മലയാളികളുടെ ഉള്ളുലച്ച സിനിമയാണ് ആടുജീവിതം. സൗദിയിലെ മണലാരണ്യത്തില്‍ നരകയാതന അനുഭവിച്ച നജീബ് ഏറെപ്പേരുടെ കണ്ണ് നനയിച്ചു. പൃഥ്വിരാജ് അവതരിപ്പിച്ച നജീബിനെ കേന്ദ്രീകരിച്ചാണ് ബ്ലെസി കഥപറഞ്ഞതെങ്കിലും ജീവിതം കരുപ്പിടിപ്പിക്കാന്‍ കടലുകടന്ന ഒട്ടേറെപ്പേരുടെ അനുഭവം കൂടിയായിരുന്നുവിത്. എന്നാല്‍ രാജസ്ഥാനിലെ ജയ്‌സാൽമീറില്‍ ആടുജീവിതം നയിച്ച ഒരാളുടെ കഥയാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ചെറുപ്പത്തിലുള്ള തട്ടിക്കൊണ്ടുപോകലും തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട് നിന്ന നരക ജീവിതവും അവസാനിപ്പിച്ച് അയാളിപ്പോള്‍ സ്വന്തം കുടുംബത്തോടൊപ്പം ചേര്‍ന്നിരിക്കുകയാണ്. മൂന്ന് പതിറ്റാണ്ടിലേറെ കഴിഞ്ഞ് യുപിയിലെ സാഹിബാബാദിലുള്ള തന്‍റെ കുടുംബത്തൊടൊപ്പം ഒന്നിച്ച സന്തോഷത്തിണിപ്പോള്‍ 38-കാരനായ രാജു. എന്നാല്‍ തന്‍റെ ദുരിതകാലത്തെക്കുറിച്ച് പറയുമ്പോള്‍ രാജുവിന്‍റെ കണ്ണ് നനയും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
#WATCH | Ghaziabad, UP: Bhim Singh reunited with his family after more than three decades.
— ANI UP/Uttarakhand (@ANINewsUP) November 28, 2024
Bhim Singh says, " when along with my sister, i was returning from school, some people kidnapped us and took us to jaisalmer, rajasthan...i used to rear sheep and goats in the… pic.twitter.com/2sGJQvIUoq
"തട്ടിക്കൊണ്ടുപോയവര്‍ എന്നെ ഒരു ട്രക്ക് ഡ്രൈവര്‍ക്ക് കൈമാറി. അയാളാണ് രാജസ്ഥാനിലെ ജയ്‌സാൽമീറിലേക്ക് എത്തിക്കുന്നത്. അവിടെ ഒരു തരിശായ പ്രദേശത്തിന് നടുവിലെ ഒറ്റമുറി വീട്ടിലായിരുന്നു പാര്‍പ്പിച്ചത്.
പകല്‍ മുഴുവന്‍ ആടുകളെ പരിപാലിക്കലായിരുന്നു ജോലി. രക്ഷപ്പെടാതിരിക്കാന്‍ ഓരോ രാത്രിയും എന്നെ ചങ്ങലയിട്ട് മുറിയിൽ പൂട്ടിയിട്ടു. രണ്ട് നേരത്തെ ഭക്ഷണമായി ഒരു റൊട്ടിയും ചായയും മാത്രമേ നൽകിയിരുന്നുള്ളൂ" - രാജു പറഞ്ഞു.
ഏഴാം വയസിലെ തട്ടിക്കൊണ്ടുപോകല്‍
1993 സെപ്റ്റംബറില്‍ ഏഴ് വയസുള്ളപ്പോഴാണ് രാജുവിനെ കാണാതായതെന്ന് പിതാവ് തുലാറാം പറഞ്ഞു. സഹോദരിയ്‌ക്കൊപ്പം സാഹിബാബാദിലെ ദീൻ ബന്ധു പബ്ലിക് സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അവന്‍. വഴിമധ്യേ രണ്ടുപേരും തര്‍ക്കമുണ്ടായി.
