ കൃത്രിമം നടന്നെന്നുമായിരുന്നു കുൽദീപ് കുമാറിന്‍റെ ഹർജിയിലെ പ്രധാന ആരോപണം. ഇതിന് തെളിവായി തെരഞ്ഞെടുപ്പിന്‍റെ വീഡിയോ ദൃശ്യങ്ങളും ഹാജരാക്കപ്പെട്ടു. കോൺഗ്രസ് പിന്തുണയുള്ള ആം ആദ്‌മി സ്ഥാനാർത്ഥിയായ കുമാറിന് ലഭിച്ച 12 വോട്ടിനെതിരെ 16 വോട്ടുകൾ നേടിയാണ് ബിജെപിയുടെ മനോജ് സോങ്കർ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. എട്ട് വോട്ടുകൾ അസാധുവായതിനാൽ നിരസിക്കപ്പെട്ടു. വോട്ടുകൾ അസാധുവായതിൽ തിരിമറി നടന്നതായാണ് ആരോപണം.