ഇന്നത്തെ വേഗതയേറിയ ലോകത്ത് രാമായണം അന്തമില്ലാത്ത അറിവുകളുടെയും ധാര്‍മ്മിക മൂല്യങ്ങളുടെയും പ്രകാശഗോപുരമായി നിലകൊള്ളുന്നു. ഈ പുരാണേതിഹാസം ഭഗവാന്‍ രാമന്‍റെ ജീവിതവും ധാര്‍മ്മിക മൂല്യങ്ങളും കര്‍ത്തവ്യങ്ങളെക്കുറിച്ചുള്ള പാഠങ്ങളും ശരികളും സമര്‍പ്പണവും ഒക്കെ സംബന്ധിച്ച വിവരണമാണ്. ധാര്‍മ്മിക മൂല്യങ്ങളിലും അനുകമ്പയിലും വിശ്വാസത്തിലും മറ്റും ഊന്നിയുള്ള ഒരു ജീവിതം നയിക്കേണ്ടതിന്‍റെ മൂല്യവത്തായ കാഴ്‌ചപ്പാടുകള്‍ നല്‍കാന്‍ രാമായണ പാരായണത്തിലൂടെ സാധിക്കുന്നു.
ആധുനിക കാലത്ത് നാം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ രാമായണത്തിലെ പാഠങ്ങള്‍ നമ്മെ സഹായിക്കും. ഇത് നമ്മുടെ ആന്തരിക ശക്തി വര്‍ധിപ്പിക്കുന്നതിനൊപ്പം സഹവര്‍ത്തിത്വം ഊട്ടിയുറപ്പിക്കുകയും ജീവിതത്തിന്‍റെ ഒരു അണുവിലും ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കേണ്ടതിന്‍റെ പ്രാധാന്യവും തിന്മയ്ക്ക് മേല്‍ നന്മ കരുത്താര്‍ജ്ജിക്കേണ്ടതിന്‍റെ ആവശ്യകതയും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
രാമായണ മാസത്തിന്‍റെ ആറാം ദിവസം അയോദ്ധ്യാകാണ്ഡത്തിലെ ശ്രീരാമാഭിഷേക വിഘ്നം മുതല്‍ വിച്‌ഛിന്നാഭിഷേകം വരെയുള്ള ഭാഗമാണ് വായിക്കേണ്ടത്.
അഭിഷേക വിഘ്‌നം
രാമന്‍റെ നിശ്ചയിക്കപ്പെട്ട അഭിഷേകം കൈകേയിയുടെ ഇടപെടലിലൂടെ മുടങ്ങുന്ന ഭാഗമാണിത്. തോഴി മന്ഥരയുടെ സ്വാധീനത്താലാണ് കൈകേയി അഭിഷേകം മുടക്കുന്നത്. രാജഭക്തി, വഞ്ചന, വഴി തെറ്റിക്കുന്ന ഉപദേശങ്ങള്‍ എന്നിവയെല്ലാം ഈ ഭാഗത്ത് എടുത്ത് കാട്ടുന്നുണ്ട്.
സംഗ്രഹം
അതീവ സന്തോഷത്തോടെ തന്‍റെ പ്രിയപുത്രന്‍ രാമനെ രാജ്യത്തെ യുവരാജാവായി അഭിഷേകം ചെയ്യാന്‍ പിതാവ് ദശരഥന്‍ ഒരുങ്ങുന്നു. തന്‍റെ തോഴി മന്ഥരയുടെ വാക്ക് കേട്ട് ദശരഥന്‍റെ പ്രിയപത്നി കൈകേയി ഇതിന് തടസമുണ്ടാക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദശരഥ മഹാരാജാവ് കൈകേയിക്ക് നല്‍കിയ രണ്ട് വരങ്ങള്‍ ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് മന്ഥര അഭിഷേകം മുടക്കാന്‍ കൈകേയിയെ പ്രേരിപ്പിക്കുന്നത്. ആവശ്യം വരുമ്പോള്‍ വരങ്ങള്‍ തേടാമെന്നായിരുന്നു അന്ന് കൈകേയിയുടെ മറുപടി.
