ജയ്‌പൂർ (രാജസ്ഥാൻ) : രാജസ്ഥാനില്‍ 23 കാരൻ വഴിയാത്രക്കാരനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ച് കൊലപ്പെടുത്തി. രാജസ്ഥാൻ പൊലീസ് ഇൻസ്‌പെക്‌ടർ പ്രശാന്ത് ശർമ്മയുടെ മകൻ ക്ഷിജിതാണ് ഈ അരുംകൊല ചെയ്‌തത്. പൊലീസായ പിതാവ് വീട്ടിലുള്ള സമയത്ത് തന്നെയാണ് ഈ കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ ക്ഷിതിജ് ശർമ്മയെ അറസ്‌റ്റ് ചെയ്‌തതായും ചോദ്യം ചെയ്‌തുവരികയാണെന്നും ഡിസിപി (വെസ്‌റ്റ്) അമിത് ബുധാനിയ പറഞ്ഞു.
രാജസ്ഥാൻ പൊലീസ് ഇൻസ്‌പെക്‌ടറായ പിതാവ് പ്രശാന്ത് ശർമ്മ വീടിനുള്ളിൽ ആയിരുന്നപ്പോഴാണ് രജനി ബിഹാർ കോളനിയിലെ പ്രതിയുടെ വീടിന് പുറത്ത് സംഭവം നടന്നതെന്ന് ഡിസിപി പറഞ്ഞു. ചൊവ്വാഴ്‌ച (മാർച്ച് 2) രാത്രി ഇൻസ്‌പെക്‌ടറുടെ വീടിന് പുറത്ത് കൂടി കടന്നുപോവുകയായിരുന്ന മോഹൻലാൽ സിന്ധി(35)യുമായി ക്ഷിതിജ് തർക്കത്തിലേർപ്പെട്ടതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
തർക്കം മൂർച്‌ഛിച്ചപ്പോൾ, വീട്ടിനുള്ളിൽ കയറി ക്ഷിതിജ് ബാറ്റ് എടുത്തുകൊണ്ടുവന്ന് മോഹൻലാൽ സിന്ധിയുടെ തലയിൽ ആവർത്തിച്ച് അടിക്കുകയും ഒടുവിൽ അത് മരണത്തിലേക്ക് നയിക്കുകയും ചെയ്‌തുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇതിനിടെ, ശബ്‌ദം കേട്ട് ക്ഷിതിജിന്‍റെ പിതാവ് വീട്ടിൽ നിന്ന് ഇറങ്ങി വന്നപ്പോൾ മോഹൻലാൽ സിന്ധി റോഡിൽ അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ, അവർ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെന്നും രക്ഷിക്കാനായില്ലെന്ന് അമിത് ബുധാനിയ പറഞ്ഞു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം) പ്രകാരം ക്ഷിതിജിനെതിരെ കേസ് രജിസ്‌റ്റർ ചെയ്യുകയും അറസ്‌റ്റ് ചെയ്യുകയും ചെയ്‌തതായും ഡിസിപി കൂട്ടിച്ചേർത്തു.
ഭാര്യയേയും മക്കളെയും വിഷം കുത്തിവച്ച് കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ : കൊല്ലത്ത് ഭാര്യയേയും രണ്ട് മക്കളെയും വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് മൂന്ന് ജീവപര്യന്തം തടവും 6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മൺറോതുരുത്ത് പെരുങ്ങാലം എറോപ്പിൽ വീട്ടിൽ അജി എന്ന എഡ്വേർഡിനെ ആണ് കൊല്ലം നാലാം അഡിഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. അഡിഷണൽ സെഷൻസ് ജഡ്‌ജി എസ് സുഭാഷ് ആണ് ശിക്ഷ വിധിച്ചത്.
2021 മേയ് 11 ന് കുണ്ടറ കേരളപുരം ഇടവട്ടത്തെ വീട്ടിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഭാര്യ വർഷ, മക്കളായ 2 വയസുകാരന്‍ അലൻ, മൂന്ന് മാസം പ്രായമുളള ആരവ് എന്നിവരെ എഡ്വേർഡ് വിഷം കുത്തിവച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് കൊലപാതകങ്ങൾക്കും മൂന്ന് ജീവപര്യന്തമാണ് കോടതി വിധിച്ചത്. ഓരോ കൊലപാതകത്തിനും 2 ലക്ഷം രൂപ വച്ച് 6 ലക്ഷം രൂപയും പിഴയായി നൽകണം. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടെ അധികം കഠിന തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.
മെഡിക്കൽ സ്‌റ്റോർ ജീവനക്കാരനായിരുന്ന എഡ്വേർഡ് അനസ്തേഷ്യയ്ക്ക് മുൻപ് മസിൽ റിലാക്സേഷന് വേണ്ടി നൽകുന്ന മരുന്ന് കുത്തിവച്ചാണ് ഭാര്യയേയും മക്കളെയും കൊന്നത്. മരുന്ന് കുത്തിവച്ചാൽ 10 മിനിറ്റിനുള്ളിൽ മരണം സംഭവിക്കും. മുറിയിൽ അബോധാവസ്ഥയിൽ അഭിനയിച്ചു കിടന്ന എഡ്വേർഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പരിശോധനയിൽ വ്യാജമാണെന്ന് തെളിഞ്ഞു. പ്രതി കുറ്റസമ്മതം നടത്തി.
ALSO READ : സംശയ രോഗം; കാമുകിയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി വനത്തിൽ തള്ളി, യുവാവ് പിടിയിൽ