നന്മ, കര്‍മ്മം, ഭക്തി എന്നിവയെക്കുറിച്ചുള്ള കഥകളാല്‍ സമ്പന്നമായ രാമായണത്തിന്‍റെ പ്രാധാന്യം ആധുനികകാലത്തും തുടരുകയാണ്. ധാര്‍മ്മികത, നേതൃത്വം കുടുംബത്തിന്‍റെയും ബന്ധങ്ങളുടെയും പ്രാധാന്യം എന്നിവയെക്കുറിച്ചെല്ലാം രാമായണം പകരുന്ന പാഠങ്ങള്‍ കാലാതിവര്‍ത്തിയായി നിലകൊള്ളുന്നു. ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ ധാര്‍മ്മിക മൂല്യങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിച്ച് കൊണ്ട് രാമായണം മാര്‍ഗദീപമായി നിലകൊള്ളുന്നു.
ഇരുപതാം ദിനമായ ഇന്ന് സമുദ്രലംഘനം മുതല്‍ രാവണന്‍റെ ഇച്ഛാഭംഗം വരെയുള്ള ഭാഗമാണ് പാരായണം ചെയ്യേണ്ടത്.
സമുദ്രലംഘനം
നിശ്ചയദാര്‍ഢ്യത്തിന്‍റെയും സമാനതകളില്ലാത്ത ഭക്തിയുടെയും പ്രതീകമായ ഹനുമാന്‍ സമുദ്രം കടന്ന് ലങ്കയിലെത്തി സീതയെ കണ്ടുപിടിക്കാന്‍ തയാറെടുക്കുന്നു. രാമനിലുള്ള ഭക്തിയില്‍ നിന്നാണ് ഹനുമാന്‍ ഇതിനുള്ള കരുത്ത് സംഭരിക്കുന്നത്. ഹനുമാന്‍റെ ദൗത്യം അമാനുഷികമായ ധൈര്യത്തിന്‍റെ കൂടി തെളിവാണ്. ഭക്തിയും ആത്മബലവും കൊണ്ട് എത്ര വലിയ പ്രതിസന്ധികളും മറികടക്കാനാകുമെന്ന വലിയ പാഠമാണ് ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നത്.
ഗുണപാഠം
വിശ്വാസവും നിശ്ചയദാര്‍ഢ്യവും ഒരാളെ തടസങ്ങള്‍ മറികടക്കാന്‍ സഹായിക്കും
മാര്‍ഗവിഘ്നം
ഹനുമാന്‍റെ ലങ്കായാത്രയില്‍ പല തടസങ്ങളും നേരിടേണ്ടി വരുന്നു. സര്‍പ്പങ്ങളുടെ മാതാവായ സുരസയടക്കം ഉള്ളവര്‍ ഹനുമാന്‍റെ കരുത്തും ബുദ്ധിയും പരീക്ഷിക്കാന്‍ എത്തുന്നുണ്ട്. ശരീരം വലുതാക്കിയും ചെറുതാക്കിയും സുരസയുടെ വായില്‍ കടന്ന് പുറത്ത് വരുന്ന ഹനുമാന്‍ പ്രത്യുത്പന്നമതിത്വവും വിനയവും കാട്ടിത്തരുന്നു. പാണ്ഡിത്യത്തിന്‍റെ പ്രാധാന്യവും വെല്ലുവിളികളെ നേരിടുന്നതിന് സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളാനുളള കഴിവും നമുക്ക് കാട്ടിത്തരുന്നു.
ഗുണപാഠം
പാണ്ഡിത്യവും അവസരത്തിനൊത്ത് ഉയരാനുള്ള കഴിവും ജീവിതത്തിലെ പ്രതിസന്ധികളെ മറികടക്കാന്‍ സുപ്രധാനമാണ്.
