നോർത്ത് 24 പർഗാനാസ് (പശ്ചിമ ബംഗാൾ) : നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബസിർഹട്ട് സബ് ഡിവിഷനിലെ സന്ദേശ്ഖാലി പ്രദേശത്ത് ചൊവ്വാഴ്‌ച (13-02-2024) ബിജെപി പ്രവർത്തകർ പ്രതിഷേധം നടത്തി (Sandeshkhali Violence). സ്‌ത്രീകൾക്കെതിരായ ലൈംഗികാതിക്രമത്തിനെതിരെ സംസ്ഥാന പാർട്ടി പ്രസിഡന്‍റ് സുകാന്ത മജുംദറിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനിടെ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു.
ബിജെപി അധ്യക്ഷൻ സുകാന്ത മജുംദാറും പാർട്ടിയുടെ മറ്റ് പ്രവർത്തകരും നോർത്ത് 24 പരഗാനാസിലെ ബസിർഹട്ടിലെ എസ്‌പി ഓഫിസിന് പുറത്താണ് കുത്തിയിരിപ്പ് സമരം നടത്തിയത്. ഇവരെ പൊലീസ് മണിക്കൂറുകളോളം തടഞ്ഞുവയ്‌ക്കുകയും, പിന്നീട് രാത്രി വിട്ടയക്കുകയുമായിരുന്നു (Police Release Sukanta Majumdar And Other BJP Workers). ബംഗാളിലെ സന്ദേശ്ഖാലിയിലെ സംഭവങ്ങളെ തുടര്‍ന്ന് ചൊവ്വാഴ്‌ച സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും അക്രമങ്ങൾ ഉണ്ടായി.
സന്ദേശ്ഖാലി ബ്ലോക്കിലെ സ്‌ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചെന്നാരോപിച്ച് പാർട്ടി നടത്തിയ പ്രക്ഷോഭത്തിന് മുന്നോടിയായി പശ്ചിമ ബംഗാളിലെ ബസിർഹട്ടിലെ എസ്‌പിയുടെ ഓഫിസിന് സമീപം നിരോധനാജ്ഞ ലംഘിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് ചൊവ്വാഴ്‌ച പൊലീസ് ഉദ്യോഗസ്ഥരും ബിജെപി അനുഭാവികളും തമ്മിൽ സംഘർഷമുണ്ടായത്.
പാർട്ടി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാറിന്‍റെ നേതൃത്വത്തിലുള്ള ബിജെപി പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞു. തുടർന്ന് ബസിർഹട്ടിൽ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പാർട്ടി പ്രവർത്തകർ ബാരിക്കേഡുകൾ തകർത്ത് ഗ്രാമത്തിലേക്ക് പ്രവേശിച്ചപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ പാർട്ടി പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തി.
തുടർന്ന് നിരവധി തൊഴിലാളികളെയും സുകാന്ത മജുംദാറിനെയും പൊലീസ് കസ്‌റ്റഡിയിലെടുത്തു. ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖും അദ്ദേഹത്തിന്‍റെ സഹായികളും തങ്ങൾക്കെതിരെ നടത്തിയ അതിക്രമങ്ങൾക്കെതിരെ സന്ദേശ്ഖാലിയിലെ സ്‌ത്രീകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രക്ഷോഭത്തിലാണ്.
മോചിതനായ ശേഷം, പാർട്ടിയിലെ സ്‌ത്രീ പ്രവർത്തകരോട് പൊലീസ് മോശമായി പെരുമാറിയെന്ന് ബിജെപി ആരോപിച്ചു. പൊലീസ് തങ്ങളെയും പാർട്ടി പ്രവർത്തകരെയും കസ്‌റ്റഡിയിലെടുത്തുവെന്നും പാർട്ടിയിലെ വനിത പ്രവർത്തകരോട് പോലും പൊലീസ് മോശമായി പെരുമാറിയെന്നും സുകാന്ത മജുംദാര്‍ പറഞ്ഞു. 'ഞങ്ങൾ പൊലീസിനെ കോടതി കയറ്റും. അവർ ഞങ്ങളോട് കള്ളന്മാരെയോ കുറ്റവാളികളെയോ പോലെയാണ് പെരുമാറിയത്. സിആര്‍പിസിയുടെ ഭരണഘടന പൊലീസ് അനുസരിക്കുന്നില്ല എന്നും അവർ മമത ബാനർജി പറയുന്നത് മാത്രമേ കേൾക്കൂ' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സന്ദേശ്ഖാലിയിൽ സ്‌ത്രീകളെ ബലാത്സംഗം ചെയ്‌തതിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) പ്രവർത്തകർക്ക് പങ്കുണ്ടെന്ന് സുകാന്ത മജുംദാർ നേരത്തെ ആരോപിച്ചിരുന്നു. 'സന്ദേശ്ഖാലിയിൽ, ടിഎംസി പ്രവർത്തകർ മാസങ്ങളായി സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. ഷെയ്ഖ് ഷാജഹാനും ഷിബു ഹാജറയും ഉത്തം സർദാറുമൊക്കെയാണ് അവരെ ബലാത്സംഗം ചെയ്യുന്നത്. അവരെ അറസ്‌റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഞങ്ങൾ സമാധാനപരമായാണ് എസ്‌പിയെ സമീപിച്ചത്. സന്ദേശ്ഖാലിയിൽ നിന്ന് അവരെ അറസ്‌റ്റ് ചെയ്‌തില്ലെങ്കിൽ, എങ്ങനെയാണ് ഇവിടുള്ള സ്ത്രീകൾക്ക് ആത്മവിശ്വാസം ലഭിക്കുക?' -എന്ന് സുകാന്ത മജുംദാർ ചോദിച്ചു.
ഭൂമി, റേഷൻ കുംഭകോണത്തിലും മറ്റ് പല ബലാത്സംഗ സംഭവങ്ങളിലും പ്രതിയെന്ന് ആരോപിക്കപ്പെടുന്ന തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ, പ്രത്യേകിച്ച് സ്ത്രീകൾ, കൈയിൽ ചെരിപ്പും പിടിച്ച് സന്ദേശ്ഖാലിയുടെ വിവിധ ഭാഗങ്ങളില്‍ മാർച്ച് നടത്തി.