ന്യൂഡല്‍ഹി: 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി ഇന്ത്യ ഒരുങ്ങി (Republic Day Celebrations 2024). 1950ല്‍ ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്‍റെ ഓര്‍മയ്‌ക്കായാണ് എല്ലാ വര്‍ഷവും ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. രാജ്യത്തിന്‍റെ സാംസ്‌കാരിക വൈവിധ്യവും സൈനിക ശക്തിയും ലോകത്തിന് മുന്നില്‍ കാട്ടിക്കൊടുക്കുന്ന കര്‍ത്തവ്യ പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ് ആഘോഷങ്ങളിലെ പ്രധാന ആകര്‍ഷണം.
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ (Emmanuel Macron) ആണ് ഇപ്രാവശ്യം ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥി (Republic Day Chief Guest 2024). ഈജിപ്‌ത് പ്രസിഡന്‍റ് അബ്‌ദുല്‍ ഫത്താഹ് എല്‍ സിസിയായിരുന്നു കഴിഞ്ഞ വര്‍ഷം ചടങ്ങുകളില്‍ മുഖ്യാഥിതിയായി പങ്കെടുത്തത്. ഇന്ത്യ-ഫ്രാന്‍സ് നയതന്ത്ര ബന്ധത്തിന്‍റെ 25 വര്‍ഷങ്ങളുടെ ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്നത് കൂടിയാകും മാക്രോണിന്‍റെ ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം.
കഴിഞ്ഞ ജൂണില്‍ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇമ്മാനുവേല്‍ മാക്രോണും ഇന്ത്യയിലേക്ക് വരുന്നത്. അതേസമയം, ചരിത്രത്തില്‍ ഇത് ആറാമത്തെ പ്രാവശ്യമാണ് ഫ്രഞ്ച് ഭരണത്തലവനെ ഇന്ത്യ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് മുഖ്യാതിഥിയായി ക്ഷണിക്കുന്നത്.
ആഘോഷങ്ങള്‍ക്കായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ കഴിഞ്ഞ ദിവസം ജയ്‌പൂരില്‍ എത്തിയിരുന്നു. ജയ്‌പൂര്‍ അന്താരാഷ്‌ട്ര വിമാനത്തവളത്തില്‍ ഉച്ചയോടെ എത്തിയ അദ്ദേഹത്തെ വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കര്‍, രാജസ്ഥാന്‍ ഗവര്‍ണര്‍ കമല്‍രാജ് മിശ്ര, മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
രാജ്യതലസ്ഥാനത്ത് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധസ്‌മാരകത്തില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടെയാണ് റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമാകുന്നത്. ഇതിന് പിന്നാലെ രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണും ആഘോഷങ്ങള്‍ക്കായി കര്‍ത്തവ്യ പഥിലേക്കെത്തും. രാവിലെ 8 മണിക്ക് രാഷ്‌ട്രപതി ദേശീയ പതാക ഉയര്‍ത്തും.
കര്‍ത്തവ്യ പഥിലും സമീപ പ്രദേശങ്ങളിലുമായി ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ 14,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. കമാൻഡോകൾ, റാപ്പിഡ് റെസ്‌പോണ്‍സ് ഫോഴ്‌സ് എന്നിവയെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ക്കൊപ്പം ഡല്‍ഹി പൊലീസും, ട്രാഫിക് പൊലീസും ചേര്‍ന്നാണ് ക്രമീകരണങ്ങള്‍ നടപ്പാക്കുന്നത് (Republic Day Celebrations Security Arrangements).
Also Read : ഭാരത റിപ്പബ്ലിക്കിന്‍റെ 75 വര്‍ഷങ്ങള്‍; മഹത്തായ ഭരണഘടനയുടെ ആഘോഷം