ജമ്മു: പാക് അധീന കശ്‌മീര്‍ ജനതയോട് ഇന്ത്യയ്‌ക്കൊപ്പം ചേരാന്‍ ആഹ്വാനം ചെയ്‌ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യ നിങ്ങളെ സ്വന്തംപോലെ ചേര്‍ത്ത് പിടിക്കുമെന്നും അദ്ദേഹം ഉറപ്പ നല്‍കി. അതേസമയം പാകിസ്ഥാന്‍ നിങ്ങളെ വിദേശികളായാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനകം തന്നെ വഷളായിരിക്കുന്ന ഇന്ത്യ -പാക് ബന്ധത്തില്‍ പുതിയൊരു വഴിത്തിരിവാകും ഈ പ്രസ്‌താവന സൃഷ്‌ടിക്കുക എന്നാണ് വിലയിരുത്തല്‍. ജമ്മുകശ്‌മീരിലെ റമ്പാന്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു രാജ്‌നാഥിന്‍റെ വാക്കുകള്‍. ബിജെപി സ്ഥാനാര്‍ഥി രാകേഷ് സിങ് ഠാക്കൂറിന് വേണ്ടി പ്രചാരണത്തിന് എത്തിയതായിരുന്നു അദ്ദേഹം.
കേന്ദ്രഭരണ മേഖലയിലെ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തെയും അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. 370ാം അനുച്ഛേദം പുനസ്ഥാപിക്കുമെന്ന അവരുടെ വാഗ്‌ദാനമാണ് അദ്ദേഹത്തെ ഏറെ ചൊടിപ്പിച്ചിരിക്കുന്നത്.
ബിജെപി ഇവിടെയുള്ളിടത്തോളം 370ാം അനുച്ഛേദം പുനസ്ഥാപിക്കുക അസാധ്യമാണ്. ഇക്കുറി തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച് ജമ്മുകശ്‌മീരിന്‍റെ വികസനം സാധ്യമാക്കാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്‌തു. പാകിസ്ഥാനൊപ്പം കഴിയാന്‍ തങ്ങളില്ലെന്നും ഇന്ത്യയിലേക്ക് പോകുകയാണെന്നും പാക് അധീന കശ്‌മീര്‍ ജനതയ്ക്ക് പറയാന്‍ അവിടെ കൂടുതല്‍ പുരോഗതിയുണ്ടാകേണ്ടിയിരിക്കുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്
അടുത്തിടെ അയല്‍ രാജ്യത്തെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പാക് അധീന കശ്‌മീര്‍ ഒരു വിദേശഭൂവിഭാഗമാണെന്ന് വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"പാകിസ്ഥാന്‍ നിങ്ങളെ വിദേശികളായാണ് പരിഗണിക്കുന്നതെന്ന് ഞാന്‍ ആ ജനവിഭാഗത്തോട് പറയുകയാണ്. ഇന്ത്യ ഒരിക്കലും നിങ്ങളെ അങ്ങനെ ഗണിക്കില്ല. ഞങ്ങളോടൊപ്പം ചേര്‍ന്നാല്‍ സ്വന്തം ആള്‍ക്കാരായി ഒപ്പം കൂട്ടും"- രാജ്‌നാഥ് സിങ് പറഞ്ഞു.
ജമ്മുകശ്‌മീരിലെ സുരക്ഷയില്‍ ഉണ്ടായ വന്‍ മാറ്റങ്ങളെ അദ്ദേഹം സ്വാഗതം ചെയ്‌തു. 2019 ഓഗസ്റ്റില്‍ 370-ാം അനുച്ഛേദം ഇല്ലാതാക്കിയതോടെയാണ് ഇത് സാധ്യമായത്. ഇപ്പോള്‍ ഇവിടുത്തെ യുവാക്കള്‍ തോക്കുകള്‍ക്ക് പകരം ലാപ്ടോപാണ് കൊണ്ടു നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഭ്യന്തരമന്ത്രി അമിത് ഷായുടെ രണ്ട് ദിവസത്തെ പ്രചാരണപരിപാടികള്‍ക്കും പ്രകടനപത്രികയുടെ പ്രകാശനത്തിനും പിന്നാലെയാണ് ബിജെപിയുടെ താരപ്രചാരകനായ പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം. ഇദ്ദേഹം പാര്‍ട്ടിയുടെ വിവിധ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി. റാലിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയും ചെയ്‌തു. റാമ്പാനില്‍ ബിജെപിയുടെ ഠാക്കൂറിനെതിരെ നാഷണല്‍ കോണ്‍ഫറന്‍സിന്‍റെ അര്‍ജുന്‍ സിങ് രാജുവാണ് മത്സരിക്കുന്നത്. സൂരജ് സിങ് പരിഹാര്‍ പാര്‍ട്ടി വിമതനായും രംഗത്തുണ്ട്.
കഴിഞ്ഞ തവണ ബിജെപിയുടെ നീലം കുമാര്‍ ലാന്‍ഗെഹാണ് ഇവിടെ നിന്ന് വിജയിച്ചത്. ഇക്കുറി പാര്‍ട്ടി അദ്ദേഹത്തിന് സീറ്റ് നിഷേധിക്കുകയായിരുന്നു. തൊട്ടടുത്തുള്ള ബനിഹാള്‍ മണ്ഡലത്തിലും സിങ് വോട്ട് തേടി എത്തും. പാര്‍ട്ടി സ്ഥാനാര്‍ഥി മൊഹദ് സലീം ഭട്ടാണ് ഇവിടെ നിന്ന് ജനവിധി തേടുന്നത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും മുന്‍മന്ത്രിയുമായ വികാര്‍ റസൂണ്‍ വാനിയാണ് ഭട്ടിന്‍റെ എതിരാളി.