കൊല്‍ക്കത്ത : യുവ വനിത ഡോക്‌ടര്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി സഞ്ജയ് റോയിയെ നുണപരിശോധനയ്‌ക്ക് വിധേയനാക്കാന്‍ സിബിഐയ്‌ക്ക് കൊല്‍ക്കത്ത പ്രത്യേക കോടതിയുടെ അനുമതി. ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷിനെയും മറ്റ് അഞ്ച് പേരെയും നുണപരിശോധനയ്‌ക്ക് വിധേയരാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സിബിഐയുടെ അപേക്ഷ സീല്‍ദായിലെ അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വ്യായാഴ്‌ച അംഗീകരിച്ചിരുന്നു.
ഇവരില്‍ ഒരാള്‍ സഞ്ജയ് റോയിയുടെ അടുത്ത സഹായിയാണ്. മറ്റ് നാലുപേര്‍ ഓഗസ്റ്റ് 8, 9 തീയതികളില്‍ ആര്‍ജി കര്‍ ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പിജി മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ കീഴ്‌ക്കോടതി സഞ്ജയ് റോയിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.
കേസില്‍ ഇതുവരെ അറസ്റ്റിലായ ഏക വ്യക്തിയാണ് സഞ്ജയ് റോയി. ഇയാളെ നുണ പരിശോധനയ്‌ക്ക് വിധേയനാക്കാന്‍ അനുമതി തേടി തിങ്കളാഴ്‌ചയാണ് സിബിഐ കോടതിയെ സമീപിച്ചത്. ചോദ്യം ചെയ്യലില്‍ സഞ്ജയ് റോയി നല്‍കിയ മൊഴിയില്‍ വൈരുധ്യം ഉള്ളതിനാലാണ് സിബിഐ നുണപരിശോധനയ്‌ക്ക് അനുമതി തേടിയത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഡോക്‌ടറുടെ മൃതദേഹത്തിന് അരികില്‍ നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഉപകരണത്തിന്‍റെ അടിസ്ഥാനത്തിലുമാണ് സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഡോക്‌ടറുടെ മൃതദേഹം കണ്ടെത്തിയ ഹാളിലേക്ക് ഇയാള്‍ പ്രവേശിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു.
അതേസമയം സഞ്ജയ് റോയി കുറ്റം സമ്മതിച്ചതായാണ് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ബലാത്സംഗവും കൊലപാതകവും ഒരാള്‍ തന്നെ ചെയ്‌തതാകില്ല എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്‌ത ഇയാളെ കേസ് ഏറ്റെടുത്തതിനെ തുടര്‍ന്ന് സിബിഐയ്‌ക്ക് കൈമാറുകയായിരുന്നു.