ഹൈദരാബാദ് : രാജ്യത്തെ സ്‌ത്രീ സുരക്ഷയുടെ കാര്യത്തില്‍ വളരെ ആശങ്കയുണ്ടെന്ന് വ്യവസായിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വദ്ര. ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രെയിനി ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് റോബർട്ട് വദ്രയുടെ പരാമര്‍ശം. ഹൈദരബാദില്‍ വാര്‍ത്ത ഏജന്‍സിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാജ്യത്ത് സ്‌ത്രീകൾക്ക് വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന സാഹചര്യത്തില്‍ എനിക്ക് വിഷമമുണ്ട്. സ്‌ത്രീകളുടെ സുരക്ഷ വളരെ പ്രധാനമാണ്. ഭരണകൂടങ്ങൾക്കും മറ്റ് സംവിധാനങ്ങൾക്കും സ്‌ത്രീകള്‍ക്ക് നീതി നേടിക്കൊടുക്കാന്‍ സാധിക്കുന്നില്ല. ഇത്തരം കേസുകൾ മറച്ചുപിടിക്കാൻ ശ്രമിക്കുന്നത് ശരിക്കും ലജ്ജാകരമാണെന്നും റോബർട്ട് വദ്ര പറഞ്ഞു. കൊല്‍ക്കത്തയില്‍ മരിച്ച യുവ ഡോക്‌ടറുടെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ സമ്മർദം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കേസുകള്‍ പാർട്ടി ലൈനുകൾക്ക് അതീതമായി വരണമെന്നും വദ്ര കൂട്ടിച്ചേര്‍ത്തു.
'ഞാൻ വ്യക്തമായും പശ്ചിമ ബംഗാളിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അവിടെ നടന്ന സംഭവങ്ങളിള്‍ ഞാൻ വളരെ അസ്വസ്ഥനാണ്. നമ്മൾ പാർട്ടിയുടെ പരിധികള്‍ക്ക് മുകളിൽ വന്ന് രാജ്യത്തെ സ്‌ത്രീ സുരക്ഷയെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ആ കുടുംബത്തിന് നീതി ലഭിക്കണം. ഞാൻ അതിനായി കാത്തിരിക്കുകയാണ്. മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിന് വേണ്ടി ഞാൻ പരമാവധി ശ്രമിക്കും'- അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 9 ന് ആണ് കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളില്‍ ട്രെയിനി ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് അന്വേഷിക്കുന്ന സിബിഐ, മുൻ പ്രിൻസിപ്പാള്‍ സന്ദീപ് ഘോഷിന്‍റെ രണ്ടാം ഘട്ട പോളിഗ്രാഫ് ടെസ്റ്റ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയുടെ നുണപരിശോധനയും സിബിഐ ഉദ്യോഗസ്ഥർ പൂര്‍ത്തിയാക്കി.
Also Read : കൊല്‍ക്കത്തയിലെ ഡോക്‌ടറുടെ കൊലപാതകം; പ്രതിഷേധം കടുപ്പിച്ച് ജൂനിയർ ഡോക്‌ടേഴ്‌സ് ഫ്രണ്ട്