കൈകേയിയുടെ മനസില്‍ മന്ഥര ഭയത്തിന്‍റെയും അരക്ഷിതത്വത്തിന്‍റെയും വിത്തുകള്‍ പാകുന്നു. രാമന്‍ അധികാരത്തിലേറുന്നതോടെ കൈകേയിയുടെയും മകന്‍ ഭരതന്‍റെയും സ്ഥാനം കേവലം പരിചാരകരുടേതായി മാറുമെന്നും മന്ഥര കൈകേയിയെ പറഞ്ഞ് വിശ്വസിപ്പിക്കുന്നു. ഇതോടെ തന്‍റെ വരം തരാന്‍ കൈകേയി ദശരഥനോട് ആവശ്യപ്പെടുന്നു. രാമനെ പതിനാല് കൊല്ലം വനവാസത്തിനയക്കണമെന്നും ഭരതനെ രാജാവായി വാഴിക്കണമെന്നുമാണ് കൈകേയി ആവശ്യപ്പെടുന്നത്.
കൈകേയിയുടെ ആവശ്യങ്ങള്‍ ദശരഥനെ ആകെ തളര്‍ത്തുന്നു. രാമനോടുള്ള അഗാധമായ സ്‌നേഹം കൊണ്ട് ആദ്യം കൈകേയിയുടെ ആവശ്യം നിരാകരിക്കുകയാണ്. എന്നാല്‍ സത്യപരിപാലനം എന്ന നിഷ്‌ഠ അദ്ദേഹത്തെ കൊണ്ട് ഒടുവില്‍ ആ മഹാപാതകം ചെയ്യിക്കുന്നു. തന്‍റെ വാക്ക് തെറ്റിച്ചാല്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചിന്ത അദ്ദേഹത്തെ ദുഃഖിതനും നിസ്സഹായകനുമാക്കുന്നു.
കഥ നല്‍കുന്ന ഗുണപാഠങ്ങള്‍
- സുഹൃത്തുക്കളുടെ സ്വാധീനം
നാം ആരോടൊക്കെ ഇടപെടുന്നുവെന്നതും അവരൊക്കെ നമ്മെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ഈ കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മന്ഥര കൈകേയിയിലുണ്ടാക്കിയ മോശം സ്വാധീനം കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നതിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നു. നാം നമ്മുടെ ചുറ്റും ഏത് തരം മനുഷ്യരെ ബുദ്ധിപരമായി കണ്ടെത്തണം എന്നതിന്‍റെ പ്രാധാന്യത്തിലേക്കാണ് രാമായണത്തിലെ ഈ ഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
2. വാഗ്‌ദാനങ്ങളും സത്യപരിപാലനവും
വാഗ്‌ദാനങ്ങളുടെ പ്രാധാന്യവും മോശം ഫലങ്ങള്‍ ഉണ്ടാക്കുമെന്നറിഞ്ഞിട്ടും സ്വന്തം വാക്ക് പാലിക്കേണ്ടി വരുമ്പോഴുള്ള ധര്‍മ്മസങ്കടവും ഈ ഭാഗം വരച്ചുകാട്ടുന്നു. ജീവിതത്തില്‍ സത്യത്തിനും ധര്‍മ്മത്തിനും താന്‍ നല്‍കിയ വാഗ്‌ദാനത്തോടുള്ള അര്‍പ്പണബോധത്തിനും ദശരഥന്‍ എന്ന ഭരണാധികാരി നല്‍കുന്ന പ്രാധാന്യവും ഈ ഭാഗം നമുക്ക് പറഞ്ഞ് തരുന്നു.
3. കൗശലങ്ങളുടെ കരുത്ത്
കൈകേയിയെ തെറ്റിദ്ധരിപ്പിച്ച്, അവരില്‍ ഭയവും അരക്ഷിതത്വവും ഉണ്ടാക്കുന്നതിന് മന്ഥരയ്ക്കുള്ള കഴിവാണ് ഇതില്‍ നിന്ന് നാം ഉള്‍ക്കൊള്ളേണ്ട കരുതലുള്ള ഒരു പാഠം. ചതിയിലൂടെയും വഞ്ചനയിലൂടെയും മനുഷ്യമനസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള കഴിവും ഈ ഭാഗം നമ്മോട് പറഞ്ഞ് തരുന്നു.
