രാജ്കോട്ട് (ഗുജറാത്ത്) : ടിപിആർ ഗെയിമിങ് സോണിലുണ്ടായ തീപിടിത്തത്തിൽ 33 പേർ മരിച്ച സംഭവത്തിൽ രാജ്‌കോട്ട് പൊലീസ് കമ്മീഷണർ രാജു ഭാർഗവയെ സ്ഥലം മാറ്റി. അനുമതികളില്ലാതെ ഗെയിം സോൺ പ്രവർത്തിക്കാൻ അനുവദിച്ചത് ഗുരുതരവീഴ്‌ചയാണെന്ന് സർക്കാർ വ്യക്തമാക്കി. എൻഒസി ഇല്ലാതെയാണ് സെന്‍റർ പ്രവർത്തിച്ചിരുന്നതെന്നും വേണ്ടത്ര സുരക്ഷാചട്ടങ്ങൾ പാലിച്ചിരുന്നില്ലെന്നുമാണ് കണ്ടെത്തല്‍.
നിലവില്‍ അഹമ്മദാബാദിലെ സ്‌പെഷ്യൽ പൊലീസ് കമ്മീഷണറായ ബ്രിജേഷ് കുമാർ ഝായ്‌ക്കാണ് പകരം ചുമതല. കൂടാതെ, അഡീഷണൽ പൊലീസ് കമ്മീഷണർ വിധി ചൗധരി, ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സുധീർകുമാർ ദേശായി, ഐഎഎസ് ഉദ്യോഗസ്ഥനായ രാജ്കോട്ട് മുനിസിപ്പൽ കമ്മീഷണർ ആനന്ദ് പട്ടേല്‍ എന്നിവരെ സ്ഥലം മാറ്റിയതായും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
രാജ്‌കോട്ട് മുനിസിപ്പൽ കോർപറേഷനിലെ രണ്ട് പൊലീസ് ഇൻസ്പെക്‌ടർമാരും സിവിൽ സ്റ്റാഫും ഉൾപ്പടെ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഗുജറാത്ത് സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. 'ആവശ്യമായ അനുമതികളില്ലാതെ ഗെയിം സോൺ പ്രവർത്തിക്കാൻ അനുവദിച്ചതിലെ കടുത്ത അശ്രദ്ധയ്ക്ക് ഉദ്യോഗസ്ഥർ ഉത്തരവാദികളാണെന്ന് സർക്കാർ പ്രസ്‌താവനയിൽ പറഞ്ഞു. ഫയർ എൻഒസി ഇല്ലാതെയാണ് പ്രവർത്തിപ്പിച്ചതെന്നും ഗെയിം സോണിന് റോഡ്‌സ് ആൻഡ് ബിൽഡിംഗ്‌സ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ അനുമതിയാണുണ്ടായിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ശനിയാഴ്‌ച തീപിടിത്തമുണ്ടായ സ്ഥലം പരിശോധിച്ച്, ഇത്രയും ഗുരുതരമായ സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശനമായ ശിക്ഷാനടപടികള്‍ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയതിന് തൊട്ടുപിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടി.
2023 ൽ രാജ്‌കോട്ട് താലൂക്ക് പൊലീസ് സ്‌റ്റേഷന്‍റെ ചുമതലയുണ്ടായിരുന്ന ഇൻസ്‌പെക്‌ടർമാരായ വി ആർ പട്ടേൽ, രാജ്‌കോട്ട് സിറ്റി പൊലീസിന്‍റെ ലൈസൻസ് ബ്രാഞ്ചിന്‍റെ അധിക ചുമതല വഹിച്ചിരുന്ന എൻ ഐ റാത്തോഡ്, റോഡ്‌സ് ആൻഡ് ബിൽഡിംഗ്‌സ് വകുപ്പിലെ എക്‌സിക്യുട്ടീവ് എഞ്ചിനീയർമാരായ എം ആർ സുമ, പരസ് ഖോതിയ, രണ്ട് രാജ്‌കോട്ട് മുനിസിപ്പൽ കോർപറേഷൻ ജീവനക്കാർ - അസിസ്റ്റൻ്റ് എഞ്ചിനീയർ ജയ്‌ദീപ് ചൗധരി, അസിസ്റ്റൻ്റ് ടൗൺ പ്ലാനർ ഗൗതം ജോഷി - കലവാഡ് റോഡിലെ ഫയർ സ്റ്റേഷൻ്റെ ചുമതലയുള്ള രോഹിത് വിഗോറ എന്നിവരും സസ്‌പെൻഡ് ചെയ്യപ്പെട്ട ഏഴ് ഉദ്യോഗസ്ഥരിൽ ഉൾപ്പെടുന്നു.
അതേസമയം, രാജ്‌കോട്ട് തീപിടിത്ത കേസിലെ മൂന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കി, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ഗെയിമിങ് സോണിൽ എത്ര പേർ ജോലി ചെയ്യുന്നുണ്ടെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. രാജസ്ഥാൻ പൊലീസിന്‍റെ സഹായത്തോടെ പാലൻപൂർ ക്രൈംബ്രാഞ്ച്, തീപിടിത്തത്തിലെ പ്രതി ധവാൽ ഭായിയെ അബു റോഡിൽ നിന്ന് അറസ്റ്റ് ചെയ്‌തു.
ALSO READ: രാജ്‌കോട്ട് ഗെയിം സോൺ തീപിടിത്തം; 6 പേർക്കെതിരെ കേസ്, വിഷയം ഹൈക്കോടതിയില്‍