ക്വാലാലംപൂർ : ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാകുന്നത് സൈനിക വിന്യാസത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ. 'ഇന്ത്യന്‍ ജനതയോടുള്ള എന്‍റെ പ്രഥമ കർത്തവ്യം അതിർത്തി സുരക്ഷിതമാക്കുക എന്നതാണ്. അതിൽ എനിക്ക് ഒരിക്കലും വിട്ടുവീഴ്‌ച ചെയ്യാൻ കഴിയില്ല.'-മലേഷ്യൻ തലസ്ഥാനത്ത് ഇന്ത്യൻ പ്രവാസികളുമായി സംസാരിക്കുന്നതിനിടെ, ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന്‍റെ നിലവിലെ സ്ഥിതി എന്താണെന്നുള്ള ചോദ്യത്തിന് മറുപടിയായി ജയ്‌ശങ്കർ പറഞ്ഞു.
എല്ലാ രാജ്യങ്ങളും അയൽക്കാരുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. ആരാണ് അങ്ങനെയല്ലാത്തത്? എന്നാൽ എല്ലാ ബന്ധങ്ങളും ഏതെങ്കിലും വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഇപ്പോഴും ചൈനയുമായി ചർച്ച നടത്തുകയാണ്. ഞങ്ങൾ ഇടയ്ക്കിടെ കൂടിക്കാഴ്‌ചകള്‍ നടത്തുന്നുണ്ട്. ഞങ്ങളുടെ സൈനിക കമാൻഡർമാർ പരസ്‌പരം ചർച്ചകൾ നടത്തുന്നുണ്ട്. നമുക്ക് ഒരു കരാറുണ്ടായിരുന്നുവെന്ന് വളരെ വ്യക്തമാണ്. യഥാർത്ഥ നിയന്ത്രണ രേഖയുണ്ട്. സൈന്യത്തെ ആ രേഖയിലേക്ക് കൊണ്ടുവരാത്ത ഒരു പാരമ്പര്യം നമുക്കുണ്ട്. ഇരുകൂട്ടര്‍ക്കും കുറച്ച് അകലെയായി താവളങ്ങളുണ്ട്. അത് നമ്മള്‍ പരമ്പരാഗതമായി സൈന്യത്തെ വിന്യസിക്കുന്ന സ്ഥലമാണ്. ആ സാധാരണ നില നമുക്ക് വേണമെന്നും ജയ്‌ശങ്കര്‍ പറഞ്ഞു.
'അതിനാൽ സൈനിക വിന്യാസത്തിന്‍റെ കാര്യത്തിൽ സാധാരണ നിലയിലേക്ക് മടങ്ങുമ്പോള്‍ ചൈനയുമായുള്ള ബന്ധം മുന്നോട്ട് പോകും. ഞങ്ങൾ ചൈനക്കാരോട് വളരെ സത്യസന്ധമായാണ് പെരുമാറുന്നത്. ഇരുപക്ഷത്തിനും അതിർത്തി തർക്കമുണ്ടെന്നതുൾപ്പെടെ വിവിധ കാരണങ്ങളാലാണ് ചൈനയുമായുള്ള ബന്ധം ഉലഞ്ഞത്'- ജയ്‌ശങ്കര്‍ പറഞ്ഞു.
എന്നാൽ അതിർത്തി തർക്കം ഉണ്ടെങ്കിലും സൈനികരെ വലിയ തോതിൽ അതിർത്തിയിലേക്ക് കൊണ്ടുവരില്ലെന്ന് ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ടായിരുന്നു എന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിന്‍റെ പേരില്‍ അക്രമവും രക്തച്ചൊരിച്ചിലും ഉണ്ടാകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകില്ലെന്നും ഉറപ്പ് നല്‍കിയിരുന്നതായി അദ്ദേഹം പറഞ്ഞു.
1980-കളുടെ അവസാനത്തിൽ ആരംഭിച്ച ഈ ധാരണ പല കരാറുകളിലും പ്രതിഫലിച്ചിട്ടുണ്ട്. നിർഭാഗ്യവശാല്‍ ഇപ്പോഴും വ്യക്തമല്ലാത്ത കാരണങ്ങളാൽ, ഈ കരാറുകൾ 2020-ൽ ലംഘിക്കപ്പെട്ടു. അതിർത്തിയില്‍ അക്രമവും രക്തച്ചൊരിച്ചിലും ഉണ്ടായെന്നും ജയ്‌ശങ്കര്‍ പറഞ്ഞു. 2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ നടന്ന മാരകമായ ഏറ്റുമുട്ടലിനെ തുടർന്നാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ കാര്യമായ വിള്ളലുണ്ടാകുന്നത്. നാല് പതിറ്റാണ്ടിനിടയില്‍ ഇരു രാജ്യവും തമ്മിലുണ്ടാകുന്ന ഏറ്റവും ഗുരുതരമായ സൈനിക ഏറ്റുമുട്ടലായിരുന്നു 2020ലേത്.