കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവ വനിത ഡോക്‌ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ വീണ്ടും പ്രതിഷേധം. സംഭവത്തില്‍ പ്രതികളായ രണ്ട് പേര്‍ക്ക് ജാമ്യം ലഭിതച്ചതിന് പിന്നാലെയാണ് റാലികളും മറ്റുമായി കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തെരുവിലിറങ്ങിയത്. കേസില്‍ നീതി ലഭ്യമാക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടുവെന്നും തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഈ വിഷയത്തില്‍ മൗന ധാരണയിലാണുള്ളതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
വനിത ഡോക്‌ടര്‍ കൊല്ലപ്പെട്ട കേസില്‍ ആർജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, ടല പൊലീസ് സ്റ്റേഷൻ മുൻ ഓഫിസര്‍ അഭിജിത് മൊണ്ഡൽ എന്നിവര്‍ക്കാണ് കോടതി ഇന്നലെ (ഡിസംബര്‍ 13) ജാമ്യം അനുവദിച്ചത്. കൊല്‍ക്കത്തയിലെ സീല്‍ദാ കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. 90 ദിവസത്തിനുള്ളില്‍ ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാൻ സിബിഐ പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു കോടതിയുടെ നടപടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രബീന്ദ്ര സദൻ ഏരിയയില്‍ നിന്നും തെക്കൻ കൊല്‍ക്കത്തയിലെ നിസാം പാലസിലുള്ള സിബിഐ ഓഫിസിലേക്കായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതിഷേധ മാര്‍ച്ച്. പ്രതിഷേധക്കാരെ നിസാം പാലസിലേക്ക് കടക്കാൻ പൊലീസ് അനുവദിച്ചിരുന്നില്ല. ഇതോടെ, പ്രദേശത്ത് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി.
വെസ്റ്റ് ബംഗാൾ ജൂനിയർ ഡോക്‌ടേഴ്‌സ് ഫ്രണ്ടും പ്രതിഷേധ റാലി സംഘടിപ്പിച്ചു. കരുണാമോയിയില്‍ നിന്നും സാള്‍ട്ട് ലേക്ക് ഏരിയയിലെ സിബിഐ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ കൊല്ലപ്പെട്ട യുവ ഡോക്‌ടറുടെ മാതാപിതാക്കളും റാലിയുടെ ഭാഗമായി. നീതിക്ക് വേണ്ടി തങ്ങള്‍ പോരാടുമെന്നും അത് തങ്ങളുടെ അവകാശമാണെന്നും വനിത ഡോക്‌ടറുടെ അമ്മ പറഞ്ഞു.
എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) പ്രവർത്തകർ കരുണാമോയിയിൽ നിന്ന് സാൾട്ട് ലേക്ക് സിജിഒ കോംപ്ലക്‌സിലേക്ക് മാർച്ച് നടത്തി. വിദ്യാര്‍ഥി സംഘടന എസ്‌എഫ്ഐയും പ്രതിഷേധ റാലി സംഘടിപ്പിച്ചു.
Also Read : ജമ്മു കശ്‌മീരിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് ഉന്നത തല യോഗം; അമിത് ഷാ നേതൃത്വം നൽകിയേക്കും