4. വിശ്വസ്‌തതയും അര്‍പ്പണവും
തന്‍റെ വിധി ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന രാമനും തന്‍റെ തെറ്റ് തിരിച്ചറിയുന്ന കൈകേയിയും വിശ്വാസ്യതയുടെയും അര്‍പ്പണബോധത്തിന്‍റെയും ഉദാത്ത മാതൃകകളാണ് മുന്നോട്ട് വയ്ക്കുന്നത്. വ്യക്തി താത്പര്യങ്ങള്‍ക്കപ്പുറം കര്‍മ്മത്തിനും ധര്‍മ്മത്തിനും മുന്‍തൂക്കം നല്‍കേണ്ടതിന്‍റെ പ്രാധാന്യവും ഈ ഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
5. കര്‍മ്മഫലങ്ങള്‍
മന്ഥരയുടെ വാക്കുകള്‍ കേട്ട് ദീര്‍ഘവീക്ഷണമില്ലാതെ എടുത്ത് ചാടിയ കൈകേയി വലിയ ദുഃഖത്തിലേക്കും പശ്ചത്താപത്തിലേക്കുമാണ് പതിക്കുന്നത്. നമ്മുടെ തീരുമാനത്തിന്‍റെയും പ്രവൃത്തികളുടെയും വരുംവരായ്‌കകള്‍ ആലോചിച്ച് ഉറപ്പിച്ച് വേണം ഓരോ തീരുമാനങ്ങളും കൈക്കൊള്ളേണ്ടത്.
വിച്‌ഛിന്നാഭിഷേകം
രാമന്‍റെ അഭിഷേകം മുടങ്ങുന്ന ഭാഗമാണ് ആദ്ധ്യാത്മ രാമായണത്തിലെ വിച്‌ഛിന്നാഭിഷേകം എന്ന ഭാഗത്തും തുടരുന്നത്. കൈകേയിയുടെ ആവശ്യത്തിന്‍റെ പ്രത്യാഘാതങ്ങളും നിരവധി കഥാപാത്രങ്ങളുടെ പ്രതികരണവുമാണ് ഈ ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സംഗ്രഹം
ദശരഥ മഹാരാജാവ് തന്‍റെ വാക്ക് പാലിക്കണമെന്ന കൈകേയിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് അദ്ദേഹം പതിക്കുന്ന കടുത്ത വേദനയും എന്നാല്‍ സത്യപാലനം നടത്തണമെന്ന സമ്മര്‍ദവും അദ്ദേഹത്തിലുണ്ടാക്കുന്ന വികാര വിചാരങ്ങള്‍ ഈ ഭാഗത്ത് ഹൃദയാവര്‍ജ്ജകമായി വിവരിക്കുന്നു. രാമന്‍റെ വനവാസത്തെക്കുറിച്ചുള്ള വാര്‍ത്ത രാജധാനിയെ ആകെ ഞെട്ടിക്കുന്നു. ജനങ്ങള്‍ മുഴുവന്‍ സങ്കടക്കടലിലേക്ക് കൂപ്പുകുത്തുന്നു.
രാമന്‍റെ പ്രതികരണം
എപ്പോഴും കര്‍മ്മനിരതനായ രാമന്‍ പിതാവിന്‍റെ തീരുമാനത്തെ ശിരസ വഹിക്കുന്നു. തന്‍റെ പ്രിയ മാതാവ് കൗസല്യയെയും ഭാര്യ സീതയെയും ധര്‍മ്മ പരിപാലനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് ബോധ്യപ്പെടുത്തുന്നു. പിതാവിന്‍റെ വാക്കുകള്‍ പാലിക്കേണ്ടത് ഒരു മകന്‍റെ ഉത്തരവാദിത്തമാണെന്നും അവരെ അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
സീതയുടെ നിശ്ചയദാര്‍ഢ്യം
വനത്തിലേക്ക് രാമനെ അനുയാത്ര ചെയ്യണമെന്ന് സീത നിര്‍ബന്ധം പിടിക്കുന്നു. വനവാസത്തിന്‍റെ കഠിനതകള്‍ ബോധ്യപ്പെടുത്തി സീതയെ പിന്തിരിപ്പിക്കാന്‍ രാമന്‍ ശ്രമിക്കുന്നുണ്ട്. രാമനോടുള്ള അവളുടെ വിശ്വസ്‌തതയും സ്നേഹവും പക്ഷേ അവളുടെ നിശ്ചയദാര്‍ഢ്യത്തെയും സമര്‍പ്പണത്തെയും പിന്നോട്ടടിക്കുന്നില്ല.
