ചെന്നൈ: രാജീവ് ഗാന്ധി കൊലക്കേസില്‍ ജയില്‍മോചിതനായി ജന്മാനാടായ ശ്രീലങ്കയിലേക്ക് മടങ്ങാനിരിക്കേ ശാന്തനെ രാജീവ് ഗാന്ധി ആശുപത്രിയില്‍ മരണം കവര്‍ന്നു. രാജീവ് ഗാന്ധി കൊലക്കേസില്‍ 30 വര്‍ഷത്തെ തടവും അതിന് ശേഷം ട്രിച്ചി സെന്‍ട്രല്‍ ജയില്‍ കോംപ്ലക്‌സില്‍ രണ്ട് വര്‍ഷത്തെ ജീവിതവും പൂര്‍ത്തിയാക്കിയ ശാന്തന്‍ കാത്തിരുന്ന നാളുകള്‍ അടുക്കുമ്പോഴാണ് മരണമെത്തിയത്. 32 വര്‍ഷമായി പെറ്റമ്മയെ കാണാന്‍ കൊതിച്ച കണ്ണുകള്‍ അടഞ്ഞതാകട്ടെ താന്‍ ശിക്ഷ അനുഭവിക്കാന്‍ കാരണമായ അതേ വ്യക്തിയുടെ പേരിലുള്ള ആശുപത്രിയിലും. പിറന്ന നാട്ടിലേക്ക് തിരിക്കാന്‍ വെറും നാല് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് രാജീവ് ഗാന്ധി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിനുള്ളില്‍ ശാന്തന്‍റെ ശ്വാസം നിലച്ചത്. അമ്മയെ കാണണമെന്നുള്ള മകന്‍റെയും മകനെ കാണണമെന്നുള്ള അമ്മയുടെ സ്വപ്‌നങ്ങള്‍ മാത്രം ബാക്കിയായി.
ഇന്ന് (ഫെബ്രുവരി 28) രാവിലെ ഏഴരയോടെ ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ വച്ച് രാജീവ് ഗാന്ധി കൊലക്കേസിലെ പ്രതി ശാന്തന്‍ മരിച്ചത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇയാള്‍ ചികിത്സയിലായിരുന്നു. കേസില്‍ 30 വര്‍ഷത്തെ തടവിന് ശേഷം കുറ്റവിമുക്തനായ ശാന്തന്‍ ശ്രീലങ്കയിലേക്ക് മടങ്ങാനിരിക്കേയാണ് മരണം.
ജയില്‍ മോചിതനായതിന് ശേഷം ട്രിച്ചി സെന്‍ട്രല്‍ ജയില്‍ കോംപ്ലക്ക്ക്‌സില്‍ കഴിഞ്ഞ ശാന്തന്‍ സ്വദേശത്തേക്ക് തിരികെ മടങ്ങണമെന്നും മാതാവിനെ കാണണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും ശ്രീലങ്കയില്‍ നിന്നും അനുമതി ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് വീണ്ടും ആവശ്യം ഉന്നയിച്ച് ശാന്തന്‍ ശ്രീലങ്കന്‍ പ്രസിഡന്‍റിന് കത്തയച്ചത്.
കത്തില്‍ പറഞ്ഞത്: 'കഴിഞ്ഞ 32 വര്‍ഷമായി താന്‍ എന്‍റെ അമ്മയെ കണ്ടിട്ടില്ല. അമ്മയുടെ വാര്‍ധക്യ കാലത്ത് അവരോടൊപ്പം ജീവിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ട്. ഒരു മകനെന്ന നിലയില്‍ അമ്മയെ പരിപാലിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ട്. ശ്രീലങ്കയില്‍ തനിക്കെതിരെ യാതൊരു കേസുകളും ഇല്ല. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് തനിക്ക് ശ്രീലങ്കയിലെത്താന്‍ അനുമതി നല്‍കണമെന്നും' ശ്രീലങ്കന്‍ പ്രസിഡന്‍റിന് അയച്ച് കത്തില്‍ ശാന്തന്‍ ആവശ്യപ്പെട്ടു.
വീണ്ടും സര്‍ക്കാരിനോട് അനുമതി തേടിയതോടെയാണ് നാല് ദിവസം മുമ്പ് ശാന്തന് യാത്രാനുമതി ലഭിച്ചത്. ഓഗസ്റ്റ് വരെ കാലാവധിയുള്ള യാത്ര രേഖയും ശ്രീലങ്കന്‍ സര്‍ക്കാര്‍ ശാന്തന് അനുവദിച്ചു. കേന്ദ്ര സര്‍ക്കാര്‍ എക്‌സിറ്റ് പെര്‍മിറ്റ് കൂടി അനുവദിച്ചതോടെ ഒരാഴ്‌ചയ്‌ക്കുള്ളില്‍ മടങ്ങാനിരിക്കേയാണ് ശാരീരിക പ്രയാസങ്ങള്‍ വര്‍ധിച്ചത്. ഇതേ തുടര്‍ന്നാണ് ശാന്തനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരവേയാണ് മരണം.
കൊലക്കേസും തടവും: 1991 മെയ് 21നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ വച്ച് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ഇന്ത്യക്കാരും ശ്രീലങ്കക്കാരും അടക്കം നിരവധി പേര്‍ കേസില്‍ അറസ്റ്റിലായിരുന്നു. ശ്രീലങ്കന്‍ സ്വദേശികളായ മുരുകൻ, നളിനി, പേരറിവാളൻ, റോബർട്ട് ബയാസ്, ജയകുമാർ എന്നിവരാണ് ശാന്തന് പുറമെ അറസ്റ്റിലായ മറ്റ് പ്രതികള്‍. ഇവര്‍ 32 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചു.
വര്‍ഷങ്ങള്‍ നീണ്ട തടവിന് പിന്നാലെ പ്രതികളായ ഇവരെ ശ്രീലങ്കയിലേക്ക് വിട്ടയച്ചിരുന്നില്ല. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം തമിഴ്‌നാട് സ്വദേശികളായ നളിനിയെയും രവിചന്ദ്രനെയും ക്യാമ്പില്‍ നിന്നും വിട്ടയച്ചു. എന്നാല്‍ കേസിലെ റോബർട്ട് പയസും ജയകുമാറും ജീവന് ഭീഷണിയുള്ളതിനാൽ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നില്ലെന്ന് തീരുമാനിക്കുകയും ചെയ്‌തു. ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ലാത്തതിനാലാണ് ശാന്തന്‍ സ്വദേശത്തേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. ഏറെ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ യാത്ര തിരിക്കാനിരിക്കേയാണ് ശാന്തനെ തേടി മരണമെത്തിയത്.