പിണങ്ങി വഴിയിരിലുന്ന രാജുവിനെ ഒരു ടെമ്പോയിൽ എത്തിയ മൂന്ന് പേർ തട്ടിക്കൊണ്ടുപോവുകയായിരുന്നു. നിരവധി തവണ പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങിയെങ്കിലും ഒരു ഫലവും ഉണ്ടായിരുന്നില്ല. ഇതിനിടെ മോചനത്തിനായി 8 ലക്ഷം രൂപ ആവശ്യപ്പെട്ട് കത്ത് ലഭിച്ചുവെങ്കിലും തുക കണ്ടെത്താനാവാതെ വന്നതോട എല്ലാം വിധിയ്‌ക്ക് വിട്ടുകൊടുക്കുകയായിരുന്നുവെന്ന് ഡല്‍ഹി സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച തുലാറാം ഓര്‍ത്തെടുത്തു.
ദൈവമായി അവതരിച്ച് ഡല്‍ഹിയിലെ വ്യവസായി
ഡൽഹിയിൽ നിന്നുള്ള ഒരു സിഖ് വ്യവസായിയുടെ ഇടപെടലാണ് ഒടുവില്‍ രാജുവിന്‍റെ മോചനത്തിന് വഴിയൊരുക്കിയത്. ചെമ്മരിയാടുകളെ വാങ്ങുന്നതിനായി ജയ്‌സാൽമീറിലേക്ക് എത്തിയ ഇയാള്‍, രാജുവിനെ ഒരു മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുന്നത് കാണുകയായിരുന്നു. മനംനൊന്ത അദ്ദേഹം രാജവിനെ സഹായിക്കാൻ തീരുമാനിച്ചു. ഒടുവില്‍ തന്‍റെ ട്രക്കിൽ കയറ്റി രാജുവിന് ആയാള്‍ ഒരു പുതിയ ജീവിതത്തിലേക്ക് വഴികാട്ടുകയായിരുന്നു.
ഗാസിയാബാദ് അതിർത്തിയിൽ ഇറക്കിയ രാജുവിന്‍റെ കയ്യില്‍ "ഇയാള്‍ നോയിഡയിൽ നിന്നുള്ളയാളാണ്. 1993-ൽ തട്ടിക്കൊണ്ടുപോയതാണ്"- എന്നുള്ള ഒരു കുറിപ്പും എഴുതി നല്‍കിയിരുന്നു. ഈ കുറിപ്പുമായി ഗാസിയാബാദിലെ ഖോഡ പൊലീസ് സ്റ്റേഷനിലേക്കാണ് രാജു നടന്നെത്തിയത്. അവിടെയുള്ള ഉദ്യോഗസ്ഥർ രാജുവിനെ കേള്‍ക്കുകയും ഭക്ഷണവും താല്‍ക്കാലിക പാർപ്പിടവും ഒരുക്കി. മൂന്ന് ദിവസത്തെ തീവ്രമായ തെരച്ചിലിനൊടുവിലാണ് ഖോഡ പൊലീസ് രാജുവിന്‍റെ കുടുംബത്തെ കണ്ടെത്തുന്നത്.
ഒടുവില്‍ നവംബര്‍ 27-ന് പൊലീസ് രാജുവിനെ ബന്ധുക്കള്‍ക്ക് മുന്നിലെത്തിച്ചു. ആദ്യം മടിച്ചുനിന്നെങ്കിലും, നെഞ്ചിലെ മറുകും തലയിലുള്ള അടയാളവും വച്ച് അമ്മയും സഹോദരിമാരും രാജുവിനെ തിരിച്ചറിഞ്ഞു. ഇനി ഒരു പുതിയ ജീവിതമാണ് രാജു സ്വപ്‌നം കാണുന്നത്. എന്നിരുന്നാലും, ഒരു ദിവസം കുടുംബവുമായി വീണ്ടും ഒന്നിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
നിയമ നടപടിക്ക് പൊലീസ്
വര്‍ഷങ്ങള്‍ പഴക്കമുള്ള കേസ് വീണ്ടും തുറക്കാനൊരുങ്ങുകയാണ് പൊലീസ്. കേസില്‍ പുനരന്വേഷണമുണ്ടാവുമെന്ന് ഡിസിപി ഹിൻഡൻ നിമിഷ് പാട്ടീൽ വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. രാജുവിനെ 31 വർഷമായി തടവിൽ പാർപ്പിച്ച ജയ്‌സാൽമീർ സന്ദർശിക്കും. മുഴുവന്‍ കുറ്റക്കാരെയും നിയമത്തിന് മുന്നില്‍ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.