മുംബൈ: ജീവിതത്തില്‍ തനിച്ചായിപ്പോയതിന്‍റെ കാരണം രത്തന്‍ ടാറ്റ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. വിഫലമായി പോയൊരു നൊമ്പരപ്പെടുത്തുന്ന പ്രണയമാണ് രത്തന്‍ എന്ന വ്യവസായ ഭീമനെ ജീവിത വഴികളില്‍ തനിച്ചാക്കിയത്. ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലെത്തിയ രത്തനെ അവിടെയൊരു പ്രണയം കാത്തിരിപ്പുണ്ടായിരുന്നു. അസ്ഥിയില്‍ പിടിച്ച ആ പ്രണയം രത്തനെ അമേരിക്കയില്‍ തന്നെ പിടിച്ച് നിര്‍ത്തി. അവിടെ തന്നെ തുടരാനായിരുന്നു താത്പര്യം.
അമേരിക്കയിലെ ആ പഠന-പ്രണയകാലത്ത് താന്‍ നിരവധി ജോലികൾ ചെയ്‌തിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഹോട്ടലുകളില്‍ പാത്രം കഴുകിയടക്കമാണ് ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. ആ സമയത്ത് ഇന്ത്യയിലെ അതിസമ്പന്നമായൊരു കുടുംബത്തിലെ അംഗമാണ് താനെന്ന് ഓര്‍ക്കാറേ ഇല്ലായിരുന്നുവെന്നും രത്തന്‍ വെളിപ്പെടുത്തിട്ടുണ്ട്. തന്‍റെ ജീവിതം സംതൃപ്‌തമായി അവിടെ തന്നെ ജീവിച്ച് തീര്‍ക്കാനായിരുന്നു മോഹം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ ഇന്ത്യയ്ക്ക് രത്തനെ തിരികെ വേണമായിരുന്നു. മുത്തശിയുടെ ആരോഗ്യം മോശമായതോടെ ഇന്ത്യയിലേക്ക് തിരികെ വരാന്‍ രത്തന്‍ നിര്‍ബന്ധിതനായി. പ്രണയിനി പിന്നീട് എത്തുമെന്നായിരുന്നു തീരുമാനം. എന്നാല്‍ അത് നടന്നില്ല. അതിന് കാരണമായതാകട്ടെ 1962ലെ ഇന്ത്യ-ചൈന യുദ്ധവും. വിവാഹത്തിന് ശേഷം ഇരുവര്‍ക്കും ഇന്ത്യയില്‍ താമസിക്കാനായിരുന്നു താത്പര്യം. എന്നാല്‍ ഈ പ്രണയം വിവാഹത്തിലെത്തും മുമ്പേ കെടുത്തിക്കളഞ്ഞത് 1962 ലെ ഇന്ത്യ -ചൈന യുദ്ധമായിരുന്നു.
ഇന്ത്യ-ചൈന യുദ്ധം അമേരിക്കന്‍ മാധ്യമങ്ങളില്‍ വന്‍ തലക്കെട്ടുകള്‍ തീര്‍ത്തു. ഇന്ത്യയില്‍ വലിയ യുദ്ധം നടക്കുകയാണെന്നും അത് ഉടനൊന്നും തീരാന്‍ പോകുന്നില്ലെന്നും കരുതിയ പെണ്‍കുട്ടി ഇന്ത്യയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി. രത്തനാകട്ടെ അമേരിക്കയിലേക്ക് പോകാനും കഴിയുമായിരുന്നില്ല. അതോടെ ഇരുവരും തങ്ങളുടെ പ്രണയസ്വപ്നങ്ങള്‍ ഉപേക്ഷിച്ച് പിന്‍മാറി. ഇതോടെ രത്തന്‍റെ പ്രണയിനി മറ്റൊരാളുടേതായി മാറി. ഈ ആഘാതത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ യുവാവായിരുന്ന രത്തന് അന്ന് കഴിഞ്ഞില്ല. ആ നഷ്‌ടപ്രണയം തീരാനോവായി രത്തനൊപ്പം കൂടി. പിന്നെ അയാള്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചേയില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ കമ്പനികളുടെ തലപ്പത്ത് ഇരിക്കുമ്പോഴും ഭാര്യയും മക്കളുമില്ലാത്തതിന്‍റെ ഒറ്റപ്പെടല്‍ താന്‍ അനുഭവിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിട്ടുമുണ്ട് അദ്ദേഹം. രത്തന് പിന്നെ പ്രണയം തന്‍റെ വ്യവസായ സാമ്രാജ്യത്തോടായി. ഒരു ശരാശരി ഇന്ത്യാക്കാരന്‍റെ ജീവിതത്തില്‍ ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുമ്പോള്‍ വരെ തന്‍റെ കമ്പനികളുടെ നിത്യസാന്നിധ്യം അവശേഷിപ്പിച്ച് അദ്ദേഹം തന്‍റെ എല്ലാ പ്രണയങ്ങളും ഉപേക്ഷിച്ച് മടങ്ങിയിരിക്കുകയാണ് ഇപ്പോള്‍.
Also Read: രത്തന്‍ ടാറ്റയുടെ വിയോഗം; അനുശോചിച്ച് രാഷ്‌ട്രീയ വ്യവസായ രംഗത്തെ പ്രമുഖര്‍