പട്‌ന : അപൂർവ്വയിനം പക്ഷിയായ ഇന്ത്യൻ സ്‌കിമ്മറുകളുടെ ജോഡികളെ ബിഹാറിലെ ജാമുയ്‌യിലെ പക്ഷി സങ്കേതത്തിൽ കണ്ടെത്തി. ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) പട്ടികയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവിയാണ് ഇന്ത്യൻ സ്‌കിമ്മർ. ലോകമെമ്പാടും ആകെ 5,000 ഇന്ത്യന്‍ സ്‌കിമ്മറുകള്‍ മാത്രമാണ് ഉള്ളത്. പ്രത്യേക തരം കൊക്കുകളാണ് ഇവയുടെ പ്രത്യേകത.
കണ്ടെത്തുന്നത് 13 വർഷത്തിന് ശേഷം: വനം വകുപ്പിന്‍റെ രേഖകള്‍ പ്രകാരം ജാമുയ്‌യിലെ നാഗി-നകാതി പക്ഷി സങ്കേതത്തിൽ നാല് ഇന്ത്യൻ സ്‌കിമ്മർമാരെ അടുത്തിടെയാണ് കണ്ടെത്തിയത്. 13 വർഷത്തിന് ശേഷമാണ് ഈ ഭാഗത്ത് ഈയിനം പക്ഷിയെ കണ്ടെത്തുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ജലമലിനീകരണം മൂലം ഈ പക്ഷികൾ ഇന്ത്യ വിട്ട് ചൈനയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കുടിയേറി.
തലയില്‍ കറുത്ത തൊപ്പിയും ഓറഞ്ച് നിറത്തില്‍, നീളം കുറഞ്ഞ മേല്‍ കൊക്കും നീളമുള്ള കീഴ് കൊക്കും ഇന്ത്യന്‍ സ്‌കിമ്മറുകളുടെ പ്രത്യേകതയാണ്. ചിറകുകൾ കടല്‍ക്കാക്കയുടേതിന് സമാനമാണ്. തനതായ വേട്ടയാടൽ ശൈലിയുള്ള ഇന്ത്യന്‍ സ്‌കിമ്മറുകള്‍ ഇര പിടിക്കുമ്പോൾ ജലോപരിതലം ഉഴുതുമറിക്കും.
മത്സ്യത്തെ കാണുന്ന മാത്രയില്‍ താഴത്തെ കൊക്ക് ചലിപ്പിച്ചാണ് ഇരയെ വായിലാക്കുന്നത്. സാധാരണയായി മത്സ്യം, ചെമ്മീൻ, ലാർവ എന്നിവയാണ് ഇവയുടെ ഭക്ഷണം. ജലാശയങ്ങൾ, തണ്ണീർത്തടങ്ങൾ, ചതുപ്പുകൾ എന്നിവയ്ക്ക് സമീപമാണ് ഇന്ത്യൻ സ്‌കിമ്മറുകളെ കാണപ്പെടുക. ഭക്ഷണം തേടി വളരെ ദൂരം പറക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്.
'ഇന്ത്യൻ സ്‌കിമ്മറുകള്‍ മുൻകാലങ്ങളിൽ ഇന്ത്യയിൽ ധാരാളമായി കാണപ്പെട്ടിരുന്നുവെങ്കിലും ജലമലിനീകരണം മൂലം ചൈനയിലേക്ക് കുടിയേറി. ഇവ നദികൾക്ക് സമീപം മുട്ടയിടാറുണ്ടായിരുന്നു. പക്ഷേ ജലമലിനീകരണം കാരണം മുട്ടകൾ വികസിപ്പിക്കാൻ കഴിഞ്ഞില്ല. ഇതാണ് ഈയിനം പക്ഷികളുടെ ദേശാടനത്തിന് പ്രധാന കാരണമായതെന്ന്' ഫോറസ്റ്റർ അനീഷ് കുമാർ പറഞ്ഞു.
നാഗി-നകാതി അണക്കെട്ട്, പക്ഷികൾക്ക് അനുയോജ്യമായ വാസസ്ഥലം
ജാമുയ്‌യിലെ നാഗി-നകാതി അണക്കെട്ടിന് സമീപമുള്ള കാലാവസ്ഥ ഈ പക്ഷികളുടെ ദേശാടനത്തിന് അനുയോജ്യമാണ്. സാധാരണയായി ഒക്‌ടോബർ അവസാനം മുതൽ ഡിസംബർ അവസാനം വരെയാണ് ദേശാടന പക്ഷികൾ ഇവിടെ എത്തുന്നത്.
ജാർഖണ്ഡ് അതിർത്തിക്കടുത്തുള്ള ജാമുയി ജില്ലയിൽ സ്ഥിതി ചെയ്യുന്ന 200 ഹെക്‌ടർ തണ്ണീർത്തടമാണ് ഈ വന്യജീവി സങ്കേതം. നാഗി അണക്കെട്ടിന്‍റെ നിർമ്മാണത്തെ തുടർന്ന് രൂപംകൊണ്ട നാഗി-നകാതി ശൈത്യകാലത്ത് ദേശാടന പക്ഷികളുടെ പ്രധാന കേന്ദ്രമാണ്. 1984-ൽ ഇത് ഒരു പക്ഷി സങ്കേതമായി പ്രഖ്യാപിക്കുകയും ബേർഡ് ലൈഫ് ഇന്‍ർനാഷണൽ ഒരു പ്രധാന പക്ഷി പ്രദേശമായി (IBA) അറിയിക്കുകയും ചെയ്‌തു.
'നവംബർ മാസം മുതൽ വിനോദസഞ്ചാരികൾ ഇവിടെയെത്താൻ തുടങ്ങും. ജർമ്മനി, ശ്രീലങ്ക, തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള പക്ഷി പ്രേമികള്‍ ഇവിടെയെത്താറുണ്ട്. പക്ഷികളുടെ ജീവിതം അവയെ ശല്യപ്പെടുത്താതെ വ്യക്തമായി കാണാൻ കഴിയുന്ന സംവിധാനം ഇവിടെയുണ്ട്.'- സങ്കേതത്തിന്‍റെ നടത്തിപ്പുകാരനായ ഫോറസ്റ്റർ അനീഷ് കുമാർ ഇടിവി ഭാരതിനോട് പറഞ്ഞു.
ചൈന, സൈബീരിയ, മംഗോളിയ, അഫ്‌ഗാനിസ്ഥാൻ, കസാക്കിസ്ഥാൻ തുടങ്ങിയ വിദൂര രാജ്യങ്ങളിൽ നിന്ന് പക്ഷികൾ ഇവിടെയെത്തുന്നുണ്ട്.