ബെംഗളുരു/ചിത്രദുര്‍ഗ: ചിത്ര ദുര്‍ഗ സ്വദേശി രേണുക സ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ചലച്ചിത്രതാരം ദര്‍ശനും കൂട്ടാളികള്‍ക്കുമെതിരെയുള്ള അന്വേഷണം ആരംഭിച്ചു. കാമാക്ഷി പാളയം പൊലീസ് ദര്‍ശനും പവിത്ര ഗൗഡയുമടക്കും പതിമൂന്ന് പേരെ ഇതിനകം അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഇവര്‍ ചില സാങ്കേതിക തെളിവുകളും ശേഖരിച്ചു. അറസ്‌റ്റിലായവരെ ആറ് ദിവസത്തേക്ക് പൊലീസ് കസ്‌റ്റഡിയില്‍ വിട്ടു കൊണ്ട് കോടതി ഇന്നലെ ഉത്തരവായിരുന്നു.
മരിച്ചയാളില്‍ നിന്ന് കണ്ടെത്തിയ വസ്‌തുക്കള്‍ തിരിച്ചറിയാനായി ദര്‍ശനെ കൊണ്ടുപോയി. മറ്റ് മൂന്ന് പേരെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തും തെളിവെടുപ്പിനായി കൊണ്ടുപോയി. മൃതദേഹം കൊണ്ടിട്ട സ്ഥലം ഇതിലൊരാള്‍ പൊലീസിന് കാട്ടിക്കൊടുത്തു. സാധനങ്ങള്‍ തിരിച്ചറിയാന്‍ സജ്ജമാക്കിയ സ്ഥലത്ത് കനത്ത പൊലീസ് ബന്തവസ് ഏര്‍പ്പെടുത്തിയിരുന്നു. പൊലീസ് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്.
ആരെയും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി പരമേശ്വര പറഞ്ഞു. നിയമം എല്ലാവര്‍ക്കും ഒരു പോലെയാണ്. കൊലപാതകത്തില്‍ ദര്‍ശന്‍റെ പങ്ക് പുറത്ത് കൊണ്ടുവരണം. ദര്‍ശനെ അറസ്‌റ്റ് ചെയ്‌ത് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദര്‍ശന്‍റെ കാമുകിയെക്കുറിച്ച് രേണുക സ്വാമി മോശം പരാമര്‍ശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടത്തിയതായി വിവരമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പരാതി നല്‍കിയിരുന്നെങ്കില്‍ പൊലീസ് നടപടി കൈക്കൊണ്ടേനേ. എന്നാല്‍ പ്രതികള്‍ ഇയാളെ കൊണ്ടുപോയി മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്. പൊലീസ് നിയമനടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.
ദര്‍ശന്‍ സ്വാധീനമുള്ള പല നേതാക്കളെയും വിളിച്ചിരുന്നു എന്ന ആരോപണത്തോടും മന്ത്രി പ്രതികരിച്ചു. ആരും അത്തരം ഒരു ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമം അനുസരിച്ച് നടപടിയെടുക്കട്ടെ. സര്‍ക്കാരില്‍ നിന്ന് യാതൊരു ഇടപെടലും ഉണ്ടാകില്ല. സര്‍ക്കാര്‍ പൊലീസിന് എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രേണുക സ്വാമിയുടെ കുടുംബത്തിന് എന്ത് സഹായം നല്‍കാനാകുമെന്ന് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊല്ലപ്പെട്ട രേണുക സ്വാമിയുടെ സംസ്‌കാരം ഇന്നലെ ചിത്രദുര്‍ഗയില്‍ നടന്നു. വീര ശൈവ ലിംഗായത്ത് ആചാരപ്രകാരമായിരുന്നു സംസ്‌കാരം. തന്‍റെ ഭര്‍ത്താവിനോട് ചെയ്‌ത അനീതിക്ക് നീതി വേണമെന്ന് രേണുക സ്വാമിയുടെ ഭാര്യ സഹാന പറഞ്ഞു. വിവാഹം കഴിഞ്ഞിട്ട് കേവലം ഒരു വര്‍ഷമേ ആയിട്ടുള്ളൂ. താന്‍ ഒരു അമ്മയാകാന്‍ പോകുകയാണ്. കൊല്ലപ്പെടും മുമ്പ് അദ്ദേഹം തന്നെ വിളിച്ച് സംസാരിച്ചിരുന്നു. തന്‍റെ ഭര്‍ത്താവ് ദര്‍ശന്‍റെ ആരാധകനായിരുന്നില്ല. ദര്‍ശന് നീതി നല്‍കാന്‍ ഇവിടെ ആളുണ്ട്. താന്‍ ഭാവിയില്‍ എങ്ങനെ ജീവിക്കുമെന്നും ഇവര്‍ ചോദിക്കുന്നു.
രേണുകാ സ്വാമിയുടെ അച്‌ഛനും അമ്മയും ദര്‍ശനെതിരെ ആഞ്ഞടിച്ചു. കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഉന്നതതല അന്വേഷണം നടന്നെങ്കില്‍ മാത്രമേ നീതി കിട്ടൂ. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ ആരായാലും മാതൃകാപരമായി ശിക്ഷിക്കണമെന്ന് രേണുകാസ്വാമിയുടെ അമ്മാവന്‍ സദാക്ഷരയ്യ ആവശ്യപ്പെട്ടു.