ലങ്കാലക്ഷ്‌മി മോക്ഷം
ലങ്കയെ കാത്ത് രക്ഷിക്കുന്ന ലങ്കാലക്ഷ്‌മിയെ ഹനുമാന്‍ എതിരിടുന്നു. ഹനുമാന്‍റെ ശക്തി പരീക്ഷിക്കുകയാണ് ശരിക്കും ലങ്കാലക്ഷ്‌മി. ലങ്കാലക്ഷ്‌മിയെ ഹനുമാന്‍ പരാജയപ്പെടുത്തുന്നതോടെ തന്‍റെ കഥകള്‍ അവള്‍ വെളിപ്പെടുത്തുന്നു. ഹനുമാന് ലങ്കയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുന്നു. തിന്മയ്ക്ക് മേല്‍ ധാര്‍മ്മികത നേടുന്ന വിജയമാണ് ഈഭാഗം പ്രതീകവത്ക്കരിക്കുന്നത്. ദൈവികേച്ഛ സാക്ഷാത്ക്കരിക്കപ്പെടുമെന്നും ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു.
ഗുണപാഠം
ധാര്‍മ്മികതയും സംരക്ഷണവും ദൈവിക വഴികാട്ടലിലേക്കും വിജയത്തിലേക്കും നയിക്കും.
സീതയെ കണ്ടെത്തുന്നു
ഒടുവില്‍ ഹനുമാന്‍ സീതയെ കണ്ടെത്തുന്നു. അശോകവനിയില്‍ രാക്ഷസിമാരുടെ നടുവിലാണ് സീത. ഹനുമാന്‍ അവളുടെ ദുഃഖവും രാമനോടുള്ള അചഞ്ചലമായ ഭക്തിയും ഹനുമാന്‍ കണ്ടറിയുന്നു. സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും കരുത്താണ് സീതയുടെ പ്രതീക്ഷയും അന്തസും വെളിപ്പെടുത്തുന്ന ഈ ഭാഗം നമുക്ക് പറഞ്ഞ് തരുന്നത്.
ഗുണപാഠം
സ്നേഹവും വിശ്വാസവും നമ്മെ ഏത് പ്രതിസന്ധിയും അതിജീവിക്കാനുള്ള കരുത്ത് നല്‍കുന്നു.
രാവണന്‍റെ പുറപ്പാട്
അതീവ ദുഃഖിതനായ രാവണനെയാണ് ഈ ഭാഗത്ത് നാം കാണുന്നത്. ഭഗവാന്‍ രാമനെ കാണാനും അദ്ദേഹത്തിന്‍റെ കൈകളിലൂടെ മോക്ഷം പ്രാപിക്കാനുമാണ് രാവണന്‍ ആഗ്രഹിക്കുന്നത്. തന്‍റെ വിധി നിര്‍ണയിക്കപ്പെട്ടുവെന്ന് രാവണന്‍ തിരിച്ചറിയുന്നു. തടവിലാക്കിയിരിക്കുന്ന സീതയെ കാണാനെത്തുന്ന രാവണനെ കാണുന്നതോടെ സീത ഭയചകിതയാകുന്നു. ഭയത്തിനിടയിലും സീത രാമനെ ഭജിക്കുന്നു. തന്നെ രക്ഷിക്കാന്‍ അവന്‍ എത്തുക തന്നെ ചെയ്യുമെന്ന് അവള്‍ ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നു.
ഗുണപാഠം
ഒരാളുടെ പരിമിതികള്‍ മറികടന്നാല്‍ മാത്രമേ മോക്ഷം സാധ്യമാകൂ. ഇതിനായി ഉയര്‍ന്ന തത്വങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതുമുണ്ട്. രാവണന്‍ തന്‍റെ മോക്ഷത്തിനായി രാമനെ പ്രകോപിപ്പിക്കുകയാണ്.
രാവണന്‍റെ ഇച്ഛാഭംഗം
രാമനെ അപമാനിച്ച് സംസാരിച്ച് കൊണ്ട് തന്നെ സ്വീകരിക്കാന്‍ സീതയെ രാവണന്‍ നിര്‍ബന്ധിക്കുകയാണ്. എന്നാല്‍ സീത ഇത് പുച്‌ഛിച്ച് തള്ളുന്നു. രാവണന്‍റെ പ്രലോഭനങ്ങളും ഭീഷണികളും സീത ചെവിക്കൊള്ളുന്നേയില്ല. രാമനില്‍ തന്‍റെ വിശ്വാസം ഉറപ്പിക്കുകയാണ് സീത. രാവണ പത്നി മണ്ഡോദരിയും ഭര്‍ത്താവിനെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ രാവണന്‍ തന്‍റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നു.