ന്യൂഡൽഹി: ജമ്മു കശ്‌മീരിലെ റിയാസിയില്‍ നടന്ന ഭീകരാക്രമണത്തെ കുറിച്ചുളള അന്വേഷണ ചുമതല എൻഐഎ ഏറ്റെടുത്തു. ജൂൺ 15 ന് ജമ്മു കശ്‌മീർ പൊലീസിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുക്കുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവിനെ തുടർന്ന് പുതിയ എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്‌തു. ഭീകരാക്രമണത്തിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്തുക എന്നതാണ് അന്വേഷണത്തിന്‍റെ പ്രധാന ലക്ഷ്യം.
കേന്ദ്രഭരണ പ്രദേശത്ത് സുരക്ഷ വെല്ലുവിളി ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണ ചുമതല എൻഐഎ ക്ക് കൈമറിയാത്. ജൂൺ ഒമ്പതിന് പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യ്ത ദിവസമാണ്, റിയാസിയില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് തീർഥാടകർ സഞ്ചരിച്ച ബസ് തോട്ടിലേക്ക് മറിയുകയും ഒമ്പത് പേർ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു. 33 തീർഥാടകർക്ക് ആക്രമണത്തിൽ പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
സംഭവം നടന്ന അടുത്ത ദിവസം തന്നെ എൻഐഎയുടെ ഒരു സംഘം സംഭവസ്ഥലം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്‌തിരുന്നു. എൻഐഎയുടെ ഫോറൻസിക് സംഘവും സ്ഥലം നേരത്തെ സന്ദര്‍ശിച്ചിരുന്നു. കേസിലെ എൻഐഎയുടെ ഇടപെടൽ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും തെളിവുകളുടെ സമഗ്രമായ പരിശോധന ഉറപ്പാക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
Also Read: റിയാസി ഭീകരാക്രമണം: പ്രതികളെന്ന് സംശയിക്കുന്ന 50 പേര്‍ അറസ്‌റ്റില്‍