ജയ്‌പൂർ: സ്‌കൂളുകളിൽ സൂര്യ നമസ്‌കാരം നിർബന്ധമാക്കുന്നതിനെതിരെ സമർപ്പിച്ച ഹർജി രാജസ്ഥാൻ ഹൈക്കോടതി തള്ളി. ഫെബ്രുവരി 15 മുതൽ സംസ്ഥാനത്തെ സ്‌കൂളുകളിൽ സൂര്യ നമസ്‌കാരം നിർബന്ധമാക്കുന്നതിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. രാജസ്ഥാൻ മുസ്‌ലിം ഫോറത്തിന്‍റെ ഹര്‍ജിയിലാണ് ജസ്റ്റിസ് മഹേന്ദ്ര ഗോയൽ തള്ളിയത്. ഇതിന് പുറമെ കാഷിഫ് സുബൈരി സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത്, കോടതി ഫെബ്രുവരി 20 ലേക്ക് മാറ്റി.
സംഘടന രജിസ്റ്റർ ചെയ്‌തിട്ടില്ലെന്ന് കോടതി ഉത്തരവിൽ പറഞ്ഞു. ഹര്‍ജി സമര്‍പ്പിച്ച സംഘടന എപ്പോൾ രജിസ്റ്റർ ചെയ്‌തുവെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. ഇതോടെ സംഘടന രജിസ്റ്റർ ചെയ്‌തിട്ടില്ലെന്ന് കോടതിയെ അറിയിച്ചു. അത്തരമൊരു സാഹചര്യത്തിൽ ഹർജി കേൾക്കാനാകില്ലെന്നും പ്രാരംഭ ഘട്ടത്തിൽ തന്നെ തള്ളുകയും ചെയ്‌തു.
സംസ്ഥാനത്തെ സ്‌കൂളുകളിൽ സൂര്യനമസ്‌കാരം നിർബന്ധമാക്കി വിദ്യാഭ്യാസ വകുപ്പ് അടുത്തിടെ ഉത്തരവിറക്കി. ഫെബ്രുവരി 15 ന് സൂര്യ സപ്‌തമി മുതലാണ് ഇത് ആരംഭിക്കുന്നത്. സൂര്യനമസ്‌കാരം യഥാർത്ഥത്തിൽ സൂര്യനെ ആരാധിക്കുന്നതിന് തുല്യമാണെന്ന് ഹർജിയിൽ പറയുന്നു.
അതേ സമയം ഇത്തരത്തിലുള്ള ആരാധന മറ്റ് മതങ്ങളില്‍ അനുവദനീയമല്ല. ഭരണഘടന പ്രകാരം ഓരോ വ്യക്തിക്കും മതസ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ സൂര്യനമസ്‌കാരം ചെയ്യാൻ എല്ലാ വിദ്യാർത്ഥികളെയും നിർബന്ധിക്കാൻ സംസ്ഥാന സർക്കാരിന് അവകാശമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
രാജസ്ഥാൻ സർക്കാരിന്‍റെ ഈ ഉത്തരവ് ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിന് എതിരാണ്. സംസ്ഥാന സർക്കാരിന് സൂര്യനമസ്‌കാരം വ്യക്തിപരമാക്കാമെന്നും എന്നാൽ ഒരു പ്രത്യേക മതത്തിൽപ്പെട്ട വിദ്യാർത്ഥികളെ ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കാൻ സംസ്ഥാന സർക്കാരിന് അവകാശമില്ലെന്നും ഹർജിയിൽ പറയുന്നു. അതിനാൽ വിദ്യാഭ്യാസ വകുപ്പിന്‍റെ ഈ ഉത്തരവ് റദ്ദാക്കണം. പ്രാഥമിക വാദം കേൾക്കുന്നതിനിടെയാണ് സിംഗിൾ ബെഞ്ച് ഹർജി തള്ളിയത്.