മുംബൈ: വീട്ടുജോലിക്കെത്തി പണവും ആഭരണങ്ങളും കവര്‍ന്ന മധ്യവയസ്‌കനും കൂട്ടാളികളും അറസ്റ്റില്‍. മഹാരാഷ്‌ട്ര സ്വദേശികളായ നിരഞ്ജന്‍ ബഹേലിയ (41), ഗുട്ടിയ എന്ന രാം ചെല്‍വ മകു പസ്വാന്‍ (26), സ്വര്‍ണപ്പണിക്കാരനായ ജയപ്രകാശ് ഹരിശങ്കര്‍ രസ്‌തഗി (59) എന്നിവരാണ് പിടിയിലായത്. ഏഴ് ലക്ഷം രൂപയും 2 കോടി രൂപ വിലമതിക്കുന്ന വജ്ര-സ്വര്‍ണാഭരണങ്ങളുമാണ് സംഘം കവര്‍ന്നത്.
കഴിഞ്ഞ മാസമാണ് കേസിനാസ്‌പദമായ സംഭവം. കുടുംബം ഗോവയിലെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് മുഖ്യപ്രതിയായ ബഹേലിയയും പാസ്വാനും ചേര്‍ന്ന് വീട്ടുടമയുടെ കിടപ്പ് മുറിയുടെ വാതില്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയത്. മോഷണത്തിന് പിന്നാലെ സംഘം വീട്ടില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. വിവാഹഘോഷങ്ങള്‍ക്ക് ശേഷം കുടുംബം മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. ഇതോടെ വീട്ടുടമ പൊലീസില്‍ പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ വീട്ടിലെത്തിയ പൊലീസ് സിസിടിവി പരിശോധിച്ചതോടെയാണ് വീട്ടുജോലിക്കാരനും കൂട്ടാളിയും മോഷണം നടത്തുന്നതായി കണ്ടെത്തിയത്. ഇതോടെ അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് ഇന്നലെയാണ് ഉത്തര്‍പ്രദേശില്‍ നിന്നും പ്രതികളെ പിടികൂടിയത്.
സംഘം കവര്‍ന്ന ഒരു കോടി രൂപയുടെ ആഭരണങ്ങളും 1.45 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. ആഭരണങ്ങളില്‍ ഏറെയും സംഘം വില്‍പ്പന നടത്തിയിട്ടുണ്ട്. രസ്‌തോഗിയാണ് ആഭരണങ്ങള്‍ വില്‍ക്കാന്‍ മോഷ്‌ടാക്കളെ സഹായിച്ചത്. ഇതിനാണ് രസ്‌തോഗിക്കെതിരെ കേസെടുത്തത്. മറ്റൊരു ആഭരണ വ്യാപാരിയെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Also Read: അക്ഷയ കേന്ദ്രത്തിലും ഫാര്‍മസിയിലും മോഷണം; 28,500 രൂപയും മൊബൈല്‍ ഫോണുകളും കവര്‍ന്നു