ന്യൂഡൽഹി: അഗ്‌നിപഥ് പദ്ധതിക്കെതിരെ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതി രാഹുൽ ഗാന്ധി. കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ സ്വഭാവത്തിലും പരിധിയിലും വിവേചനമുണ്ടെന്നും രാഹുൽ കത്തിൽ ആരോപിച്ചു.
"നമ്മുടെ കൊല്ലപ്പെട്ട അഗ്നിവീരന്മാരുടെ കുടുംബങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ സ്വഭാവത്തിലും വ്യാപ്‌തിയിലും ഉള്ള വിവേചനത്തിൽ മാറ്റം വരുത്തണം. സാധാരണ സൈനികരുമായി താരതമ്യപ്പെടുത്തുമ്പോൾ നിങ്ങളുടെ അടിയന്തര ശ്രദ്ധ ഈ കാര്യത്തിൽ ആവശ്യമാണ്," രാഹുൽ ഗാന്ധി തന്‍റെ കത്തിൽ പറഞ്ഞു.
തങ്ങൾ സർക്കാർ രൂപീകരിക്കുകയാണെങ്കിൽ ഈ പദ്ധതി റദ്ദാക്കുമെന്ന് വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രശ്‌നത്തിൽ ഇടപെടാൻ അഭ്യർഥിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‍റെ മണ്ഡലമായ നയപരമായ കാര്യങ്ങളിൽ രാഷ്‌ട്രപതി പൊതുവെ ഇടപെടുന്നില്ലെന്ന് താൻ തിരിച്ചറിയുന്നതായും രാഹുൽ പറഞ്ഞു.
"നിങ്ങൾ ഇന്ത്യയുടെ സായുധ സേനയുടെ പരമോന്നത കമാൻഡറാണ്. ഇന്ത്യയിലെ ജനങ്ങളുടെ ക്ഷേമത്തിനായി സ്വയം സമർപ്പിക്കുമെന്ന് നിങ്ങൾ പ്രതിജ്ഞയെടുത്തു. നമ്മുടെ അഗ്നിവീർ രക്തസാക്ഷികളോടുള്ള ഈ വിവേചനം നമ്മുടെ രാജ്യസുരക്ഷയ്ക്ക് അപകടമല്ലേ? ധീരമായി ജീവൻ പണയപ്പെടുത്തി സേവിക്കുന്ന നമ്മുടെ യുവാക്കളോട് ഇത് കടുത്ത അനീതിയല്ലേ?" എന്ന് രാഹുൽ ഗാന്ധി ചോദിച്ചു.
മാതൃരാജ്യത്തിനായി ഏറ്റവും ഉയർന്ന ത്യാഗം ചെയ്യുന്ന ഏതൊരു സൈനികനും ലഭിക്കുന്ന അതേ ആനുകൂല്യങ്ങൾ അവർക്കും ലഭിക്കുമെന്ന് ഉറപ്പുവരുത്തി, ജീവൻ ത്യജിച്ച അഗ്നിവീർ സൈനികർക്ക് നീതി - നീതി ചെയ്യാൻ നിങ്ങളുടെ സ്ഥാനം ഉപയോഗിക്കാൻ അഭ്യർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.