ബെംഗളൂരു: മുൻ മന്ത്രിയും ജനതാദൾ എംഎൽഎയുമായ എച്ച് ഡി രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്‌റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടുപോകൽ കേസിൽ മുൻകൂർ ജാമ്യാപേക്ഷ പ്രാദേശിക കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് കസ്‌റ്റഡിയിലെടുത്തത്. ദേവഗൗഡയുടെ പത്മനാഭനഗറിലെ വീട്ടില്‍ നിന്നാണ് പിടികൂടിയത്.
രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നടപടി. ഇരയെന്ന് അവകാശപ്പെടുന്ന പരാതിക്കാരിയുമായി പ്രജ്വല്‍ രേവണ്ണ എംപിയുടേയും മുന്‍ മന്ത്രി എച്ച്‌ഡി രേവണ്ണയുടേയും വീടുകളില്‍ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.
ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഹസനിലെ രേവണ്ണയുടെ വീട്ടിലെത്തിയാണ് ഇന്ന് പരിശോധന നടത്തിയത്. വീട്ടിലെ കിടപ്പു മുറിയിലും അടുക്കളയിലും സ്‌റ്റോര്‍ റൂമിലുമൊക്കെ പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. 18 അംഗ അന്വേഷണ സംഘത്തില്‍ 8 ഉദ്യോഗസ്ഥരെക്കൂടിച്ചേര്‍ത്ത് കര്‍ണാടക സര്‍ക്കാര്‍ അന്വേഷണ സംഘം വിപുലീകരിച്ചിരുന്നു.
മുമ്പ് രേവണ്ണയുടെ വീട്ടില്‍ വീട്ടു ജോലിക്ക് നിന്ന സത്രീയാണ് പീഡിപ്പിച്ചതായി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രജ്വല്‍ രേവണ്ണയുടേയും എച്ച്ഡി രേവണ്ണയുടേയും പേരില്‍ കേസെടുക്കുകയായിരുന്നു.
ഹാസനിൽ നിന്നുള്ള ജെഡി(എസ്) സിറ്റിങ് എംപിയായ പ്രജ്വൽ സ്‌ത്രീയെ ലൈംഗികമായി ചൂഷണം ചെയ്‌തതായി വ്യക്തമായ നിരവധി വീഡിയോ ക്ലിപ്പുകൾ അടുത്ത ദിവസങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതിന് ശേഷമാണ് സംസ്ഥാന സർക്കാർ കേസ് അന്വേഷിക്കാൻ എസ്ഐടി രൂപീകരിച്ചത്. ഏപ്രിൽ 26 ന് വോട്ടെടുപ്പ് നടന്ന ഹാസൻ ലോക്‌സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായിരുന്നു അദ്ദേഹം.
മെയ് 2 ന് രാത്രി സമർപ്പിച്ച കേസിൽ, തൻ്റെ അമ്മയെ രേവണ്ണ തട്ടിക്കൊണ്ടുപോയതാണെന്ന് 20 കാരനായ പരാതിക്കാരൻ പറഞ്ഞത്. ആറ് വർഷം മുമ്പ് അമ്മ രേവണ്ണയുടെ ഹോളനരസിപുരയിലെ വസതിയിൽ ജോലി ചെയ്‌തിരുന്നതായും മൂന്ന് വർഷം മുമ്പ് ജോലി ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങിയതായും പരാതിയില്‍ 20 കാരൻ ചൂണ്ടിക്കാട്ടി.
അഞ്ച് ദിവസം മുമ്പ്, രേവണ്ണയുടെ വിശ്വസ്‌തനായ സതീഷ് ബാബണ്ണ വീട്ടിലെത്തി അമ്മയെ കൂട്ടി കൊണ്ടുപോകുകയായിരുന്നെന്നും എവിടേക്കാണ് കൊണ്ടുപോയതെന്ന് ഒരു സൂചനയും ലഭിച്ചില്ലെന്നും യുവാവ് പറഞ്ഞു. മെയ് 1 ന്, തൻ്റെ അമ്മയെ കയറിൽ ബന്ധിച്ച് പ്രജ്വൽ ബലാത്സംഗത്തിനിരയാക്കുന്ന വീഡിയോ പുറത്തുവന്നതായി സുഹൃത്തുക്കൾ വിളിച്ച് പറഞ്ഞതായും പരാതിക്കാരനായ യുവാവ് പറഞ്ഞു.