ബെംഗളുരു: രാമേശ്വരം കഫേ സ്ഫോടന ഗൂഢാലോചന നടന്നത് പരപ്പന അഗ്രഹാര ജയിലില്‍ വച്ചെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ വെളിപ്പെടുത്തല്‍. സംഭവത്തിലെ മറ്റൊരു പ്രതിയായ മാജ് മുനീര്‍ എന്നയാളെ അറസ്‌റ്റ് ചെയ്‌തതായും ഏജന്‍സി വ്യക്തമാക്കി. ഇയാള്‍ ശിവമോഗ സ്ഫോടനത്തിലെയും മംഗളുരു ചുവരെഴുത്ത് കേസിലും സംശയക്കപ്പെടുന്ന ആളാണ്. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയവെയാണ് ഇയാളെ എന്‍ഐഎ കസ്‌റ്റഡിയിലെടുത്തത്.
നേരത്തെ എന്‍ഐഎ അറസ്‌റ്റ് ചെയ്‌ത ചിക്കമംഗളുരുവിലെ മുസമില്‍ ഷെരീഫിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിക്ക് മുന്നില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടതായും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ മാസം അഞ്ചിന് പരപ്പന അഗ്രഹാര ജയില്‍ ഉള്‍പ്പെടെ പതിനെട്ട് ഇടങ്ങളില്‍ എന്‍ഐഎ അധികൃതര്‍ റെയ്‌ഡ് നടത്തിയിരുന്നു. ആ സമയത്ത് മുനീറിനെ എട്ട് ദിവസത്തേക്ക് തടവിലാക്കുകയും ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇയാള്‍ ആ സമയത്ത് യാതൊരു വിവരങ്ങളും നല്‍കിയില്ല. പിന്നീട് എന്‍ഐഎ മുസമില്‍ ഷെരീഫിനെ അറസ്‌റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയുമായിരുന്നു.
ശിവമോഗ ജില്ലയിലെ തീര്‍ത്ഥഹള്ളി താലൂക്കില്‍ നിന്നുള്ള എന്‍ജീനീയറിങ്ങ് ബിരുദധാരിയാണ് മുനീര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് മംഗളുരുവിലെ ചുവരെഴുത്ത് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലാകുകയും ജാമ്യം നേടുകയും ചെയ്‌തിരുന്നു. പിന്നീട് ഇയാളെ ശിവമോഗ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്‌റ്റ് ചെയ്‌തു. കഫേ സ്ഫോടന കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ സംസ്ഥാനത്തെ ഐഎസ്ഐ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎയ്ക്ക് കിട്ടിയിട്ടുണ്ടെന്നാണ് വിവരം.