പട്‌ന : രാഷ്‌ട്രീയ ജനതാദളിന്‍റെ ജൻ വിശ്വാസ് റാലിയിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പട്‌നയിലെത്തി.ആർജെഡിയുടെ റാലിയിൽ പങ്കെടുക്കാനായി മധ്യപ്രദേശില്‍ ഭാരത് ജോഡോ ന്യായ് യാത്ര ഒരു ദിവസത്തേക്ക് നിർത്തിവച്ചിരുന്നു. മഹാഡ്ബന്ധൻ നേതാക്കൾ പറയുന്നത് കേൾക്കാൻ പട്‌ന മുഴുവനും കാതോര്‍ത്തിരിക്കുകയാണെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു.ഭാരതീയ ജനതാ പാർട്ടി ഇവിടെ തോൽക്കുമെന്നാണ് ബിഹാർ കോൺഗ്രസ് അധ്യക്ഷൻ അഖിലേഷ് പ്രസാദ് സിങ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
"ബിജെപി ഇവിടെ തോൽക്കും. ഇന്നലെ(02-03-2024) രാത്രി മുതൽ പട്‌ന മുഴുവനും റാലിയിൽ അണിനിരന്നിട്ടുണ്ട്. റാലിയില്‍ പങ്കെടുക്കാത്ത ഒരു പഞ്ചായത്ത് പോലുമില്ല. മഹാഗഡ്ബന്ധൻ നേതാക്കളുടെ വാക്കുകൾ കേൾക്കാനും ബി.ജെ.പിയുടെ എല്ലാ സ്ഥാനാർത്ഥികളെയും തോൽപ്പിക്കാനും എല്ലാവരും ആവേശത്തിലാണ്. ബിഹാർ രാഷ്‌ട്രീയത്തിൽ നിതീഷ് കുമാറിന്‍റെ പ്രസക്തി കുറഞ്ഞു വരികയാണ്.ബിഹാർ രാഷ്‌ട്രീയത്തെ ബാധിക്കുന്ന ഒരു ഘടകമല്ല ഇപ്പോള്‍ നിതീഷ് കുമാര്‍'- അഖിലേഷ് പ്രസാദ് സിങ് പറഞ്ഞു.
റാലി വൻ വിജയമാണെന്നും അതിനാൽ ബിജെപി വലഞ്ഞിരിക്കുകയാണെന്നും മറ്റൊരു കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ അവകാശപ്പെട്ടു."ആർജെഡിയുടെ ജൻ വിശ്വാസ് റാലി വൻ വിജയമാണ്, അത് ബി.ജെ.പി.യെ തളർത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ വാക്കിന് ഒരു വിലയുമില്ലാത്ത വ്യക്തിയാണ്. കഴിഞ്ഞ 10 വർഷമായി തെറ്റായ വാഗ്‌ദാനങ്ങളാണ് പ്രധാനമന്ത്രി മോദി നല്‍കുന്നത്. ഇപ്പോൾ ആരും അവരെ വിശ്വസിക്കുന്നില്ല." ഷക്കീൽ അഹമ്മദ് ഖാൻ പറഞ്ഞു.
അതേസമയം, റാലിക്ക് മുന്നോടിയായി നിരവധി ആർജെഡി പ്രവര്‍ത്തകരാണ് ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ റാബ്രി ദേവിയുടെ വസതിയിൽ തടിച്ചുകൂടിയത്.ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവും റാലിയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.
തേജസ്വി യാദവ്, കോൺഗ്രസ് അധ്യക്ഷൻ അഖിലേഷ് യാദവ്, രാഹുൽ ഗാന്ധി എന്നിവരെല്ലാം പങ്കെടുക്കുന്ന ഒരു വലിയ റാലിയാണ് പട്‌നയില്‍ നടക്കുന്നതെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.