ഹൈദരാബാദ് : ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന രാഹിത് വെമുല 2016ല്‍ ആത്‌മഹത്യ ചെയ്‌ത കേസില്‍ തെലങ്കാന പൊലീസിന്‍റെ ക്ലോഷര്‍ റിപ്പോര്‍ട്ടിനെ നിയമപരമായി നേരിടുമെന്ന് കുടുംബം. കുടുംബത്തിന്‍റെ പട്ടികജാതി പദവി സംബന്ധിച്ച് ജില്ല കലക്‌ടറാണ് തീരുമാനം എടുക്കേണ്ടത് എന്ന് രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല പ്രതികരിച്ചു.
രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട ക്ലോഷര്‍ റിപ്പോര്‍ട്ടില്‍, രോഹിത് ദലിതനല്ലെന്നും തന്‍റെ യഥാര്‍ഥ ജാതി വെളിവാകുമെന്ന് ഭയന്ന് 2016ല്‍ ആത്‌മഹത്യ ചെയ്യുകയായിരുന്നു എന്നും തെലങ്കാന പൊലീസ് പറയുന്നു. രോഹിത് വെമുലയുടെ കുടുംബം ഉന്നയിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ട് ബന്ധപ്പെട്ട കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് തെലങ്കാന പൊലീസ് ഡയറക്‌ടര്‍ ജനറല്‍ രവി ഗുപ്‌ത ഇന്നലെ (മെയ് 3) പ്രസ്‌താവനയില്‍ അറിയിച്ചു.
കീഴ്‌ക്കോടതിയില്‍ പ്രതിഷേധ ഹര്‍ജി സമര്‍പ്പിക്കാന്‍ തെലങ്കാന ഹൈക്കോടതി അവസരം നല്‍കിയെന്ന് രാജ വെമുല മാധ്യമങ്ങളോട് പ്രതികരിച്ചു. രോഹിത് വെമുല പട്ടികജാതിയില്‍ പെട്ട ആളാണോ അല്ലയോ എന്നത് ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ല കലക്‌ടറാണ് സാക്ഷ്യപ്പെടുത്തേണ്ടത്. രോഹിത് പട്ടികജാതിക്കാരനല്ലെന്ന് പൊലീസിന് എങ്ങനെ പറയാന്‍ കഴിയുമെന്നും രാജ ചോദിച്ചു.
വിഷയത്തില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെ കാണാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും രാജ വെമുല വ്യക്തമാക്കി. അതേസമയം കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ മദാപൂര്‍ അസിസ്റ്റന്‍റ് കമ്മിഷണറാണെന്നും അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ നവംബര്‍ മാസത്തിന് മുന്‍പ് അന്തിമ ക്ലോഷര്‍ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട് എന്നും രവി ഗുപ്‌ത പറഞ്ഞു.