ത്രിപുര : ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വഴി അനധികൃതമായി കടന്ന അഞ്ച് റോഹിങ്ക്യൻ അഭയാര്‍ഥികളെ അഗർത്തല റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്‌തു. രണ്ട് സ്‌ത്രീകളും മൂന്ന് പുരുഷന്മാരുമാണ് പിടിയിലായത്. ഹൈദരാബാദ്, ജമ്മു കാശ്‌മീർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ട്രെയിൻ മാർഗം എത്താനായിരുന്നു ഇവരുടെ ശ്രമം എന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. മുഹമ്മദ് ഇമ്രാൻ (22), മുഹമ്മദ് അബു ജാമിർ (20), മുഹമ്മദ് അസീസുൽ ഹൊസെൻ (22), യാസ്‌മിൻ അറ (20), രാജു ബീഗം (35) എന്നിവരാണ് അറസ്റ്റിലായത്.
അനധികൃത വഴിയിലൂടെയാണ് സംഘം ഇന്ത്യയിലേക്ക് കടന്നതെന്ന് അധികൃതർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഗർത്തല ജിആർപി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പിടിയിലായവരെ ബുധനാഴ്‌ച കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ വർഷം ജൂലൈയിൽ വ്യാജ രേഖകൾ ഉപയോഗിച്ച് റോഹിങ്ക്യൻ അഭയാര്‍ഥികളെ ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാൻ സഹായിച്ചതിന് രണ്ട് ബംഗ്ലാദേശി പൗരന്മാർ ഉൾപ്പെടെ 8 പേരെ ത്രിപുരയിൽ നിന്ന് അസം പൊലീസിന്‍റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) പിടികൂടിയിരുന്നു. റോഹിങ്ക്യൻ മുസ്‌ലിങ്ങളുടെ അനധികൃത കുടിയേറ്റം തടയാന്‍ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, ഡിഐജി പാർത്ഥസാരഥി മഹന്തയുടെ മേൽനോട്ടത്തിൽ അസമിലെ എസ്‌ടിഎഫ് നടത്തിയ ഓപ്പറേഷന്‍റെ ഭാഗമായാണ് അഞ്ച് പേരെ പിടികൂടിയത്.
Also Read : കത്വയിലെ തടങ്കൽ കേന്ദ്രത്തിൽ നിന്ന് മോചിപ്പിക്കണം ; പൊലീസുമായി ഏറ്റുമുട്ടി റോഹിംഗ്യൻ അഭയാർഥികൾ