ലക്ഷ്‌മണന്‍റെ കൂറ്
പ്രിയ സഹോദരന്‍ ലക്ഷ്‌മണനും രാമനൊപ്പം വനത്തിന് പോകാന്‍ സന്നദ്ധനാകുന്നു. രാമന്‍റെ വിധി പങ്കുവയ്ക്കണമെന്ന ഇച്‌ഛയും രാമനോടുള്ള അടങ്ങാത്ത കൂറുമാണ് ഈ തീരുമാനമെടുക്കാന്‍ ലക്ഷ്‌മണനെ പ്രേരിപ്പിക്കുന്നത്. സഹോദര സ്നേഹത്തിന്‍റെ ശക്തിയും ആത്മാര്‍പ്പണവും കുടുംബ കര്‍ത്തവ്യവും ഇതിലൂടെ എടുത്ത് കാട്ടുന്നു.
ഭരതന്‍റെ പശ്ചാത്താപം
ഈ സംഭവങ്ങളെല്ലാം നടക്കുമ്പോള്‍ രാമന്‍ അയോധ്യയിലെങ്ങുമുണ്ടായിരുന്നില്ല. കുടുംബം പ്രശ്‌നത്തില്‍ അകപ്പെട്ട് ഉഴറുമ്പോഴാണ് ഭരതന്‍റെ മടങ്ങി വരവ്. അമ്മയുെട പ്രവൃത്തി ഭരതനെ ആകെ ഉലച്ച് കളയുന്നുണ്ട്. അധികാരം ഏറ്റെടുക്കാന്‍ ഭരതന്‍ വിസമ്മതിക്കുന്നു. രാമനോടുള്ള തന്‍റെ അഗാധമായ സ്നേഹവും ആദരവും അദ്ദേഹം വെളിപ്പെടുത്തുന്നു.
ദശരഥ മഹാരാജാവിന്‍റെ ദുഃഖം
തന്‍റെ വാക്ക് തെറ്റിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ദശരഥന്‍റെ ദുഃഖം വര്‍ധിപ്പിക്കുന്നു. കുറ്റബോധവും പശ്ചാത്താപവും മൂലം അദ്ദേഹത്തിന്‍റെ ആരോഗ്യം ക്ഷയിക്കുന്നു. ക്രമേണ അദ്ദേഹം മരണത്തിന് കീഴടങ്ങുന്നു.
വനയാത്ര
രാമനും സീതയും ലക്ഷ്‌മണനും അയോധ്യ വിടുമ്പോള്‍ രാജധാനി മുഴുവന്‍ കേഴുകയാണ്. ജനങ്ങള്‍ രാമനോടുള്ള സ്‌നേഹവും ബഹുമാനവും ആദരവും മൂലം തങ്ങളുടെ ദുഃഖവും നിരാശയും എല്ലാം പലതരത്തില്‍ പ്രകടിപ്പിക്കുന്നു.
ഗുണപാഠം
- കര്‍ത്തവ്യവും നിലപാടുകളും
വനവാസത്തിന് പോകാന്‍ രാമന്‍ സന്നദ്ധനാകുന്നതോടെ തന്‍റെ കര്‍മ്മത്തിലും നിലപാടുകളിലുമുള്ള സ്ഥൈര്യമാണ് രാമന്‍ പ്രകടിപ്പിക്കുന്നത്. വ്യക്തിതാത്പര്യങ്ങളെക്കാള്‍ ധര്‍മ്മത്തിന് രാമന്‍ മുന്‍തൂക്കം കൊടുക്കുന്നു.
