ഒഡിഷ: ഭഗവാന്‍ ജഗന്നാഥന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തനാണെന്ന തന്‍റെ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി ബിജെപി ദേശീയ വക്താവ് സംബിത് പത്ര. അബദ്ധത്തിലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. അത് സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്‌ടിച്ചിട്ടുണ്ട്.
തന്‍റെ പരാമര്‍ശം ലക്ഷക്കണക്കിന് ഭക്തരെ വേദനിപ്പിച്ചുണ്ടെന്നും തനിക്ക് നാക്കുപിഴ സംഭവിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ പരാമര്‍ശം മനഃപൂര്‍വ്വമല്ല. നാക്കുപിഴ സംഭവിച്ചതാണെന്നും മാഹാപ്രഭു ജഗന്നാഥനോട് മാപ്പ് ചോദിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് പ്രായശ്ചിത്തമായി മൂന്ന് ദിവസം വ്രതമെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പത്ര അറിയിച്ചു. എക്‌സിലാണ് സംബിത് ക്ഷമാപണം നടത്തിയുള്ള വീഡിയോ പോസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ ദിവസങ്ങളിലായി 15,16 ചാനലുകള്‍ക്ക് താന്‍ ബൈറ്റ് നല്‍കിയിട്ടുണ്ടെന്നും അതിലെല്ലാം മോദി ജഗന്നാഥന്‍റെ ഭക്തനാണെന്നുമാണ് താന്‍ പറഞ്ഞിട്ടുള്ളതെന്നും സംബിത് പറഞ്ഞു. അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തില്‍ മോദി എപ്പോഴും സന്ദര്‍ശനം നടത്താറുണ്ട്. വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നാണ് താന്‍ അന്ന് സംസാരിച്ചത്.
കടുത്ത വെയിലും ചൂടുമായിരുന്നു. ഇതിനിടയില്‍ മോദി ജഗന്നാഥന്‍ ഭക്തനാണെന്ന് പറയാന്‍ കരുതിയത് നേരെ തിരിച്ചായി പോയെന്നും പത്ര പറഞ്ഞു. കഴിഞ്ഞ ദിവസം ഭുവനേശ്വരിലുണ്ടായ ബിജെപിയുടെ റോഡ് ഷോയ്‌ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് വിവാദ പരാമര്‍ശമുണ്ടായത്.
പ്രസ്‌താവനയെ കുറിച്ച് നവീന്‍ പട്‌നായിക്ക്: സംഭവത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും പ്രതികരണവുമായി എത്തി. മഹാപ്രഭു ജഗന്നാഥന്‍ പ്രപഞ്ച നാഥനാണ്. മഹാപ്രഭുവിനെ മനുഷ്യന്‍റെ ഭക്തനെന്ന് വിളിക്കുന്നത് തീര്‍ത്തും അവഹേളനമാണ്. ഇത് ലോകത്തെ മുഴുവന്‍ ജഗന്നാഥന്‍ ഭക്തരുടെയും മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ്. സംബിത് പത്രയുടെ പ്രസ്‌താവനയെ താന്‍ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.