ത്രിപുര: മജിസ്‌ട്രേറ്റിനെതിരെ ലൈംഗീകാതിക്രമ പരാതിയുമായി അതിജീവിത. ത്രിപുര കോടതിയിലെ ജഡ്‌ജി തന്‍റെ ചേംബറിൽ വെച്ച് തന്നെ ലൈംഗീകമായി ചൂഷണം ചെയ്‌തുവെന്നാണ് പരാതി. കമാൽപൂർ അഡീഷണൽ ജില്ല സെഷൻസ് ജഡ്‌ജിയ്ക്കാണ് യുവതി പരാതി നൽകിയത്. സംഭവത്തിൽ മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചതായി മുതിർന്ന അഭിഭാഷകൻ അറിയിച്ചു.
ധലായ് ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് ജഡ്‌ജി ഗൗതം സർക്കാരിൻ്റെ നേതൃത്വത്തിലാണ് സമിതി അന്വേഷണ നടത്തുക. നേരത്തെ ബലാത്സംഗത്തിനു ഇരയായ അതിജീവിത കേസുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തുന്നതിനായി ജഡ്‌ജിയുടെ ചേമ്പറിൽ എത്തിയപ്പോഴാണ് വീണ്ടും ലൈംഗീകാതിക്രമം നേരിട്ടത്. ഫെബ്രുവരി 16 ന് കമാൽപൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിൻ്റെ ചേംബറിലാണ് സംഭവമുണ്ടായത്.
“ഫെബ്രുവരി 16ന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിൻ്റെ മുന്നിൽ മൊഴി നൽകുന്നതിനായി ചേംബറിൽ എത്തുകയായിരുന്നു. മൊഴി രേഖപ്പെടുത്തുന്നതിനിടെ ജഡ്‌ജി ശരീരത്തിൽ ലൈംഗീക ഉദ്ദേശത്തോടെ തടവി. ഉടൻ തന്നെ ചേംബറിൽ നിന്ന് ഞാൻ പുറത്തേക്ക് ഓടുകയും സംഭവം തന്‍റെ ഭർത്താവിനെയും അഭിഭാഷകരെയും അറിയിക്കുകയുമായിരുന്നു"- യുവതി പരാതിയിൽ പറയുന്നു.
സംഭവത്തിൽ യുവതിയുടെ ഭർത്താവും പരാതി നൽകിയിട്ടുണ്ട്. അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സത്യജിത് ദാസിനൊപ്പം ജില്ലാ ആൻ്റ് സെഷൻസ് ജഡ്‌ജി ഗൗതം സർക്കാർ കമാൽപൂർ അഡീഷണൽ ജില്ലാ, സെഷൻസ് ജഡ്‌ജിയുടെ ഓഫീസിൽ എത്തി അന്വേഷണം നടത്തി. കൂടാതെ കേസിൽ കമൽപൂർ ബാർ അസോസിയേഷൻ അംഗങ്ങളുടെ അഭിപ്രായവും മൂന്നംഗ സമിതി ആരാഞ്ഞു.
അതേസമയം സംഭവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പരാതി ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ത്രിപുര ഹൈക്കോടതി രജിസ്ട്രാർ ജനറൽ വി പാണ്ഡെ അറിയിച്ചു. മാധ്യമങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നുമാണ് താൻ ഈ വിവരം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കൃത്യമായ പരാതി ലഭിച്ചാൽ തീർച്ചയായും വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.