2. ആത്മാര്‍പ്പണവും കൂറും
കുടുംബബന്ധത്തിന്‍റെ ശക്തി വ്യക്തമായി വരച്ച് കാട്ടുകയാണ് രാമനെ വനത്തിലേക്ക് അനുഗമിക്കുന്ന സീതാ-ലക്ഷ്‌മണന്‍മാര്‍. സീതയുടെ ഉപാധികളില്ലാത്ത പിന്തുണയും കൂറും മോശം സമയത്തും പ്രിയപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കേണ്ടതിന്‍റെ ആവശ്യകതയുമാണ് ഈ ഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
3. ത്യാഗവും നിശ്ചയദാര്‍ഢ്യവും
അധികാരം ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്ന ഭരതന്‍ ത്യാഗവും നിശ്ചയദാര്‍ഢ്യവും നിസ്വാര്‍ത്ഥതയുമടക്കമുള്ള മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. രാമന്‍റെ സ്ഥാനത്തെ അദ്ദേഹം മാനിക്കുന്നു. അധികാരത്തിനപ്പുറം കുടുംബ ഐക്യത്തിനും അദ്ദേഹം പ്രാധാന്യം നല്‍കുന്നു.
4.കര്‍മ്മഫലം
നമ്മുടെ കര്‍മ്മത്തിന്‍റെയും തീരുമാനങ്ങളുടെയും ഫലമാണ് ദശരഥ മഹാരാജാവിന്‍റെ ദുരന്ത അന്ത്യം നമുക്ക് പറഞ്ഞ് തരുന്നത്. അദ്ദേഹം നല്‍കിയൊരു വാഗ്‌ദാനമാണ് ഈ ദുരന്തങ്ങള്‍ക്കൊക്കെ ഹേതുവാകുന്നത്.
5. പ്രതികൂല സാഹചര്യത്തിലും കരുത്തോടെ നില കൊള്ളല്‍
ഈ പ്രതിസന്ധിയില്‍ പ്രധാന കഥാപാത്രങ്ങള്‍ ഉത്തരവാദിത്തങ്ങള്‍ കൂട്ടായി ഏറ്റെടുത്ത് കൊണ്ട് അവ പരിഹരിക്കുന്നതിന് കരുത്ത് കാട്ടുന്നു. പ്രതികൂലസാഹചര്യങ്ങളെ ധൈര്യത്തോടെ അഭിമുഖീകരിക്കേണ്ടതിന്‍റെ പ്രാധാന്യമാണ് ഈ ഭാഗം നമുക്ക് പറഞ്ഞ് തരുന്നത്.
മനുഷ്യ പ്രകൃതിയെക്കുറിച്ചുള്ള അസംഖ്യം പാഠങ്ങളാണ് ആദ്ധ്യാത്മ രാമായണത്തിലെ അഭിഷേക വിഘ്നം നമുക്ക് നല്‍കുന്നത്. ബുദ്ധിയുള്ള ഒരു ഉപദേശകന്‍, നമ്മുടെ തെരഞ്ഞെടുപ്പുകളുടെ പ്രത്യാഘാതങ്ങള്‍ ഇവയെല്ലാം ഈ കഥ നമ്മോട് പറയുന്നു. കാലാതിവര്‍ത്തിയായ സത്യം, ധര്‍മ്മം, കൂറ് തുടങ്ങിയവയ്ക്കൊക്കെ നമ്മുടെ ജീവിതത്തുള്ള സ്വാധീനത്തെക്കുറിച്ച് ഈ ഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
രാമന്‍റെ മുടങ്ങിയ അഭിഷേകം ഉണ്ടാക്കുന്ന ധാര്‍മ്മിക-വൈകാരിക സങ്കീര്‍ണതകളെയാണ് വിച്‌ഛിന്നാഭിഷേകത്തിലൂടെ പറഞ്ഞ് വയ്ക്കുന്നത്. കര്‍മ്മം, കൂറ്, ധര്‍മ്മനിഷ്‌ഠ തുടങ്ങിയവയുടെ കാലാതിവര്‍ത്തിയായ പാഠങ്ങളും ജീവിത വെല്ലുവിളികള്‍ നേരിടാന്‍ സ്നേഹത്തിന്‍റെയും ധാര്‍മികതയുടെയും പാതയിലൂടെ ചരിക്കേണ്ടതിന്‍റെ ആവശ്യകതയും നമുക്ക് ഈ ഭാഗം പകര്‍ന്ന് തരുന്നു.
Also Read: കര്‍ക്കടകത്തില്‍ രാമായണം വായിക്കേണ്ടത് എങ്ങനെ; രാമായണ മാസാചരണത്തിന്‍റെ ആചാരാനുഷ്‌ഠാനങ്ങളറിയാം