റിയാസി (ജമ്മു കശ്‌മീർ) : ജൂൺ ഒൻപതിന് തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിനുനേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്. പ്രതിയെക്കുറിച്ചുളള വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ഭീകരാക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തലും വിവരണവും അടിസ്ഥാനമാക്കിയാണ് രേഖാചിത്രം തയ്യാറാക്കിയതെന്ന് പൊലീസ് പറഞ്ഞു. എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ തന്നിരിക്കുന്ന ഫോൺ നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. എസ്എസ്‌പി റിയാസി - 9205571332, എഎസ്‌പി റിയാസി - 9419113159, ഡിവൈഎസ്‌പി റിയാസി - 9419133499, എസ്എച്ച്ഒ പൗണി - 7051003214, എസ്എച്ച്ഒ റാൻസൂ- 7051003213, പിസിആർ റിയാസി- 9622856295.
ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നതായി കശ്‌മീർ പൊലീസ് അറിയിച്ചു. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ ജമ്മു കശ്‌മീർ പൊലീസ് 11 ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ സംഘം തിങ്കളാഴ്‌ച റിയാസിയിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും ഫോറൻസിക് സംഘം തെളിവുകൾ ശേഖരിക്കുകയും ചെയ്‌തിരുന്നു.
ജമ്മു കശ്‌മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ റിയാസി ഭീകരാക്രമണത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Also Read: "എന്തുകൊണ്ട് സാധാരണക്കാരും കുട്ടികളും?" ; റിയാസി ഭീകരാക്രമണത്തെ അപലപിച്ച് പ്രിയങ്ക ചോപ്ര