മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ രണ്ട് പേരെ പിടികൂടെ മുംബൈ ക്രൈം ബ്രാഞ്ച്. ഗുജറാത്തിലെ ഭുജിൽ നിന്നാണ് അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. പ്രതികളെ കുറിച്ച് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നടപടി.
കൃത്യത്തിന് ശേഷം പ്രതികള്‍ രണ്ട് പേരും മുംബൈയില്‍ നിന്നും ഗുജറാത്തിലേക്ക് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിലെ വിശദമായ അന്വേഷണങ്ങള്‍ക്കായി പിടിയിലായവരെ മുംബൈയില്‍ എത്തിച്ചിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനും അന്വേഷണങ്ങള്‍ക്കും ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക എന്നും പൊലീസ് വ്യക്തമാക്കി. താരത്തിന്‍റെ വീടിന് നേരെയുണ്ടായത് ആസൂത്രിത ആക്രമണം ആണെന്ന നിഗമനത്തിലാണ് പൊലീസ്.
സംഭവത്തെ തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സൽമാൻ ഖാനുമായി ഫോണിൽ സംസാരിച്ചിരുന്നു. കൂടാതെ, അദ്ദേഹം മുംബൈ പൊലീസ് കമ്മീഷണറുമായി ചർച്ച ചെയ്യുകയും നടൻ്റെ സുരക്ഷ വർധിപ്പിക്കാൻ കർശന നിർദേശം നൽകുകയും ചെയ്‌തു. 2022 നവംബർ മുതൽ താരത്തിന് അതീവ സുരക്ഷയാണ് നിർദേശിച്ചിട്ടുള്ളത്.
സ്വയരക്ഷക്ക് വേണ്ടി കൈയ്യിൽ തോക്ക് കരുതാനും താരത്തിന് അനുവാദമുണ്ട്. കൂടാതെ കൂടുതൽ സംരക്ഷണത്തിനായി പുതിയ ബുള്ളറ്റ് പ്രൂഫ് വാഹനവും താരത്തിന് ഇപ്പോൾ സ്വന്തമായിട്ടുണ്ട്.