ഗുജറാത്ത്: രാജ്‌കോട്ട് ഗെയിം സോണിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 28 ആയി ഉയർന്നു. രാജ്‌കോട്ടിലെ നാനാ മൗവ റോഡിലെ ടിആർപി ഗെയിം സോണിലാണ് ശനിയാഴ്‌ച (മെയ് 25) രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഇന്ന് അപകടസ്ഥലം സന്ദർശിച്ച് ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി.
മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികളടക്കം മരണപ്പെട്ട തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും (എസ്‌ഐടി) ചുമതലപ്പെടുത്തി. അപകടം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട മുഴുവൻ വകുപ്പുതല ഉദ്യോഗസ്ഥരോടും ഇന്ന് ഉച്ചകഴിഞ്ഞ് കളക്‌ടറുടെ ഓഫിസിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സാംഘ്വി പറഞ്ഞു.
ഗെയിം സോണിൻ്റെ ഉടമ ഉൾപ്പടെ അറസ്റ്റിൽ: നാനാ മാവ റോഡിൽ സ്ഥിതി ചെയ്യുന്ന ടിആർപി ഗെയിമിങ് സോണിലെ താത്‌കാലിക കെട്ടിടത്തിലാണ് വൻ അഗ്നിബാധ ഉണ്ടായത്. സംഭവം നടന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഗെയിം സോണിൻ്റെ ഉടമ ഉൾപ്പടെ അപകടത്തിന് ഉത്തരവാദികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. മറ്റ് രണ്ട് പേർക്കെതിരെയും ഉടൻ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം ടിആർപി ഗെയിമിംഗ് സോൺ, ദർബാർ ചൗക്ക്, നാനാ മൗവ എന്നിവിടങ്ങൾ ആഭ്യന്തരമന്ത്രി സന്ദർശിച്ചു. പൊലീസ് കമ്മിഷണർ രാജു ഭാർഗവ, മുനിസിപ്പൽ കോർപ്പറേഷൻ കമ്മിഷണർ ആനന്ദ് പട്ടേൽ, ഡെപ്യൂട്ടി മുനിസിപ്പൽ കമ്മിഷണർ സ്വപ്‌നിൽ ഖാരെ, ചീഫ് ഫയർ ഓഫിസർ ഇലേഷ് ഖേർ എന്നിവരിൽ നിന്ന് അദ്ദേഹം അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു.
തീവ്രമായ തീപിടുത്തമായിരുന്നു എന്നും ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ തീ എല്ലായിടത്തും വ്യാപിക്കുകയായിരുന്നു എന്നും ഹർഷ് സംഘ്വി വ്യക്തമാക്കി. ദുരന്തത്തിന് ഉത്തരവാദികളായ എല്ലാവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. അതേസമയം അപകടവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി പ്രധാനമന്ത്രി മോദി ടെലിഫോണിൽ സംസാരിച്ചിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ പ്രധാനമന്ത്രി മോദി നിർദേശം നൽകിയിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വേനൽ അവധിയായതിനാൽ മരിച്ചവരില്‍ കൂടുതല്‍ കുട്ടികളാണെന്നാണഅ വിവരം.