അമേഠി (ഉത്തർപ്രദേശ്) : സുൽത്താൻപൂർ-റായ്ബറേലി റോഡിൽ വാഹനാപകടം. അപകടത്തില്‍ ഒരു കുട്ടിയടക്കം അഞ്ച് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അപകടവിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
മുൻഷി ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ ജമോ ഭാദർ കവലയ്ക്ക് സമീപം ബൊലേറോയും ബുള്ളറ്റും നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ബുള്ളറ്റിലുണ്ടായിരുന്ന കുട്ടിയടക്കം മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അതേസമയം ബൊലേറോയിൽ യാത്ര ചെയ്‌തിരുന്ന രണ്ട് സ്‌ത്രീകൾ മരിക്കുകയും ആറ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.
ജില്ലയിലെ ഭാവപൂർ സ്വദേശിയായ ദുർഗേഷ് ഉപാധ്യായ സഹോദരിയെ വീട്ടിലേക്ക് കൊണ്ടുവരാൻ ഞായറാഴ്‌ച രാവിലെ സഹോദരിയുടെ വീട്ടിൽ പോയിരുന്നു. സഹോദരി വന്ദനയ്ക്കും ഏഴുവയസുള്ള മകൻ ദേവാൻഷിനുമൊപ്പം ബുള്ളറ്റിൽ വീട്ടിലേക്ക് വരുന്നതിനിടെ ആയിരുന്നു അപകടം. രാംഗഞ്ച് മാർക്കറ്റിൽ മെഡിക്കൽ സ്റ്റോർ നടത്തിയിരുന്നയാളാണ് ദുർഗേഷ്.
ബൊലേറോയിലെ യാത്രക്കാര്‍ സുൽത്താൻപൂർ ജില്ലയിലെ ഇസ്ലാം ഗഞ്ചിൽ നിന്ന് ധാരായി മാഫിയിലേക്ക് പോകുകയായിരുന്നു. വഴിയിൽ ട്രാക്‌ടറില്‍ നിന്നും രക്ഷനേടാന്‍ വാഹനം വെട്ടിച്ചപ്പോള്‍ മരത്തിലിടിച്ച് ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ മറ്റ് ആറ് പേരെ ചികിത്സയ്ക്കായി സുൽത്താൻപൂർ ജില്ല ആശുപത്രിയിലും ഗൗരിഗഞ്ച് ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ALSO READ: തെലങ്കാനയില്‍ ട്രക്കിടിച്ച് മൂന്ന് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു