ബെംഗളുരു: രേണുക സ്വാമി കൊലക്കേസില്‍ ചലച്ചിത്രതാരം ദര്‍ശനെയും പവിത്ര ഗൗഡയെയും മറ്റ് പതിനൊന്ന് പേരെയും അഞ്ച് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 20വരെയാണ് പൊലീസ് കസ്റ്റഡി. സാമ്പത്തിക കുറ്റകൃത്യ കോടതിയുടേതാണ് നടപടി.
ജസ്റ്റിസ് വിശ്വനാഥ് സി ഗൗഡറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദര്‍ശന്‍, പവിത്രഗൗഡ, പവന്‍, രാഘവേന്ദ്ര, നന്ദിഷ്, വിനയ്, നാഗരാജ്, ലക്ഷ്‌മണ്‍, ദീപക്, പ്രദോഷ്, നിഖില്‍ നായ്ക്, അനുകുമാര്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്‌തത്.
രേണുകസ്വാമി ക്രൂരമായാണ് കൊല്ലപ്പെട്ടതെന്ന് എസ്‌പിപി പ്രസന്നകുമാര്‍ വാദിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ പതിനാറ് പേരെയാണ് അറസ്റ്റ് ചെയ്‌തിട്ടുള്ളത്. ഇവരെ ചോദ്യം ചെയ്‌തു. ഇവരെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എത്തിച്ച് വിവിധ തെളിവുകള്‍ ശേഖരിച്ചു.
കുറ്റകൃത്യത്തിനുപയോഗിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളുടെ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ജഗദീഷ്, അനുകുമാര്‍ എന്നിവരെ ഇന്നലെയാണ് അറസ്റ്റ് ചെയ്‌തത്. ഇവരില്‍ നിന്ന് മുപ്പത് ലക്ഷം രൂപയും പിടിച്ചെടുത്തു. അഞ്ചാം പ്രതി നന്ദിഷും പതിമൂന്നാം പ്രതി ദീപക്കും ചേര്‍ന്ന് രേണുകസ്വാമിക്ക് വൈദ്യുത ഷോക്ക് നല്‍കി. ഇതിനുള്ള തെളിവുകളും കിട്ടിയിട്ടുണ്ട്.
തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളും പ്രതികള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. അന്വേഷണത്തില്‍ പ്രതികളില്‍ നിന്ന് പല വിവരങ്ങളും കിട്ടാനുണ്ട്. അത് കൊണ്ട് ഇവരെ ഒന്‍പത് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു.
ദര്‍ശന് വേണ്ടി അഭിഭാഷകനായ അനില്‍ബാബുവാണ് ഹാജരായത്. രണ്ടാംപ്രതിയായ ദര്‍ശനാണ് എല്ലാത്തിനും ഉത്തരവാദിയെന്നാണ് ആരോപണം. ഇത് എത്രമാത്രം ശരിയാണെന്ന് അനില്‍ബാബു ആരാഞ്ഞു. അത് കൊണ്ട് തന്നെ ദര്‍ശനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പവിത്ര ഗൗഡയ്ക്ക് വേണ്ടി അഭിഭാഷകനായ നാരായണസ്വാമിയാണ് ഹാജരായത്. ആറ് ദിവസമായി പവിത്രഗൗഡയെ ചോദ്യം ചെയ്യുകയാണ്. കോടതിയുടെ അനുമതിയില്ലാതെയാണ് ഇവരുടെ ഫോണ്‍ പിടിച്ചെടുത്തത്. പ്രതികളുടെ മൊഴികള്‍ ചോര്‍ന്നുവെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അത് കൊണ്ട് ഇവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണം. വാദങ്ങള്‍ കേട്ടശേഷം പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിടുകയായിരുന്നു.