ന്യൂഡല്‍ഹി : കോണ്‍ഗ്രസിനും സിപിഎമ്മിനും എതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇരുപാര്‍ട്ടികളും സ്വര്‍ണക്കടത്തുകാരുടെ സഖ്യമാണെന്ന് അദ്ദേഹം ആരോപിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എംപിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അറസ്റ്റിലായ സംഭവത്തില്‍ എക്‌സിലൂടെ പ്രതികരിക്കുകയായിരുന്നു മന്ത്രി രാജീവ് ചന്ദ്രശേഖര്‍.
'ആദ്യം മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടു. ഇപ്പോള്‍ കോണ്‍ഗ്രസ് എംപിയുടെ സഹായിയും സ്വര്‍ണക്കടത്തില്‍ കസ്റ്റഡിയിലായി. ഇന്ത്യ സഖ്യത്തിലെ കക്ഷികളായ സിപിഎമ്മും കോണ്‍ഗ്രസും സ്വര്‍ണക്കടത്തിലും സഖ്യമാണ്' -രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ കുറിച്ചു.
ബുധനാഴ്‌ച (മെയ് 29) ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വച്ചാണ് ശശി തരൂരിന്‍റെ പിഎ ശിവകുമാര്‍ പ്രസാദും മറ്റൊരാളും പിടിയിലായത്. അറസ്റ്റിലായതിന് പിന്നാലെ താന്‍ തരൂരിന്‍റെ പിഎ ആണെന്ന് ശിവകുമാര്‍ പറയുകയായിരുന്നുവെന്ന് കസ്റ്റംസ് പറഞ്ഞു. ദുബായില്‍ നിന്നെത്തിയ ഒരാളെ സ്വീകരിക്കാനാണ് ശിവകുമാര്‍ വിമാനത്താവളത്തിലെത്തിയത്. ഇയാളില്‍ നിന്നും 500 ഗ്രാം സ്വര്‍ണം വാങ്ങുന്നതിനിടെയാണ് ശിവകുമാറിനെ കസ്റ്റംസ് പിടികൂടിയത്.
ശിവകുമാറിന് വിമാനത്താവളത്തിന്‍റെ പരിസരത്തേക്ക് പ്രവേശനം അനുവദിക്കുന്ന എയറോഡ്രോം എന്‍ട്രി പെര്‍മിറ്റ് കാര്‍ഡ് ഉണ്ട്. വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്നും ഒരു പാക്കറ്റ് കൈപ്പറ്റുമ്പോഴാണ് ഇരുവരും പിടിയിലായതെന്ന് കസ്റ്റംസ് പറഞ്ഞു. 2020ല്‍ തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാഗിൽ നിന്ന് 30 കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് കേരളത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉയര്‍ന്നത്.
കേസ് എന്‍ഐഎ ഏറ്റെടുക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് പ്രതിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയും തത്‌സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്‌തിരുന്നു. തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയാണ് രാജീവ് ചന്ദ്രശേഖര്‍. കോണ്‍ഗ്രസ് നേതാവ് ശശി തരൂരാണ് അദ്ദേഹത്തിന്‍റെ എതിരാളി. തരൂരിന്‍റെ സ്ഥാനാര്‍ഥിത്തം രാജീവ് ചന്ദ്രശേഖറിന് കടുത്ത വെല്ലുവിളിയാണ് എന്നാണ് വിലയിരുത്തല്‍. ഇതാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അറസ്റ്റില്‍ രൂക്ഷമായി പ്രതികരിക്കാനുള്ള പ്രധാന കാരണമെന്നും നിരീക്ഷകര്‍ വ്യക്തമാക്കുന്നു.