ന്യൂഡൽഹി : ലോക്‌സഭയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ഞങ്ങൾ കോണ്‍ഗ്രസിനെപ്പോലെ ഷോ ഓഫിന് വേണ്ടി റീലുകൾ ഉണ്ടാക്കുകയല്ല, മറിച്ച് കഠിനാധ്വാനം ചെയ്യുകയാണ് എന്നായിരുന്നു അശ്വിനിയുടെ പരാമര്‍ശം. 2016-ൽ ഭേദഗതികൾ കൊണ്ടുവന്ന് ലോക്കോ പൈലറ്റിന്‍റെ ജോലി സാഹചര്യങ്ങൾ നരേന്ദ്ര മോദി സർക്കാർ മെച്ചപ്പെടുത്തിയെന്നും അശ്വിനി വൈഷ്‌ണവ് കൂട്ടിച്ചേര്‍ത്തു.
ലോക്കോ പൈലറ്റുമാരുടെ വിശ്രമ സമയം 2005-ൽ രൂപീകരിച്ച ചട്ട പ്രകാരമാണ് നടന്നിരുന്നത്. 2016-ൽ, ലോക്കോ പൈലറ്റുമാർക്ക് കൂടുതൽ സൗകര്യങ്ങൾ നൽകി. 558 റണ്ണിങ് റൂമുകള്‍ എയർ കണ്ടീഷൻ ചെയ്തു. 7,000-ല്‍ അധികം ലോക്കോ ക്യാബുകൾ എയർകണ്ടീഷൻ ചെയ്‌തു. ഇന്ന് റീലുകളുണ്ടാക്കി സഹാനുഭൂതി കാണിക്കുന്നവരുടെ കാലത്ത് ഇത് പൂജ്യമായിരുന്നു.'- അശ്വിനി വൈഷ്‌ണവ് പറഞ്ഞു.
കോൺഗ്രസിൻ പോസ്റ്റിനെ പരാമർശിച്ചു. ലോക്കോ പൈലറ്റുമാരുടെ ജീവിതം ദയനീയമാണെന്ന് ചൂണ്ടിക്കാട്ടുന്ന, ലോക്കോ പൈലറ്റുമാരുമായി രാഹുൽ ഗാന്ധി സംവദിക്കുന്ന വീഡിയോ ജൂലൈ 9 ന് കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. കോടിക്കണക്കിന് ഇന്ത്യക്കാരുടെ യാത്രയുടെയും ജീവിതത്തിന്‍റെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ലോക്കോ പൈലറ്റുമാർക്ക് എഞ്ചിനിനുള്ളിൽ മതിയായ സൗകര്യമോ അടിസ്ഥാന സൗകര്യങ്ങളോ ലഭിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് പോസ്‌റ്റില്‍ വിമര്‍ശിച്ചു. ഇത് പരാമര്‍ശിച്ചായിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രിയുടെ വിമര്‍ശനം.
അതേസമയം, റെയിൽവേയെ രാഷ്‌ട്രീയവത്കരിക്കരുത് എന്നും അശ്വിനി വൈഷ്‌ണവ് പ്രസംഗത്തിൽ പറഞ്ഞു. ഈ സ്ഥാപനം ഇന്ത്യയുടെ ജീവനാഡിയാണെന്നും അദ്ദേഹം ലോക്‌സഭയിൽ പറഞ്ഞു. റെയിൽവേയുടെ ഏറ്റവും വലിയ പ്രശ്‌നമായ നിക്ഷേപമില്ലായ്‌മയെ അഭിസംബോധന ചെയ്‌തതിന് ധനമന്ത്രി നിർമ്മല സീതാരാമനോട് നന്ദി പറയുന്നയായി റെയില്‍വേ മന്ത്രി പറഞ്ഞു. റെയിൽവേയ്‌ക്കുള്ള ബജറ്റിൽ റെക്കോർഡ് വിഹിതം നൽകി അവർ ഈ പ്രശ്‌നം പരിഹരിച്ചതായും അശ്വിനി വൈഷ്‌ണവ് പറഞ്ഞു.
Also Read : ശബരി പാത: 'രണ്ട് റൂട്ടുകള്‍ പരിഗണനയില്‍, അന്തിമ തീരുമാനം സാധ്യത പഠനത്തിന് ശേഷം': അശ്വിനി വൈഷ്‌ണവ്